വളർത്തുനായക്ക് നിർബന്ധിച്ച് മദ്യം നൽകുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഡെറാഡൂണിലാണ് സംഭവം. മൂന്ന് മാസം പ്രായമുള്ള നായ്കുട്ടിക്കാണ് യുവതി ബിയർ നൽകാൻ ശ്രമിച്ചത്. മടിയിൽ ഇരുത്തി നായുടെ വായയിലേക്ക് കുപ്പിയിലെ മദ്യം ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ബിയർ കുപ്പി വായയിൽ വെക്കുന്നുണ്ടെങ്കിലും അത് തട്ടിമാറ്റാൻ നായ് കുട്ടി ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. ആക്ടിവിസ്റ്റ് ദീപിക നാരായൺ ഭരദ്വാജ് ആണ് വിഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.
ഓഗസ്റ്റ് 11ന് നടന്ന സംഭവത്തിന്റെ വിഡിയോ മൃഗസംരക്ഷണ സംഘടനകളുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. സംഭവം വൈറലായതോടെ യുവതിക്കെതിരെ പരാതി കിട്ടിയാൽ ഉടൻ കേസെടുക്കാൻ ഡെറാഡൂൺ പൊലീസിന് എസ്.എസ്.പി നിർദേശം നൽകി. യുവതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.എസ്.പി അറിയിച്ചു. പരാതികളെ തുടർന്ന് 20കാരിയായ യുവതിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നായ്ക്കൾക്ക് മദ്യം നൽകിയാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ചെറിയ അളവിലുള്ള മദ്യം പോലും ഛർദ്ദി, വയറിളക്കം, ശ്വാസതടസ്സം തുടങ്ങിയവയിലേക്ക് നയിക്കാം. ചിലപ്പോൾ ഇത് അവയുടെ മരണത്തിന് വരെ കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.