കാനഡ: അധ്യാപകർ ഒരു വിദ്യാർഥിയുടെ ജീവിതത്തിൽ ചെലുത്തുന്ന പങ്ക് നിസാരമല്ല. അത്തരത്തിലുള്ള ബന്ധങ്ങൾ അത്രതന്നെ മനോഹരവും ദൃഢവുമായിരിക്കും. അങ്ങിനെയുള്ള ബന്ധങ്ങളെ ഓർമിപ്പിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 75 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ വലിയ സ്വീകാര്യതയാണ് നെറ്റിസൺസിനിടയിൽ നേടികൊണ്ടിരിക്കുന്നത്.
കാനഡയിലെ ഒരു വിമാന ജീവനക്കാരിയായ ലോറി തന്‍റെ അധ്യാപികയെ 30 വർഷത്തിന് ശേഷം കണ്ടുമുട്ടുന്നതാണ് വിഡിയോ. കിയോണ ത്രാഷർ എന്ന ഉപയോക്താവാണ് ഇൻസ്റ്റഗ്രാമിൽ ഹൃദയസ്പർശിയായ വിഡിയോ പങ്കുവെച്ചത്.
ഫ്ലൈറ്റ് അറ്റൻഡന്ററായി ജോലിചെയ്യുന്ന ലോറി അപ്രതീക്ഷിതമായി തന്‍റെ സ്കൂൾ ടീച്ചറെ കണ്ടുമുട്ടുകയായിരുന്നു. അവിചാരിതമെന്ന് പറയട്ടെ കാനഡയിൽ അധ്യാപക ദിനത്തിലായിരുന്നു ഈ കണ്ടുമുട്ടൽ. "എനിക്കുണ്ടായ ഏറ്റവും മികച്ച അധ്യാപികയെ ഞാൻ ഒരിക്കലും മറക്കില്ല. അധ്യാപക ദിനത്തിൽ എനിക്ക് കിട്ടിയ ഭാഗ്യമാണ് ഇത്. 1990ലെ എന്‍റെ പ്രിയപ്പെട്ട ടീച്ചറെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്"- ലോറി പറഞ്ഞു. കൂടാതെ പ്രിയപ്പെട്ട അധ്യാപികയോട് അവർ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാ യാത്രക്കാരും വലിയ കരഘോഷത്തോടെ അവരെ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വിഡിയോ വൈറലായതോടെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തി. തന്‍റെ അധ്യാപകരെ ഓർക്കാൻ ഇതൊരു വലിയ കാരണമായെന്നും തനിക്കുണ്ടായ ഏറ്റവും മികച്ച അധ്യാപികയെ ഞാൻ ഒരിക്കലും മറക്കില്ലെന്നും ചിലർ വിഡിയോയുടെ താഴെ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.