സാൻഫ്രാൻസിസ്കോ: സമൂഹ മാധ്യമമായ 'ട്വിറ്റർ' വാങ്ങാൻ ശതകോടീശ്വരൻ ഇലോൺ മസ്ക് സ്ഥാപനവുമായി കരാറിലെത്തിയെന്ന റിപ്പോർട്ടുകൾ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. 4,400 കോടി യു.എസ് ഡോളർ മുടക്കിയാണ് മസ്ക് ട്വിറ്ററിന്റെ മുഴുവൻ ഓഹരിയും സ്വന്തമാക്കുന്നത്. ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി ട്വിറ്റർ വാങ്ങിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒരു പഴയ ട്വീറ്റിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുകയാണ്. അഞ്ച് വർഷം മുമ്പ് മസ്ക് ട്വിറ്റർ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ട്വീറ്റാണിപ്പോൾ വൈറൽ.
2017 ഡിസംബർ 21ന് 'ഐ ലവ് ട്വിറ്റർ' (ഞാൻ ട്വിറ്ററിനെ ഇഷ്ടപ്പെടുന്നു) എന്ന് മസ്ക് വെറുതെ ട്വീറ്റ് ചെയ്തു. അതിന് താളെ എന്നാൽ താങ്കൾക്ക് കമ്പനിയങ്ങ് വാങ്ങിക്കൂടെയെന്ന് ഒരാൾ കമന്റിട്ടു. 'എത്ര വിലവരും' എന്നായിരുന്നു മസ്കിന്റെ മറുപടി കമന്റ്. ഒറിജിനൽ ട്വീറ്റിന് ഇപ്പോൾ 1.74 ലക്ഷം ലൈക്കുകൾ ലഭിച്ചു. 35000 പേരാണ് റീട്വീറ്റ് ചെയ്തത്.
ഏകദേശം അഞ്ച് വർഷത്തിന് ശേഷം, മസ്‌ക് വീണ്ടും ട്വിറ്റർ വാങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി. ഏതാനും ആഴ്ചകൾക്ക് മുമ്പ് മാർച്ചിൽ ഒരു പുതിയ സോഷ്യൽ മീഡിയ കമ്പനി ആരംഭിക്കണോ എന്ന് മസ്‌ക് തന്റെ ട്വിറ്റർ ഫോളോവേഴ്‌സിനോട് ചോദിച്ചു. ട്വിറ്റർ വാങ്ങാൻ കഴിയുമ്പോൾ എന്തിനാണ് പുതിയത് തുടങ്ങുന്നതെന്നായിരുന്നു അവരുടെ മറുപടി.
മസ്‌ക് നിർദേശം ഗൗരവമായി എടുത്തു. അദ്ദേഹം ട്വിറ്ററിൽ 9.2 ശതമാനം ഓഹരികൾ വാങ്ങി കമ്പനിയിലെ രണ്ടാമത്തെ വലിയ ഓഹരി ഉടമയായി. ട്വിറ്റർ സ്ഥാപകനും സി.ഇ.ഒയുമായ ജാക്ക് ഡോർസിക്ക് കമ്പനിയിൽ 2.5 ശതമാനം ഓഹരിയുണ്ട്. പന്തികേട് മണത്ത കമ്പനി മസ്കിന് ട്വിറ്റർ ബോർഡിൽ അംഗത്വം വാഗ്ദാനം ചെയ്തു. ബോർഡ് അംഗത്തിന് കമ്പനി ഏറ്റെടുക്കാൻ അനുവദിക്കില്ല എന്ന നിബന്ധനയുണ്ടായിരുന്നു. അതിനാൽ മസ്ക് ഓഫർ നിരസിച്ചു.
ഓഹരിയുടമകളുടെ സമ്മർദത്തെ തുടർന്ന് ട്വിറ്റർ വാങ്ങൽ ഇടപാട് സംബന്ധിച്ച് ഇലോൺ മസ്കുമായി ട്വിറ്റർ ബോർഡ് ചർച്ച നടത്തിയിരുന്നു. മസ്ക് മുന്നോട്ടുവെച്ച ഏറ്റെടുക്കൽ ഇടപാട് തിങ്കളാഴ്ച പുലർച്ചെ ചർച്ച ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏപ്രിൽ 14നാണ് ഒരു ഓഹരിക്ക് 54.20 ഡോളർ അല്ലെങ്കിൽ ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് മസ്ക് പ്രഖ്യാപിച്ചത്. എന്നാൽ എങ്ങനെ പണം കണ്ടെത്തുമെന്ന് അന്ന് വ്യക്തമാക്കിയില്ല. 4650 കോടി യു.എസ് ഡോളർ കണ്ടെത്തിയതായി മസ്ക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇടപാട് ചർച്ച ചെയ്യാൻ കമ്പനി ബോർഡിൽ സമ്മർദവും ചെലുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.