അച്ഛൻമാർ മക്കളോടും കുടുംബത്തോടും കാണിക്കുന്ന കരുതലിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് നമ്മൾ. കുടുംബത്തെ സംരക്ഷിക്കാന്‍ ചിലപ്പോൾ അവർ ഏതറ്റം വരെയും പോകും. മകനുവേണ്ടി ജീവന്‍ വരെ പണയം വെക്കുന്ന ഒരു അച്ഛനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ടെക്‌സാസിൽ നിന്നുള്ള ഈ വിഡിയോ നെഞ്ചിടിപ്പോടെയല്ലാതെ കണ്ടുതീർക്കാനാവില്ല.
വിറളിപിടിച്ച് കുത്താനെത്തുന്ന കാളയിൽ നിന്ന് തന്നെ കെട്ടിപ്പിടിച്ച് അച്ഛൻ രക്ഷിക്കുന്നതിന്റെ വിഡിയോ കോഡി ഹുക്‌സ് എന്ന കൗബോയ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തോട് പങ്കുവെച്ചത്.
വിഡിയോ കാണാം
കാളപ്പോരിനുള്ള മൈതാനത്തിൽ പ്രവേശിച്ചയുടനെ കോഡി ഹുക്‌സിനെ കാള കുടഞ്ഞെറിയുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. തുടർന്ന് വിറളിപൂണ്ട് ഓടിനടക്കുന്ന കാള കോഡി ഹുക്‌സിനെ കുത്താനെത്തുന്നു. എന്നാൽ, തക്കസമയത്ത് കോഡി ഹുക്‌സിന്‍റെ പിതാവ് അദ്ദേഹത്തെ വാരിപ്പുണർന്ന് രക്ഷപ്പെടുത്തുന്നു. സ്വന്തം ജീവന്‍ അപകടത്തിലാകുമെന്നത് പോലും പരിഗണിക്കാതെ മകനെ രക്ഷിക്കാനെത്തുന്ന പിതാവിന്‍റെ സ്നേഹത്തെയാണ് നെറ്റിസൺസ് പുകഴ്ത്തുന്നത്.
"അപകടം പിടിച്ച കാളപോരിൽ നിന്ന് എന്റെ അച്ഛൻ എന്നെ രക്ഷിക്കുന്ന വിഡിയോയാണിത്. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്" - വിഡിയോക്ക് താഴെ കോഡി ഹുക്‌സ് എഴുതി.
കാളപ്പോരിൽ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് തനിക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും മകനെ സംരക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്നും കോഡിയുടെ പിതാവ് ലാൻഡിസ് ഹുക്‌സ് പറഞ്ഞു. ആ സമയത്ത് അവനെ സംരഷിക്കാന്‍ താന്‍ എന്തും ചെയ്യുമായിരുന്നെന്നും ഗുഡ് മോർണിംഗ് അമേരിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ ലാൻഡിസ് പറഞ്ഞു.
വീഡിയോ രണ്ട് ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടത്. നിരവധി ആളുകൾ ഷെയർചെയ്യുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു പിതാവിന്‍റെ സ്നേഹവും കരുതലും എത്രത്തോളം വലുതാണെന്ന് വിഡിയോ കാണിച്ച് തരുന്നതായി നെറ്റിസൺമാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.