സംസ്ഥാനമാകെ തരംഗമായി ന്യൂ ജെൻ സ്കൂൾ പോസ്റ്ററുകൾ. അടുത്ത അധ്യയനവർഷത്തേക്ക് കുട്ടികളെ ക്യാൻവാസ് ചെയ്യാനുള്ള സ്‌കൂളുകളുടെ പരസ്യ പോസ്‌റ്ററുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ട്രോളുകളുടെ രൂപത്തിലാണ് പോസ്റ്ററുകൾ പ്രചരിക്കുന്നത്. സിനിമ സംഭാഷണങ്ങൾ ഉൾപ്പെടുത്തിയുള്ള വ്യത്യസ്‌ത പ്രവേശന പോസ്‌റ്ററുകളാണ് വൈറലായത്.
പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അത് തന്റെ വാളിലൂടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‘ഇതിപ്പോ ടീച്ചർമാർ ഇങ്ങനെ തുടങ്ങിയാൽ പരസ്യ കമ്പനിക്കാർ എന്ത് ചെയ്യും...!ശ്രീപ്രിയ ടീച്ചർക്കും മുതിരപ്പുഴ ഗവൺമെന്റ്
എൽ പി സ്‌കൂളിനും അഭിനന്ദനങ്ങൾ ?? (ഇംഗ്ലീഷ് ഭാഷാ മികവിന് ഇംഗ്ലീഷ് മീഡിയം മറ്റേതെങ്കിലും മീഡിയം എന്ന വ്യത്യാസമില്ല)’- എന്നായിരുന്നു മന്ത്രിയുടെ പോസ്‌റ്റ്.
അടിമാലി ഉപജില്ലയിലെ മുതിരപ്പുഴ ഗവ. എൽപി സ്‌കൂളിലെ അഡ്‌മിഷൻ പോസ്‌റ്ററാണ് സോഷ്യൽ മീഡിയ ആദ്യം ഏറ്റെടുത്തത്. ഇതിന് പിന്നാലെ മിക്ക സ്‌കൂളുകളും ട്രോൾ പോസ്‌റ്ററുകളുമായി രംഗത്തുവന്നു. ഒരു വടക്കൻ വീരഗാഥയിലെ 'ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ' എന്ന മമ്മൂട്ടി ഡയലോഗുമായെത്തിയ ഒളവണ്ണ എഎൽപി സ്‌കൂളിന്റെ അഡ്‌മിഷൻ പോസ്റ്ററും ഇതിനകം വൈറലായി.
അൺ എയ്‌ഡഡ് സ്‌കൂളുകളുടെ പരസ്യ പ്രചരണങ്ങൾക്ക് മുമ്പിൽ പിടിച്ച് നിൽക്കാൻ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നൂതന മാർഗങ്ങളാണ് മറ്റ് സ്‌കൂളുകൾ സ്വീകരിക്കുന്നത്. നവമാധ്യമങ്ങളിലൂടെയുള്ള സ്‌കൂളുകളുടെ പോസ്‌റ്ററുകൾ കൗതുകത്തോടെയാണ് രക്ഷിതാക്കളും വിദ്യാർഥികളും നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.