ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് കാമ്പയിൻ. 'വിലക്കയറ്റത്തിനെതിരെ ശബ്ദമുയർത്തൂ (സ്പീക്ക് അപ് എഗെയ്ൻസ്റ്റ് പ്രൈസ് റൈസ്)' എന്ന ഹാഷ്ടാഗോടെയാണ് കാമ്പയിൻ.
രാജ്യത്ത് പെട്രോൾ, ഡീസൽ, പാചക വാതകം, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ വില കുതിച്ചുയരുന്നതിനെതിരെയാണ് പ്രതിഷേധം. പ്രതിഷേധത്തിന് പിന്തുണയുമായി നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സചിൻ പൈലറ്റ്, ശശി തരൂർ തുടങ്ങിയവർ രംഗത്തെത്തി. ഇന്ധനവില വർധന സർക്കാർ വരുമാന മാർഗമായാണ് കാണുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
'വിലക്കയറ്റം ഒരു ശാപമാണ്. കേന്ദ്രം നികുതി ലഭിക്കുന്നതിനുവേണ്ടി മാത്രം ജനങ്ങളെ വിലക്കയറ്റത്തിന്‍റെ ചതുപ്പിലേക്ക് തള്ളിയിടുന്നു. രാജ്യത്തിന്‍റെ നാശത്തിനിനെതിരെ നിങ്ങളും ശബ്ദമുയർത്തൂ' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കേന്ദ്രം ഈടാക്കുന്ന അമിത നികുതി ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. വിലക്കയറ്റത്തിനെതിരായ കോൺഗ്രസിന്‍റെ പ്രചാരണ കാമ്പയിൻ വിഡിയോയും അേദ്ദഹം ട്വീറ്റിൽ പങ്കുവെച്ചു.
വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സമൂഹ മാധ്യമ കാമ്പയിൻ ആരംഭിച്ചത്. സ്പീക്ക് അപ് എഗെയ്ൻസ്റ്റ് പ്രൈസ് റൈസ് ഹാഷ്ടാഗ് വഴി വിലക്കയറ്റം സംബന്ധിച്ച ആശങ്കകൾ വിഡിയോയിലൂടെ ലൈവിലൂടെയോ പങ്കുവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജനങ്ങളുടെ വിഡിയോ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവെക്കും.
സാധാരണക്കാരുടെ പ്രശ്നങ്ങളെ അവഗണിച്ച് വിലക്കയറ്റത്തിനെതിരെ കേന്ദ്രം ന്യായങ്ങൾ നിരത്തുന്നതിന് എതിരെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതിഷേധം. 'പണപ്പെരുപ്പം ഉയരുന്നതിന് കേന്ദ്രം പല ന്യായങ്ങളാണ് നിരത്തുന്നത്. ശൈത്യകാലം, മുൻ സർക്കാറുകളുടെ നയങ്ങൾ, ജനങ്ങൾ അധികം സഞ്ചരിക്കാത്തതിനാൽ ടിക്കറ്റ് ചാർജ് കൂടുന്നു തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. പെട്രോൾ -ഡീസൽ വില ഉയർത്തുന്നതിന് യാതൊരു വിധ നിയന്ത്രണങ്ങളും രാജ്യത്ത് ഇന്ന് ഇല്ലാതായിരിക്കുന്നു. സാധാരണക്കാരന്‍റെ പ്രശ്നങ്ങളെ ഒതുക്കി നിർത്തി പകരം ന്യായങ്ങൾ നിരത്തുകയാണ് കേന്ദ്രം' -പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യത്ത് പെട്രോൾ -ഡീസൽ, പാചകവാതക വില ദിനംപ്രതി കുതിച്ചുയരുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ െപട്രോൾ വില നൂറ് കടന്നു. ഇതിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.Congress campaign against price rise
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.