ഈ വേനൽക്കാലത്ത് തണുത്തവെള്ളം കുടിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ സ്വന്തം ഓഫീസിലുള്ള കൂളറിൽ നിന്ന് പണം നൽകി വെള്ളം കുടിക്കുന്ന അവസ്ഥ ആലോചിച്ച് നോക്കൂ, വളരെ വിചിത്രമായി തോന്നുന്നുണ്ടല്ലേ.
എന്നാൽ ഇത്തരത്തിൽ വിചിത്രമായ ഒരു നിയമവുമായി എത്തിയിരിക്കുകയാണ് യു.എസിലെ ഒരു കമ്പനി. കമ്പനിയിലെ ജീവനക്കാരന്‍ റെഡിറ്റിലൂടെ വാട്ടർ കൂളറിന്‍റെയും അതിന്‍റെ പുറത്ത് സ്ഥാപിച്ച നോട്ടീസിന്‍റെയും ചിത്രം പങ്കുവെച്ചതോടെയാണ് ഈ വിഷയത്തെക്കുറിച്ച് പുറംലോകമറിയുന്നത്.
നോട്ടീസിൽ ഇപ്രകാരമാണ് പറയുന്നത്.
"ഹലോ വാട്ടർ ഡ്രിങ്കർ. നിങ്ങൾക്ക് ഈ സ്വാദിഷ്ടമായ പോളണ്ട് സ്പ്രിങ് വാട്ടർ കുടിക്കണമെങ്കിൽ സാന്ദ്രയെയോ മിഷേലിനെയോ കാണുക. ഈ തണുത്ത വെള്ളം നിങ്ങൾക്ക് സൗജന്യമായല്ല നൽകുന്നത്. പ്രതിമാസം അഞ്ച് ഡോളർ നിരക്കിൽ നിങ്ങൾക്ക് പരിധികളില്ലാതെ ഈ വെള്ളം കുടിക്കാവുന്നതാണ്"
കുടിവെള്ളത്തിന് വരെ പണം നൽകേണ്ടി വരുന്ന കമ്പനി റൂളുകളെ നെറ്റിസൺസ് നിശിതമായി വിമർശിക്കുകയും ഇതിനെതിരെ രംഗത്ത് വരണമെന്ന് പ്രതികരിക്കുകയും ചെയ്തു.
റെഡിറ്റിൽ ഈ പോസ്റ്റ് ഇതിനകം തന്നെ 73,000 ലധികം അപ് വോട്ടുകൾ നേടുകയും ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മറ്റ് സമൂഹമാധ്യമങ്ങളിലേക്ക് പങ്കുവെക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യു.എസിലെയും യു.കെയിലെയും തൊഴിൽ നിയമമനുസരിച്ച് കമ്പനിയിലെ ജീവനക്കാർക്ക് കുടിവെള്ളം സൗജന്യമായി നൽകാന്‍ വ്യവസ്ഥയുണ്ടെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.