അത്രമേൽ സുന്ദരം, ഈ സ്നേഹ സംഗമം-കോവിഡ്​ അകറ്റിയ വൃദ്ധദമ്പതികൾ വീണ്ടും കണ്ടുമുട്ടുന്ന വിഡിയോ വൈറൽ

ലണ്ടൻ: പരസ്​പരം കണ്ടപ്പോൾ അവരിലൊരാൾ ഉൗന്നുവടി മാറ്റിവെച്ചു. ​മറ്റേയാൾ വാക്കറും. പിന്നെ ഇരുവരും കെട്ടിപ്പുണർന്നു. പരസ്പരമുള്ള താങ്ങിനും തണലിനും ഊന്നുവടികളേക്കാൾ കരുതലു​​​ണ്ടെന്ന്​ തെളിയിക്കുന്നതായി ആ കൂടിക്കാഴ്ച. ജീവിത സായന്തനത്തിൽ കോവിഡ്​ മൂലം പിരിഞ്ഞിരിക്കേണ്ടി വന്ന ബ്രിട്ടനിലെ വൃദ്ധ ദമ്പതികളുടെ പുനഃസമാഗത്തിന്‍റെ വിഡിയോ വൈറലാകുകയാണിപ്പോൾ.

നോട്ടിങാംഷെയർ മാൻസ്ഫീൽഡിലെ ബെയ്‍ലി ഹൗസ് കെയര്‍ ഹോമില്‍ നിന്നുള്ളതാണ്​ പ്രായം കൂടുംതോറും ശക്തമാകുന്ന സ്നേഹബന്ധത്തെക്കുറിച്ചും മനുഷ്യബന്ധങ്ങളുടെ മാസ്മരിക ശക്തിയെക്കുറിച്ചും ഓർമ്മപ്പെടുത്തുന്ന ഈ വിഡിയോ. 89 വയസ്സുള്ള മേരി ഡേവിസും 68 വയസ്സുള്ള ഭര്‍ത്താവ് ഗോര്‍ഡനും എട്ട്​ മാസം മുമ്പാണ്​ അവസാനമായി കാണുന്നത്​. ഗോർഡനെ ഒരു കെയര്‍ ഹോമിലേക്കു മാറ്റുകയും പിന്നാലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ ഇരുവര്‍ക്കും പരസ്​പരം കാണാന്‍ അവസരം നഷ്​ടപ്പെടുകയുമായിരുന്നു.


ഫെബ്രുവരിയില്‍ മേരിയെ ബെയ്​ലി ഹൗസ്​ കെയർ ഹോമിലേക്ക്​ മാറ്റി. അതോടെ രണ്ടുപേരും തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. എന്നാല്‍, ഇപ്പോൾ മേരി താമസിക്കുന്ന ബെയ്‍ലി ഹൗസ് കെയര്‍ ഹോമില്‍ ഇരുവര്‍ക്കും താമസിക്കാൻ ഒരു മുറി സജ്ജമാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായി നാളുകൾക്കു ശേഷം കണ്ടുമുട്ടുന്ന ഇരുവരും പരസ്പരം ആശ്ലേഷിച്ചും ചുംബിച്ചും സന്തോഷം പങ്കിടുന്നതാണ് വിഡിയോയിലുള്ളത്. റെക്​സ്​ ചാപ്​മാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഇതിനകം 44 ലക്ഷത്തിലേറെ പേരാണ്​ കണ്ടിരിക്കുന്നത്​.

Tags:    
News Summary - Elderly couple reunites at care home after spending 8 months apart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.