'ഇനിയൊരാണിന്‍റെ നേരെയും നിന്‍റെയീ കൈ പൊങ്ങരുത്'; ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ വ്യാപക സൈബർ ആക്രമണം

കോഴിക്കോട്: യൂട്യൂബ് വിഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ കൈയേറ്റം ചെയ്ത സംഭവത്തിന് പിന്നാലെ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്കും നേരെ വ്യാപക സൈബർ ആക്രമണം. സ്ത്രീവിരുദ്ധവും അശ്ലീലവുമായ നിരവധി കമന്‍റുകളാണ് സമൂഹമാധ്യമങ്ങളിൽ ഇത്തരക്കാർ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവരുടെ നേതൃത്വത്തിൽ യൂട്യൂബറായ വിജയ് പി. നായരെ കൈയേറ്റം ചെയ്തത്. ഫേസ്ബുക്കിൽ ലൈവ് ഇട്ടുകൊണ്ടായിരുന്നു കൈയേറ്റം. തുടർന്ന് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ വിജയ് പി. നായർക്കെതിരെയും, ഇയാളുടെ പരാതിപ്രകാരം ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തീർത്തും സ്ത്രീവിരുദ്ധവും അശ്ലീലവുമായ നിരവധി വിഡിയോകൾ ഇയാൾ യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. പൊതുരംഗത്തുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് മിക്കതും.

സ്ത്രീവിരുദ്ധതക്കെതിരെ ശക്തമായി പ്രതികരിച്ചത് അംഗീകരിക്കാമെങ്കിലും നിയമം കൈയിലെടുത്തത് തെറ്റായിപ്പോയി എന്നാണ് ഒരുവിഭാഗം ആളുകളുടെയും അഭിപ്രായം. ചെയ്തത് കുറഞ്ഞുപോയെന്നും രണ്ട് തല്ലു കൂടുതൽ കൊടുക്കമായിരുന്നെന്നും പറഞ്ഞ് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നവരുമുണ്ട്.

എന്നാൽ, കടുത്ത സ്ത്രീവിരുദ്ധതയും അധിക്ഷേപ വാക്കുകളും ഉപയോഗിച്ച് സൈബർ ആക്രമണം നടത്തുന്നവർ നിരവധിയാണ്. ഇനിയൊരാണിന്‍റെ നേരെയും നിന്‍റെയീ കൈ പൊങ്ങരുത് തുടങ്ങിയ ഡയലോഗുകളാണ് ഇത്തരക്കാർ സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്. അശ്ലീല കമന്‍റുകളും ആക്ടിവിസ്റ്റുകളുടെ വ്യക്തിജീവിതത്തെ മോശമായി ചിത്രീകരിക്കുന്ന അഭിപ്രായങ്ങളും ഉണ്ട്. കേരളത്തിൽ എന്തും നടക്കും, നോർത്ത് ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇപ്പൊ ചേച്ചിമാർ ചിരിച്ചു കൊണ്ട് ഭിത്തിയിൽ ഇരുന്നേനെ എന്നാണ് ഒരാളുടെ അഭിപ്രായം. ഭാരത സ്ത്രീ താൻ ഭാവ ശുദ്ധി നഷ്ടപ്പെടുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നവരും ഏറെയാണ്. ഇവർക്കെതിരെ ചോദിക്കാൻ ആണുങ്ങളായ പൊലീസും കോടതിയും ഒന്നും ഇല്ലേ ഇവിടെ എന്ന് തിരക്കുകയാണ് മറ്റൊരാൾ. 



 


സമൂഹമാധ്യങ്ങളിലെ ചില കമന്‍റുകൾ വായിക്കാം...

നിയമം ആർക്കും കൈയ്യിൽ എടുക്കാൻ അവകാശമില്ല... അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ആണുങ്ങൾ ആരും ഇല്ലേ. അവരെക്കൊണ്ട് ഇതിനു ഒരു തീരുമാനം ആക്കിക്കൂടായിരുന്നോ...
നല്ല സംസ്കാരം ആണലോ... കഷ്ടം. ഭാരത സ്ത്രീ താൻ ഭാവ ശുദ്ധി...
നായർ കാണിച്ചത് തെറ്റു തന്നെ പക്ഷെ ഒരു സ്ത്രീ മുഖത്തടിച്ചപ്പോൾ അവൾക്കു നേരെ കൈ പൊങ്ങണമായിരുന്നു. പുരുഷത്വം എന്താണെന്ന് കാണിച്ചു കൊടുക്കണമായിരുന്നു. അവർക്കറിയാമായിരുന്നു നിങ്ങളുടെ കൈ പൊങ്ങില്ലായെന്ന്. കാരണം സ്ത്രീയെ കൈയ്യേറ്റം ചെയ്താലുള്ള കുഴപ്പം. എന്തായാലും ആ അഞ്ചുവിരലും ആ മോന്തക്ക് പതിയണമായിരുന്നു. വേദന തിരിച്ചു അറിയിക്കണമായിരുന്നു
സ്ത്രീകളെ ആക്ഷേപിച്ചു വിഡിയോ ഇട്ടു എന്നുപറഞ്ഞു ഒരു ഡോക്ടറിന്‍റെ വീട്ടിൽ കയറി തല്ലി, കരി ഓയിൽ ഒഴിച്ചു. ഇവൾ ആരാ സംസ്ഥാന ഡി.ജി.പി ആണോ? ആരാണ് ഇവളുമാർക്കു ഇതിനൊക്കെ അധികാരം നൽകിയത്...?
ഒരു സ്ത്രീ ഇതുപോലെ പുരുഷന്മാരെ അധിക്ഷേപിക്കുന്ന വീഡിയോ ചെയ്തു. ഇതുകണ്ട് ഇതുപോലെ കുറച്ച് പുരുഷന്മാർ ആ സ്ത്രീയെ നിങ്ങൾ ചെയ്തപോലെ അക്രമിച്ചാൽ എന്തായിരിക്കും അവസ്ഥ എന്നൊന്ന് ഊഹിച്ചു നോക്ക്.. അവന്മാർ പിന്നെ പുറംലോകം കാണില്ല.. എന്നാൽ സ്ത്രീകൾക്ക് പുരുഷന്മാരെ അക്രമിക്കാം. നിയമത്തിന്‍റെ എന്ത് പരിരക്ഷ ആണുള്ളത്
എടീ കൊച്ചേ ഇതൊക്കെ ആ പുള്ളിയുടെ അടുത്തെ നടക്കു. ഇതൊന്നും വേറെ ആൺപിള്ളാരുടെ അടുത്തു പോയി പരീക്ഷിക്കാൻ നിക്കല്ലേ. ചവിട്ടി എടുത്തു ഭിത്തിയിൽ ഒട്ടിക്കും. നീയാ ആംബുലൻസ് ഡ്രൈവർന്നെ ഒന്ന് ഇതുപോലെ ഒട്ടിക്കാമോ.
നീയൊന്നും നല്ല കരുത്തുള്ള ആൺവർഗ്ഗത്തെ കണ്ടിട്ടില്ലആ പാവം മനുഷ്യനെ ഉപദ്രവിക്കാതെ നിങ്ങൾ നിയമപരമായി നേരിട്ടിരുന്നു എങ്കിൽ നിങ്ങളെ ജനങ്ങൾ അംഗീകരിച്ചേനെ. പക്ഷേ നിങ്ങൾക്ക് മിനിറ്റുകളുടെ പുഴുക്കുത്ത് ആണ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.