ഹോട്ടലുടമ ഉസൈൻ, അരുൺ ബേബി മാത്യു (photo: facebook.com/arunbaby.mathew.9)

‘പൊറോട്ടയും മുട്ടറോസ്റ്റും 'ഹലാലാ’യത്’

കോഴിക്കോട്: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ പണം കൊടുക്കാൻ മറന്നിട്ടും ചോദിക്കാതിരുന്ന ഹോട്ടലുടമയെക്കുറിച്ച് യുവാവ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കോഴിക്കോട് ജില്ലയിലെ ഓമശേരി ഡീലക്സ് ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച അരുൺ ബേബി മാത്യുവാണ് തിരക്കിനിടയിൽ പണം ​കൊടുക്കാൻ മറന്നത്. ഓർമവന്നപ്പോൾ തിരിച്ചു പോയി പണം നൽകി. കാശുതരാതെ പോകുന്നത് കണ്ടിട്ടും വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ "അത് ... ഭക്ഷണം കഴിച്ച് പോകുന്നവരെ പിന്നില്‍ നിന്ന് വിളിച്ച് കാശു ചോദിക്കുന്നത് ശരിയല്ല. പിന്നെ വരുമ്പോ അവരു തന്നോളും’ എന്നായിരുന്നു ഹോട്ടലുടമ ഉസൈന്റെ മറുപടി. ‘ന്യായമായും ആരെയും വിഷമിപ്പിക്കാതെയും കൊടുക്കുമ്പോഴാണ് ഭക്ഷണം ഹലാലാകുന്നത് എന്നാ ഞാന്‍ വിശ്വസിക്കുന്നത്’ എന്നും അദ്ദേഹം പറഞ്ഞതായി അരുൺ ബേബി എഴുതുന്നു.

കുറിപ്പിന്‍റെ പൂർണരൂപം വായിക്കാം:

കോഴിക്കോട് ജില്ലയിലെ ഓമശേരിയിലുള്ള ഡീലക്സ് ഹോട്ടലില്‍ നിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയായിരുന്നു. അമ്മ ആശുപത്രിയില്‍ അഡ്മിറ്റായതും പാതിവഴിയില്‍ ഇട്ട് പോരേണ്ടി വന്ന ജോലികളുമടക്കം നൂറു ചിന്തകള്‍ തലയിൽ വണ്ടിയോടിച്ച് കളിക്കുന്നതിനിടെ ഭക്ഷണം കഴിച്ച് കൈ കഴുകി ഹോട്ടലിൽ നിന്ന് ഇറങ്ങി നടന്നു. ഏതാണ്ട് 200 മീറ്റര്‍ കഴിഞ്ഞ് ആശുപത്രിയില്‍ എത്താറായപ്പോഴാണ് കാശു കൊടുത്തില്ലല്ലോ എന്നോര്‍ത്തത്. തിടുക്കത്തില്‍ തിരികെ ചെന്ന് മറന്നുപോയതാണെന്ന ക്ഷമാപണത്തോടെ കാശുകൊടുത്തു.

കൗണ്ടറിലിരിക്കുന്ന ഇക്ക കണ്ണിലൂടെയും ചിരിക്കുന്നു.

"അതൊന്നും സാരമില്ല ഇങ്ങള് ഇനിയെപ്പഴേലും വരുമ്പോ തരൂല്ലോ ? " , മുന്‍ പരിചയമൊന്നുമില്ലാത്ത ഇക്ക പറഞ്ഞപ്പോ ചെറുതല്ലാതെ അമ്പരന്നു

"അല്ല ഇക്ക, ഞാന്‍ കാശുതരാതെ പോകുന്നത് ഇങ്ങള് കണ്ടില്ലാരുന്നോ? ഒന്ന് വിളിച്ചൂടാരുന്നോ? " എന്നായി ഞാന്‍.

"അത് ... ഭക്ഷണം കഴിച്ച് പോകുന്നവരെ പിന്നില്‍ നിന്ന് വിളിച്ച് കാശു ചോദിക്കുന്നത് ശരിയല്ല. പിന്നെ വരുമ്പോ അവരു തന്നോളും", ഇക്ക നയം വ്യക്തമാക്കി

പറഞ്ഞറിയിക്കാനാവാത്ത എന്തോ എവിടെ നിന്നോ ഒഴുകി വന്ന് മനസിനെ തൊട്ടുതണുപ്പിച്ചു. ഒന്നും മിണ്ടാനായില്ല. ആശുപത്രി തിരക്കുകാരണം നേരേ അമ്മയുടെ അടുത്തേക്ക് പോന്നു.

അമ്മ ഡിസ്ചാര്‍ജ് ആയി മൂന്നാഴ്ച്ചക്ക്ശേഷം, തിര ക്കൊതുങ്ങിയ ഒരു ദിവസം വീണ്ടും ആ ഹോട്ടലിലെത്തി. ഭക്ഷണം കഴിക്കുന്നതിനിടെ ഇക്ക ടേബിളിന് സമീപത്തൂടെ പോയി.

" ഇക്ക, ഓര്‍ക്കുന്നുണ്ടോ ഇങ്ങള്?". കക്ഷി സൂക്ഷിച്ചു നോക്കുന്നതിനിടെ 'ക്ലൂ' ഇട്ടുകൊടുത്തു ," അന്ന് കാശു തരാതെ പോയി തിരിച്ചുവന്നയാള്." ഇക്ക നിറഞ്ഞു ചിരിച്ചു. ആശുപത്രി കേസൊക്കെ കഴിഞ്ഞോ എന്നു തിരക്കി.

ഭക്ഷണശേഷം കൗണ്ടറിലെത്തി പൈസയൊക്കെ കൊടുത്ത് ആളുമായി പരിചയത്തിലായി. ഉസൈൻ എന്നാണ് പേര്. 13 വര്‍ഷത്തെ ഹോട്ടല്‍ ബിസിനസും അതിനു മുമ്പത്തെ പ്രവാസ ജീവിതവും പഠിപ്പിച്ചത് വിശപ്പ് എന്ന സത്യമാണെന്ന് ഉസൈനിക്ക.

എങ്കിലും ഇങ്ങളെന്താ കഴിച്ചിട്ട് പോകുന്നവരെ പിന്നില്‍ നിന്ന് വിളിക്കാത്തതെന്ന് ഞാന്‍ പിന്നെയും കൗതുകപ്പെട്ടു.

"അത്... ന്യായമായും ആരെയും വിഷമിപ്പിക്കാതെയും കൊടുക്കുമ്പോഴാണ് ഭക്ഷണം 'ഹലാലാകുന്നത്' എന്നാ ഞാന്‍ വിശ്വസിക്കുന്നത്."

പടച്ചോനെ... എന്തൊരു ജ്ഞാനമാണിത്. മുന്നിലൊരാള്‍ കണ്ണു പതുക്കെ തുറന്നു തരുകയാണ്. പ്രവൃത്തിയില്ലാത്ത നന്‍മമരങ്ങള്‍ കാടുതീര്‍ക്കുന്ന കാലത്ത് നൻമ ചെയ്തിട്ടും പറയാത്ത ഒരാള്‍.

ആ പ്രവൃത്തിയുടെ പിന്നിലെ ചിന്തയിലാണ് മനസുകൊളുത്തിയത്. സോഷ്യല്‍ മീഡിയയിലും ചുറ്റുപാടും ഹലാലിന്റെ പേരിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്കിടയില്‍ അറിയാതെയും കാണാതെയും പോകരുതാത്ത ചിന്ത. മനുഷ്യരെ മാറ്റിനിര്‍ത്താതെ ചേര്‍ത്തു പിടിക്കുന്ന ചിന്ത.

ഈ മനുഷ്യന്‍ ഹലാല്‍ ഫുഡ് ബോര്‍ഡ് തൂക്കിയത് എന്‍റെ ഹൃദയത്തിലേക്കാണല്ലോ ?

പിന്നെങ്ങനെ, ഉസൈനിക്കയുടെ മുഖം ഇത്ര ശാന്തമാകാതിരിക്കും ? ഹൃദയം തുറന്ന് ചിരിക്കാതിരിക്കും ? ആ ചിരി കണ്ണിലേക്കും പകര്‍ത്താതിരിക്കും?

സന്തോഷമാണ്. ദുനിയാവില്‍ ഇപ്പോഴും ഇത്തരം മനുഷന്‍മാരുണ്ടല്ലോ?❤️🤗

( വാൽ: ഇതും വായിച്ചോണ്ട് ഉസൈനിക്കക്ക് കാശു കൊടുക്കാതെ ഫു‍ഡടിക്കുന്നത് ശീലമാക്കാക്കിയാല്‍ , പാര്‍ശ്വഫലങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. പറ്റിക്കപ്പെടുന്നത് തിരിച്ചറിയണമെന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് ഇക്ക ഓർമിപ്പിച്ചു. സ്ഥിരം പണം കൊടുക്കാതെ പറ്റിക്കുന്നവരെ തിരിച്ചറിഞ്ഞ് ഇടപെട്ടതും ആള് പറഞ്ഞു .)

Full View

Tags:    
News Summary - Facebook post about hotel owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.