ടലഹാസി (ഫ്ലോറിഡ): കോവിഡ് വ്യാപനം തടയാനുള്ള സുപ്രധാന പ്രതിരോധ മാർഗമാണ് മാസ്ക്. വിമാനയാത്രയിൽ മഹാമാരി പടർന്ന് പിടിക്കാൻ നല്ല സാധ്യതയുള്ളതിനാൽ മാസ്കും പി.പി.ഇ കിറ്റുമെല്ലാം ധരിച്ചായിരുന്നു സഞ്ചാരം. എന്നാൽ ഇനി മുതൽ വിമാനയാത്രക്ക് മാസ്ക് ആവശ്യമില്ലെന്ന് പറഞ്ഞാലോ. വിമാനത്തിൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന പൈലറ്റിന്റെ നിർദേശം ആഘോഷമാക്കുന്ന യാത്രക്കാരുടെ വീഡിയോയാണ് ഇപ്പോൾ ഇൻറർനെറ്റിൽ വൈറൽ.
ഫ്ലോറിഡയിൽ ഡെൽറ്റ ഫ്ലൈറ്റിന്റെ ക്യാബിനിൽ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. പൈലറ്റ് വിമാനത്തിലും മറ്റ് എല്ലാ ഡെൽറ്റ വിമാനങ്ങളിലും മാസ്ക് ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇത് കേട്ടയുടൻ യാത്രക്കാരെല്ലാം ആർപ്പുവിളിച്ച് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു.
യു.എസ് ജില്ലാ ജഡ്ജ് കാതറിൻ കിംബ മിസല്ലേയാണ് പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് ഉത്തരവിട്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് യു.എസിലെ ജോ ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ ഉത്തരവ് യു.എസ് ജില്ലാ ജഡ്ജി കാതറിൻ കിംബോൾ മിസെല്ലെ റദ്ദാക്കുകയായിരുന്നു.
ഇതിനോടകം തന്നെ ഈ വീഡിയോ 2.1 ദശലക്ഷം ആളുകളാണ് കണ്ടത്. യുനൈറ്റഡ് എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, അലാസ്ക എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് എന്നിവ ആഭ്യന്തര വിമാനങ്ങളിലും ചില അന്താരാഷ്ട്ര വിമാനങ്ങളിലും ഇനി മാസ്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. തീരുമാനം നിരാശാജനകമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.