വിവാദ സിനിമ ‘ദ കേരള സ്റ്റോറി’യെ പൊളിച്ചടുക്കി രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ യുട്യൂബർ ധ്രുവ് റാഠി. തന്‍റെ ചാനലിലെ ഏറ്റവും പുതിയ വീഡിയോയിലാണ് ധ്രുവ് ‘ദ കേരള സ്റ്റോറി’യെ ചികയുന്നത്. സിനിമ പറയുന്ന ലൗ ജിഹാദ് അടക്കമുള്ള കണക്കുകളിലെ പൊള്ളത്തരം ഉദാഹരണ സഹിതം തുറന്നുകാട്ടിയിരിക്കുകയാണ് ധ്രുവ്.
‘ദ കേരള സ്റ്റോറി സത്യമോ വ്യാജമോ’ എന്ന തലക്കെട്ടിലാണ് 23 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിൽനിന്നും വിദേശത്തേക്ക് പോയ മൂന്ന് പെൺകുട്ടികളുടെ കേസിനെക്കുറിച്ചടക്കം ധ്രുവ് വിശകലനം ചെയ്യുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നിയമസഭയിൽ നൽകിയ പ്രസ്താവന മുതൽ എൻ.ഐ.എ ലൗ ജിഹാദ് അന്വേഷണം അവസാനിപ്പിച്ചത് വരെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്‌ലോഡ് ചെയ്ത് ഒരു ദിവസത്തിനകം 68 ലക്ഷം പേർ വീഡിയോ കണ്ടുകഴിഞ്ഞു. ആറു ലക്ഷത്തോളം പേർ വീഡിയോ ലൈക്ക് ചെയ്തു. ഒരു ലക്ഷത്തിലേറെ പേരാണ് വീഡിയോക്ക് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്. കമന്‍റ് രേഖപ്പെടുത്തുന്നതിന് മുമ്പ് വീഡിയോ പൂർണ്ണമായും കാണണമെന്നും അല്ലെങ്കിൽ പ്രശ്നത്തെക്കുറിച്ച് പൂർണ്ണമായ ധാരണ ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അടക്കം പ്രമുഖർ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.