ജോലി രാജിവെക്കാൻ തീരുമാനിച്ചിട്ടു പോലും മേലധികാരിയിൽ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് മുതിർന്ന ജീവനക്കാരൻ എഴുതിയ കുറിപ്പ് ഏറ്റെടുത്ത് നെറ്റിസൺസ്. കുറിപ്പിനെ തുടർന്ന് നിരവധി പേരാണ് ടോക്സിക് തൊഴിലിടങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചത്.
ആ കമ്പനിയിലെ മൂന്ന് തൊഴിലാളികൾ രാജിക്കത്ത് നൽകിയതോടെയാണ് അസ്വാരസ്യം ഉടലെടുത്തത്. രാജിക്കത്ത് ലഭിച്ചയുടൻ തന്നെ മേലധികാരി പുതിയ നിയമം ആവിഷ്‍കരിക്കുകയായിരുന്നു. രാജിവെക്കുന്നതിന്റെ മൂന്നുമാസം മുമ്പ് ജീവനക്കാർ നോട്ടീസ് നൽകണമെന്നാണ് പുതിയ നിർദേശം. അത്കൊണ്ടും അവസാനിച്ചില്ല. ഈ മൂന്നുമാസം ജോലി ചെയ്യുന്ന കാലയളവിൽ മറ്റുള്ളവരെ അപേക്ഷിച്ച് ഇവർക്ക് നൽകുന്ന അടിസ്ഥാന ശമ്പളത്തിൽ ഗണ്യമായ കുറവുണ്ടാകും. മാത്രമല്ല, പകരമായി എത്തുന്ന പുതിയ ജീവനക്കാർക്ക് ഇവർ പരിശീലനവും നൽകണം. ആഴ്ചയിൽ 30 മണിക്കൂർ അധിക ജോലി ചെയ്യണമെന്നും പുതുതായി എത്തിയവർ കാര്യങ്ങൾ മുഴുവൻ പഠിച്ചുവെന്ന് ഉറപ്പാക്കുകയും വേണമെന്നും മേലധികാരി നിർദേശിച്ചു.
നിരവധി പേരാണ് കത്തിന് പ്രതികരണവുമായി എത്തിയത്. പലരും അവരുടെ അനുഭവങ്ങളും പങ്കുവെച്ചു. ഒരു ജീവനക്കാരൻ ഒരിക്കലും തന്റെ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കഠിന ഹൃദയരായ മേലധികാരികളിൽനിന്ന് രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നും ഒരാൾ കുറിച്ചു. പലപ്പോഴും മേലധികാരികൾ തങ്ങൾ വലിയ പ്രശ്നക്കാരാണെന്ന കാര്യം തിരിച്ചറിയാറില്ലെന്നും ഒരാൾ എഴുതി. ഒന്നര ആഴ്ച മുമ്പ് നോട്ടീസ് നൽകിയാണ് താൻ ജോലി രാജിവെച്ചതെന്ന കാര്യവും ഒരു യൂസർ പറഞ്ഞു.
ഒരു മാസം മുമ്പ് നോട്ടീസ് നൽകിയിട്ടും പുതിയ ഒരാൾ വന്നിട്ടല്ലാതെ ഓഫിസ് വിട്ടുപോകാൻ കഴിയല്ല എന്നായിരുന്നു രാജിക്കത്തിന് തനിക്ക് ലഭിച്ച മറുപടിയെന്ന് മറ്റൊരാൾ വെളിപ്പെടുത്തി. പിന്നീട് ജനറൽ മാനേജറെ കണ്ട് പോകാൻ ഉദ്ദേശിച്ച ദിവസം പോകുമെന്ന് വ്യക്തമാക്കുകയും അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു.-യൂസർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.