ന്യൂഡൽഹി: ക്രിസ്മസും സാന്‍റാ ക്ലോസും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ എന്തു ബന്ധം. എന്നാൽ, ഇത്തവണ ക്രിസ്മസിന് മോദിയും സാന്‍റായും തമ്മിൽ ബന്ധമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ അഭിപ്രായം. ഇത് ചൂണ്ടിക്കാട്ടുന്ന ട്വീറ്റുകളും കോൺഗ്രസ് പങ്കുവെച്ചു.
'പ്രധാനമന്ത്രി നരേന്ദ്രമോദി: സ്വന്തം സാന്‍റ' എന്ന കുറിപ്പോടെയാണ് ഒരു ട്വീറ്റ്. സാന്‍റ സമ്മാനങ്ങൾ നൽകും. മോദി സമ്മാനങ്ങൾ സ്വയം സ്വീകരിക്കുമെന്നാണ് ട്വീറ്റിലെ ഉള്ളടക്കം. അതിനൊപ്പം സെൻട്രൽ വിസ്ത പദ്ധതിക്കായി 20,000 കോടി രൂപ മുടക്കുന്നതിന്‍റെ ചിത്ര വിവരണവും കോൺഗ്രസ് പങ്കുവെച്ചു.
കൂടാതെ പ്രധാനമന്ത്രി തന്‍റെ സുഹൃത്തുക്കൾക്ക് തുറമുഖങ്ങളും ഖനികളും വിമാനത്താവളങ്ങളും നൽകി. പണപ്പെരുപ്പം കൂട്ടി പൊതുജനങ്ങളുടെ വരുമാനം കൊള്ളയടിക്കുന്നു. സുഹൃത്തുക്കളോടുള്ള പ്രധാനമന്ത്രിയുടെ ദയ വ്യക്തമാണ്. അതിനാൽ പൊതുജനങ്ങൾ ബുദ്ധിമുട്ടുന്നു -മറ്റൊരു ട്വീറ്റിൽ പറയുന്നു.
കേൾക്കുന്ന ഒരു സർക്കാറിനെയാണ് ഈ ക്രിസ്മസിന് ഞങ്ങൾക്ക് ആവശ്യം -മറ്റൊരു ട്വീറ്റിൽ കോൺഗ്രസ് കുറിച്ചു. 'എല്ലാവരുടെയും ആഗ്രഹങ്ങൾ കേൾക്കുന്നതിന് സാന്‍റക്ക് നന്ദി, കാരണം മോദിജി അദ്ദേഹത്തിന്‍റെ മൻ കി ബാത്ത് മാത്രമാണ് കേൾക്കുന്നത്'-അതിനൊപ്പം കുറിച്ചു.
പണപ്പെരുപ്പത്തിന് പുറമെ രാജ്യത്തെ ഇന്ധനവില വർധനക്കെതിരെയും കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. പെട്രോൾ വില ലിറ്ററിന് 95 രൂപയായി ഉയർന്നതിനെതിരെയായിരുന്നു പ്രതിഷേധം. സാന്‍റായുടെ വാഹനത്തിന് 95 രൂപ നൽകി പെട്രോൾ അടിക്കേണ്ടതിന്‍റെ ആവശ്യമില്ലാത്തതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്തു ട്വീറ്റിൽ. സർക്കാറിന്‍റെ കൈവശം യാതൊന്നിന്‍റെയും രേഖകൾ ഇല്ലാത്തതിനെയും കോൺഗ്രസ് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.