ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്ത്യൻ പെൺകുട്ടി യാചകയായി നേപ്പാളിൽ; വിഡിയോ പങ്കുവെച്ച് അനുപം ഖേർ, ഒപ്പം ഒരു വാഗ്ദാനവും

മൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ബോളിവുഡ് താരമാണ് അനുപം ഖേർ. ഈയിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോക്ക് പിന്നാലെ നിരവധി പേരാണ് അനുപം ഖേറിനെ അഭിനന്ദിച്ചത്. നേപ്പാൾ യാത്രക്കിടെ കാഠ്മണ്ഡുവിൽ കണ്ടുമുട്ടിയ യാചകപ്പെൺകുട്ടിയുമായുള്ള സംഭാഷണമായിരുന്നു വിഡിയോയിൽ. ഇന്ത്യയിൽ നിന്നെത്തിയ പെൺകുട്ടിയാകട്ടെ, മണിമണിപോലെ ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഇതോടെ വിഡിയോ വൈറലാവുകയായിരുന്നു.

ആരതി എന്നായിരുന്നു പെൺകുട്ടിയുടെ പേര്. കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിന് മുന്നിൽവെച്ചാണ് ആരതിയെ കണ്ടത്. അനുപം ഖേറിനോട് പൈസക്ക് ആവശ്യപ്പെട്ട പെൺകുട്ടി ഒപ്പം ഫോട്ടോയെടുക്കാനും ആഗ്രഹം പ്രകടിപ്പിച്ചു. ഇംഗ്ലീഷിലുള്ള സംസാരം കേട്ടതോടെയാണ് പെൺകുട്ടിയെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞതെന്ന് അനുപം ഖേർ പറയുന്നു.

താൻ രാജസ്ഥാൻ സ്വദേശിയാണെന്നാണ് ഇംഗ്ലീഷിൽ പെൺകുട്ടി അനുപം ഖേറിനോട് പറയുന്നത്. താൻ സ്കൂളിൽ പോകുന്നില്ലെന്നും പിച്ചയെടുത്താണ് ജീവിക്കുന്നതെന്നും പെൺകുട്ടി പറയുന്നു. എങ്ങനെയാണ് ഇംഗ്ലീഷ് പഠിച്ചതെന്ന് ഖേർ ചോദിക്കുന്നു. പിച്ച യാചിക്കാൻ വേണ്ടിയാണ് കുറച്ചുകുറച്ചായി ഇംഗ്ലീഷ് പഠിച്ചതെന്നും അങ്ങനെ നന്നായി സംസാരിക്കാൻ പഠിച്ചെന്നും കുട്ടി പറയുന്നു.

എന്തിനാണ് പിച്ച യാചിക്കുന്നതെന്ന് ചോദിച്ചപ്പോൾ, തന്‍റേത് വളരെ പാവപ്പെട്ട കുടുംബമാണെന്നും തനിക്ക് പഠിക്കാൻ പോകാൻ സാധിക്കുന്നില്ലെന്നുമാണ് മറുപടി. നല്ല ഇംഗ്ലീഷിൽ സംസാരിക്കുന്നുണ്ടല്ലോ, ആരെങ്കിലും ജോലി തരില്ലേയെന്ന് അനുപം ഖേർ ചോദിക്കുന്നു. തനിക്ക് ആരും ജോലി തരുന്നില്ലെന്നും ഇന്ത്യയിലും ഇതേ സാഹചര്യമായതിനാലാണ് നേപ്പാളിലെത്തിയതെന്നും, ഇവിടെ കുറച്ചുകൂടി നല്ലതാണെന്നും കുട്ടി പറയുന്നു.

താൻ ഒരു സ്കൂളിലും പോയിട്ടില്ല. സ്കൂളിൽ പോകാൻ ഏറെ ആഗ്രഹമുണ്ട്. തന്നെ സ്കൂളിൽ അയക്കാൻ സഹായിക്കുമോയെന്ന് കുട്ടി അനുപം ഖേറിനോട് ചോദിക്കുന്നു. 'എനിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞാൽ എന്‍റെ ജീവിതം തന്നെ മാറും. സ്കൂളിൽ പോകാൻ സഹായിക്കാമോയെന്ന് എല്ലാവരോടും ഞാൻ ചോദിക്കാറുണ്ട്. ആരും സഹായിക്കുന്നില്ല' -കുട്ടി പറയുന്നു.

ഇതിന് പിന്നാലെ അനുപം ഖേർ പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചുവാങ്ങുന്നു. സ്കൂളിൽ പഠിക്കാൻ താൻ സഹായിക്കുമെന്നും അനുപം ഖേർ വാക്കു നൽകുന്നു. തന്‍റെ ഫൗണ്ടേഷൻ പഠനത്തിന് സഹായിക്കുമെന്നും താരം വാക്കുനൽകുന്നു. 



Tags:    
News Summary - anupam kher meets beggar in nepal who speaks fluent english

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.