വിവാഹ സൽക്കാരത്തിനിടെ പന്തലിന് തീപിടിച്ചാൽ എന്തായിരിക്കും അതിഥികളുടെ അവസ്ഥ? ഒന്നുകിൽ പോയി തീയണക്കാൻ ശ്രമിക്കും, അല്ലെങ്കിൽ തീപടരുന്നതിന് മുന്നെ സ്ഥലത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കും. എന്നാൽ, മഹാരാഷ്ട്രയിലെ താണെയിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ പലരിലും കൗതുകമുണർത്തുകയാണ്.
പിന്നിൽ വിവാഹ പന്തൽ കത്തിയമരുേമ്പാഴും രണ്ടുപേർ ഇതൊന്നും ഗൗനിക്കാതെ മുന്നിലുള്ള ഭക്ഷണം അകത്താക്കുകയാണ്. താണെയിലെ ഭിവണ്ടിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം.
വിവാഹ പന്തൽ ഉയരത്തിൽ കത്തുന്നത് ഭക്ഷണഹാളിൽനിന്ന് കാണാം. അവിടെയുണ്ടായിരുന്ന ജീവനക്കാർ സംഭവം അന്വേഷിക്കുകയും അങ്ങോട്ട് പോകുന്നതും വൈറൽ വിഡിയോയിൽ ദൃശ്യമാണ്.
എന്നാൽ, ഇതിലൊന്നും യാതൊരു ആശങ്കയും കാണിക്കാതെ രണ്ടുപേർ തങ്ങളുടെ മുന്നിൽ വിളമ്പിയ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ്. ഒരാൾ ഇടക്ക് എണീറ്റ് പിന്നിലേക്ക് നോക്കുന്നുണ്ടെങ്കിലും വീണ്ടും ഭക്ഷണം കഴിക്കൽ തുടർന്നു. മറ്റു ടാബിളുകളിൽ മിക്കതും കാലിയാണ്.
അൻസാരി വിവാഹ മണ്ഡപത്തിൽ പടക്കം പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആറ് ഇരുചക്രവാഹനങ്ങളും കസേരകളും അലങ്കാരവസ്തുക്കളും കത്തിനശിച്ചു. താണെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചതനുസരിച്ച് തീ അണയ്ക്കാൻ നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. ഭാഗ്യവശാൽ സംഭവത്തിൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.