'മുനീറിന്റെ അഭിപ്രായം പക്വതയില്ലായ്മ, പാന്റ്ഏറ്റവും കംഫർട്ടബിളായ ആർക്കും ധരിക്കാവുന്ന വസ്ത്രം'; പി.കെ. ഫിറോസിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ വാർത്ത

മുൻ മന്ത്രിയും ലീഗ് നേതാവുമായ എം.കെ.മുനീറി​നെ വിമർശിക്കുന്ന തരത്തിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമെന്ന് ചാനൽ. ലീഗ് നേതാവായ പി.കെ.ഫിറോസിന്റെ പേരിലാണ് സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ കറങ്ങിനടക്കുന്നത്. എന്നാൽ തങ്ങൾ ഇങ്ങിനൊരു വാർത്ത നൽകിയിട്ടില്ലെന്ന് 24 ന്യൂസ് ചാനൽ അറിയിച്ചു.

ലിംഗസമത്വമെന്ന ആശയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് നേതാവ് ഡോ. എംകെ മുനീർ നടത്തിയ പ്രസ്താവനക്കെതിരെ പികെ ഫിറോസ് രംഗത്തുവന്നെന്ന തരത്തിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. 24 വെബ്‌സൈറ്റിന്റെ എഡിറ്റ് ചെയ്ത സ്ക്രീൻഷോട്ടുകൾ വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിക്കപ്പെടുന്നുണ്ട്.

'മുനീറിന്റെ അഭിപ്രായം പക്വതയില്ലായ്മ, പാന്റ് ഏറ്റവും കംഫർട്ടബിളായ ആർക്കും ധരിക്കാവുന വസ്ത്രം-പികെ ഫിറോസ്' ഇങ്ങനെയാണ് വ്യാജവാർത്തയുടെ തലക്കെട്ട്. പി.കെ. ഫിറോസും മകളും ഒരുമിച്ചുനിൽക്കുന്ന ചിത്രമാണ് ഫീച്ചേർഡ് ഇമേജിലുള്ളത്. സ്ക്രീൻഷോട്ടിലെ ഫോണ്ട് 24ന്റേതല്ല. 'ധരിക്കാവുന്ന' എന്ന വാക്കിനു പകരം 'ധരിക്കാവുന' എന്ന അക്ഷരപ്പിശകുള്ള വാക്കാണ് സ്ക്രീൻഷോട്ടിൽ ഉള്ളത്. ഇങ്ങനെ ഒരു വാർത്ത 24 നൽകിയിട്ടുമില്ലെന്നും ചാനൽ അധികൃതർ പറയുന്നു.

എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിലാണ് എം.കെ മുനീർ എം.എൽ.എ വിവാദ പ്രസംഗം നടത്തിയത്. 70 ശതമാനം പെൺകുട്ടികളുള്ള സ്‌കൂളിൽ 30 ശതമാനം വരുന്ന ആൺകുട്ടികളുടെ വസ്ത്രം എല്ലാവരുടെയും മേൽ അടിച്ചേൽപ്പിക്കുകയാണ്. ഇത് ലോകത്ത് പരീക്ഷിച്ച് പരാജയപ്പെട്ടതാണത്. താൻ പുരോഗമനവാദിയാണ്, പക്ഷെ അരാജകവാദിയല്ല. കുട്ടികളുടെ മേൽ കമ്യൂണിസ്റ്റ് ചിന്തകളെ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുനീർ പറഞ്ഞിരുന്നു.


'ലോകത്ത് ജെൻഡർ ന്യൂട്രാലിറ്റി വന്നുകഴിഞ്ഞാൽ സ്ത്രീകളെ എടാ എന്നാണ് വിളിക്കേണ്ടത്. അവിടെ ആണിന്‍റെ സ്ഥാനത്തിന് എന്തുകൊണ്ടാണ് കൂടുതൽ വില കൊടുക്കുന്നത്‍? ആൺകോയ്മ അവിടെ വീണ്ടും ഉണ്ട്. ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്‍റിടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം...?'

'സ്ത്രീക്കും പുരുഷനും ഒറ്റ ബാത് റൂമേ ഉണ്ടാകൂ സ്കൂളുകളിൽ. സ്ത്രീയുടെ സ്വകാര്യതയെ ഇവർ മറികടക്കുന്നതിന് വേണ്ടി മതമില്ലാത്ത ജീവൻ എന്ന് പറഞ്ഞ് മതനിഷേധത്തെ കടത്തിയ പോലെ ഇപ്പോൾ ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയാറായി കഴിഞ്ഞിരിക്കുന്നു...'

'നമുക്കാവശ്യം ജെൻഡർ ജസ്റ്റിസ് ആണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെയുള്ള നീതി ലഭിക്കുക എന്നുള്ളതാണ് മുസ്‍ലിം ലീഗിന്‍റെ മുദ്രാവാക്യം. ജെൻഡർ ന്യൂട്രാലിറ്റി എന്ന് പറഞ്ഞുകൊണ്ട് മതനിഷേധത്തെ മറ്റൊരു പുതിയ കുപ്പിയിലാക്കി നിങ്ങൾ സ്കൂളുകളിലേക്ക് കൊടുത്തയക്കാൻ തയാറായിട്ടുണ്ടെങ്കിൽ അതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ശക്തി എം.എസ്.എഫിനുണ്ട്...' -എന്നിങ്ങനെയായിരുന്നു മുനീറിന്‍റെ പ്രസംഗം....' -എന്നിങ്ങനെയായിരുന്നു മുനീറിന്‍റെ പ്രസംഗം.


ആരെയും അപമാനിക്കാനല്ല താൻ പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നും ലിംഗനീതിയാണ് വേണ്ടതെന്നും പിന്നീട് അദ്ദേഹം തന്റെ വിശദീകരണത്തിൽ പറഞ്ഞിരുന്നു. പിണറായി സർക്കാർ നടപ്പാക്കുന്നതിനെ ലിംഗസമത്വമെന്ന് വിളിക്കാൻ കഴിയില്ല. ജെൻഡർ ന്യൂട്രൽ എന്ന പേരിൽ പുരുഷന്റെ വസ്ത്രം സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ലിംഗപക്ഷപാതമാണെന്നും എം.കെ.മുനീർ വിശദീകരിച്ചിരുന്നു.

Tags:    
News Summary - Fake news is being spread in the name of Firoz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.