കാലിഫോർണിയ: തിരക്കില്ലാത്തൊരു റോഡിലൂടെ വളരെ സമാധാനമായി കാറോടിച്ച് പോകുന്നത് ഒന്നാലോചിച്ച് നോക്കൂ. പൊടുന്നനെ തൊട്ടുമുമ്പിലേക്ക് ഒരു കാർ പറന്നുവന്ന് വീണാലോ. അത്തരമൊരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അമേരിക്കയിലെ കാലിഫോർണിയിലെ യൂബ സിറ്റിയിൽ നടന്ന അപകടത്തിന്‍റെ വീഡിയോ ആണിത്. ഒരു സ്ത്രീ ഓടിച്ചിരുന്ന കാർ ആണിത്. അപകടത്തിൽ അവർ അത്ഭുതകരമായി രക്ഷപ്പെട്ടെന്നും ഗുരുതര പരിക്കുകൾ ഉണ്ടായില്ലെന്നും അധികൃതർ പറഞ്ഞു.
ഒരു കാറിന്‍റെ ഡാഷ് ബോർഡ് ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളിലാണ് അപകടം പതിഞ്ഞിരിക്കുന്നത്. തിരക്കില്ലാത്ത റോഡിലൂടെ പൊയ്ക്കൊണ്ടിരുന്ന ഈ വാഹനത്തിന്‍റെ മുന്നിലേക്ക് മറ്റൊരു കാർ പറന്നുവന്ന് വീഴുകയായിരുന്നു. ഞെട്ടിക്കുന്ന ആ കാഴ്ച കണ്ട് വാഹനത്തിലുണ്ടായിരുന്നവർ അലറി വിളിക്കുന്നതും കേൾക്കാം. തിരക്ക് കുറവായതിനാൽ ഈ കാർ മറ്റ് വാഹനങ്ങളിലേക്ക് പതിക്കാഞ്ഞത് വൻ അപകടമാണ് ഒഴിവാക്കിയത്. ദി ലൈഫ് ഓഫ് മൈക്ക് ആൻഡ് ഫാം എന്ന യൂട്യൂബ് ചാനലാണ് ഈ ദൃശ്യങ്ങൾ ആദ്യം പുറത്തുവിടുന്നത്.
അതിവേഗത്തിലായിരുന്ന കാർ മണ്‍തിട്ടയിൽ ഇടിച്ച് ആകാശത്തേക്ക് ഉയർന്ന് സമീപത്തെ റോഡിൽ വന്ന് പതിക്കുകയായിരുന്നു. ഇലക്ട്രിക് ലൈനുകളിൽ തട്ടാതെയാണ് കാർ പറന്നത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈവേയിലുണ്ടായ ഒരു അപകടത്തിന് ശേഷം നിർത്താതെ പോയ കാറാണ് ഇതെന്ന് കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.