ഇന്ത്യൻ ആർമിയുടെ പേരുപറഞ്ഞ് തട്ടിപ്പു നടത്തുന്ന സംഘങ്ങൾ നാട്ടിൽ വ്യാപകമാണ്. സൈന്യത്തോട് ജനങ്ങൾക്കുള്ള ആദരവ് മുതലെടുത്താണ് തട്ടിപ്പുകാർ പാവങ്ങളെ പറ്റിക്കുന്നത്. ആർമിയുടെ പേരിൽ വാഹനങ്ങൾ വിൽപ്പനക്ക് വെച്ചും കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങിയുമുള്ള തട്ടിപ്പുകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഹോം മെയ്ഡ് കേക്ക് ഉണ്ടാക്കി വിൽപ്പന നടത്തുന്നവരെയാണ് ആർമിയുടെ പേരിൽ കബളിപ്പിക്കാൻ ശ്രമം നടന്നത്.
ആർമിയിൽ ജോലി ചെയ്യുന്ന ആൾക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാമിലൂടെ രണ്ട് കേക്കിന് ഓർഡർ ചെയ്യുകയായിരുന്നു. പിന്നീട് നടന്ന സംഭവങ്ങളിൽ സംശയം തോന്നിയതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് അക്ബർ എന്നയാളാണ് ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതിയത്.
ഇന്ത്യൻ ആർമിയുടെ പേരിൽ ഇന്നലെ (22/02/23) ഒരു തട്ടിപ്പിന് ഞാൻ ഇരയായി. എന്റെ പേര് മുഹമ്മദ് അക്ബർ, പാലക്കാട് ചെർപ്പുളശ്ശേരി. രണ്ടു ദിവസം മുൻപ് ഭാര്യയുടെ ഇൻസ്റ്റപേജിൽ ഒരു മെസേജ് വന്നിട്ടുണ്ടായിരുന്നു. കേക്കിന് വേണ്ടിയാണെന്ന് പറഞ്ഞു. അവൾ എന്റെ നമ്പർ കൊടുത്തു. കുറച്ചു കഴിഞ്ഞു അയാൾ വിളിച്ചു. ഹിന്ദിയിൽ ആണ് സംസാരം. ഡീറ്റെയിൽസ് കാര്യങ്ങൾ ഒക്കെ കൊടുത്തു കേക്കിന് ഓർഡർ ആക്കുകയും ചെയ്തു. രണ്ട് കിലോയുടെ രണ്ട് കേക്ക് വേണം. ഒന്നിൽ Indian Army എന്നും ഒന്നിൽ Rany Roy എന്നും എഴുതാൻ പറഞ്ഞു. അവരുടെ ലൊക്കേഷൻ ചോദിച്ചപ്പോൾ മഹാരാഷ്ട്ര Sainik Aramgarh ഇതിന്റെ അഡ്രസ് ആണ് തന്നത്. ഇവിടെ വന്നു വാങ്ങിക്കാം എന്നാണ് പറഞ്ഞത്.
അപ്പൊ ഞാൻ ചോദിച്ചു മഹാരാഷ്ട്രയിൽ നിന്നാണോ നിങ്ങൾ വരുന്നതെന്ന്. അല്ല പാലക്കാട് മുണ്ടൂർ ആണ് വർക്ക് ചെയ്യുന്നതെന്നും പുതുതായി ജോയിൻ ചെയ്‌തതാണെന്നും പറഞ്ഞു. അഡ്വാൻസ് പേയ്‌മെന്റ് ചോദിച്ചപ്പോൾ അവിടെ വന്നു ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ അത് വിശ്വസിച്ചു കേക്ക് ഉണ്ടാക്കി.
ആദ്യമേ ആള് ചോദിച്ചിരുന്നു കേക്ക് ഹോം മെയ്ഡ് അല്ലേ എന്ന്. കേക്ക് റെഡിയായാൽ ഫോട്ടോ അയക്കാൻ പറഞ്ഞിരുന്നു. അങ്ങനെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ ഓഫിസിൽ നിന്നും ക്യാപ്റ്റൻ വിളിക്കുമെന്നും അവർ പൈസ ഗൂഗിൾ പേ ചെയ്യുമെന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞു ഒരാൾ വിളിച്ചു ആർമി ഓഫിസിൽ നിന്നാണെന്നും കേക്ക് ഓർഡർ ആക്കിയിരുന്നില്ലേ, അതിന്റെ പേയ്‌മെന്റ് ചെയ്യാനാണെന്നും പറഞ്ഞു.
ഇനി പറഞ്ഞ കാര്യങ്ങളിലാണ് വിശ്വാസക്കുറവ് വന്നുതുടങ്ങിയത്. ആർമിയുടെ ഓഫിസിൽ നിന്നാവുമ്പോൾ നേരിട്ട് അയക്കാൻ പറ്റില്ല ഒരു QR കോഡ് തരും, അതിൽ സ്കാൻ ചെയ്ത് നമ്മൾ അങ്ങോട്ട് 1Rs അയക്കണം അപ്പൊ തിരിച്ചു 2Rs കയറും എന്ന്. ആർമിയുടെ ആ ഒരു സിസ്റ്റം നമ്മൾക്കു മനസ്സിലായില്ല. അങ്ങനെ 1Rs അയച്ചു 2Rs തിരിച്ചു വന്നു. ഇങ്ങനെ ചെയ്തപ്പോൾ നമ്മളെന്താ വിചാരിച്ചത്, ട്രാൻസാക്ഷൻ ആവുന്നുണ്ടോന്ന് ചെക്ക് ചെയ്തു നോക്കിയതാവുമെന്ന്, ഇന്ത്യൻ ആർമിയല്ലേ.
പിന്നെ അവർ പറഞ്ഞതൊന്നും നമുക്ക് ഉൾക്കൊള്ളാൻ ആയില്ല. കേക്കിന് ടോട്ടൽ വരുന്നത് 3200 രൂപയാണ്. ആ എമൗണ്ട് അങ്ങോട്ട് അയക്കാൻ പറഞ്ഞു QR കോഡ് തന്നു, അയച്ചു. പടച്ചവന്റെ കൃപയാൽ അത് ഫെയിൽ ആയി. അപ്പൊ വേറൊരു അക്കൗണ്ട് QR തന്നു അതും ഫെയിൽ ആയി. വീണ്ടും വേറെ അക്കൗണ്ടിന്‍റെ QR കോഡ് തരാം എന്ന് പറഞ്ഞു. അപ്പൊ എനിക്കെന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക് മണത്തു. ആ നേരം ഭാര്യയുടെ അക്കൗണ്ടിലെ കാഷ് ഞാൻ എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആക്കി. പിന്നെ അവരോട് പറഞ്ഞു അക്കൗണ്ടിൽ കാഷ് ഇല്ല, അത് ഇട്ട് അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു ഫോൺ ഡിസ്കണക്ട് ആക്കി.
ആ നേരം ഞാൻ എന്റെ എളാപ്പാനെ വിളിച്ചു. ആർമിയിൽ ഇങ്ങനെ ഒരു സിസ്റ്റം ഉണ്ടോന്നു അന്വേഷിച്ചു. ആള് റിട്ടയർ നേവിയാണ്. അങ്ങനെയൊന്നും ഇല്ല കാഷ് അയച്ചുകൊടുക്കണ്ട, നീ ഇങ്ങോട്ട് വായോ ഞാൻ ഒന്ന് അവരോട് സംസാരിക്കട്ടെ എന്ന് പറഞ്ഞു. അപ്പോഴേക്കും വാട്സാപ്പിൽ നിരന്തരം മെസേജ് ചെയ്തു കൊണ്ടിരുന്നു അവർ, അതിനൊന്നും റിപ്ലൈ കൊടുത്തില്ല. അങ്ങനെ ഞാൻ എളാപ്പാന്റെ അടുത്ത്പോയി കുറച്ചു കഴിഞ്ഞതും അവർ വീണ്ടും വിളിച്ചു. എളാപ്പയാണ് സംസാരിച്ചത്. അപ്പൊ ഏത് യൂണിറ്റ് ആണെന്ന് ചോദിച്ചതും ഫോൺ കട്ട് ചെയ്തു. അങ്ങനെ പവനായി ശവമായി...
പിന്നെ ഓർഡർ തന്ന ആള് മെസേജ് ചെയ്തു. എന്തായി ഗൂഗിൾ പേ ചെയ്തോന്ന്. ഇല്ല അത് ശെരിയായില്ല നിങ്ങൾ വന്നോളൂ വരുമ്പോൾ കാഷ് തന്നാൽ മതീന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്തതിന്റെ സ്ലിപ് കിട്ടിയാലേ എനിക്കിവിടുന്നു പോരാൻ കഴിയൂ, ഓൺഡ്യൂട്ടിയിൽ ആണെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു ഇയാൾ വീണ്ടും വിളിച്ചു, അപ്പൊ അയാളോടും എളാപ്പ ചോദിച്ചത് പോലെ ഏത് യൂണിറ്റിലാണ് വർക്ക് ചെയ്യുന്നതെന്ന് ചോദിച്ചതും ഫോൺ കട്ടായി.
ഇങ്ങനെ ഇന്ത്യൻ ആർമിയുടെ പേരിൽ ഒരു തട്ടിപ്പ് ഞാൻ ഇത് വരെ കേട്ടിട്ട് പോലും ഇല്ല...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.