എതിരെ വരുന്ന വാഹനത്തിന് നേരെ കൈകാണിച്ചാൽ വാഹനം നിർത്തി തരുമെന്ന ധാരണയുള്ളതിനാൽ റോഡ് മുറിച്ച് കടക്കുന്നത് വളരെ ലാഘവത്തോടെ കണക്കാക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. സിഗ്നലുകൾ ശ്രദ്ധിക്കാതെയും അശ്രദ്ധമായുമുള്ള ഈ സഞ്ചാരം പലപ്പോഴും വലിയ അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. മനുഷ്യർ ശ്രദ്ധിക്കാത്ത റോഡ് നിയമങ്ങൾ പാലിച്ച് റോഡ് മുറിച്ച കടന്ന് താരമായിരിക്കുകയാണ് ഒരു നായ.
ഫിലിപ്പൈൻസിലെ മരികീന സിറ്റിയിലാണ് സംഭവം. തനിക്ക് റോഡ് മുറിച്ച് കടക്കാൻ അനുവാദം തരുന്ന പച്ച സിഗ്നൽ തെളിയുന്നത് വരെ റോഡിന് സമീപത്ത് കാത്തു നിൽക്കുന്ന നായയുടെ ദൃശ്യങ്ങൾ യൂട്യൂബ് ചാനലായ വൈറൽഹോഗാണ് പങ്കുവച്ചത്. അതിവേഗത്തിലെത്തുന്ന വാഹനത്തെ വകവെക്കാതെ റോഡ് മുറിച്ചു കടക്കുന്ന മനുഷ്യരെ ദൃശ്യങ്ങളിൽ കാണാം. എന്നാൽ നായയാകട്ടെ, റോഡിൽ വാഹനങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര തുടർന്നത്.
മറ്റ് നായകളെ പോലെ അവനും റോഡ് മുറിച്ചു കടക്കുമെന്നാണ് കരുതിയതെന്നും പക്ഷേ സിഗ്നൽ പച്ചയായി മാറിയ സേഷം മാത്രമാണ് നായ റോഡ് മുറിച്ച് കടന്നതെന്നും ദൃശ്യങ്ങൾ പങ്കുവച്ചു കൊണ്ട് വൈറൽഹോഗ്സ് പറഞ്ഞു.
കാലം മാറുന്നതോടൊപ്പം മനുഷ്യനെപ്പോലെ മൃഗങ്ങളും പരിണമിക്കുകയാണെന്നും കുറച്ച് സമയമെടുത്ത് വീക്ഷിച്ചാൽ മാത്രമേ അത് കണ്ടെത്താനാകൂയെന്നുമാണ് കാഴ്ച്ചക്കാരിൽ ഒരാളുടെ പ്രതികരണം. ഏതായാലും നായയുടെ ക്ഷമ മനുഷ്യനും കാണിച്ചാൽ നല്ലതാകുമെന്നാണ് ഭൂരിഭാഗം കാഴ്ച്ചക്കാരുടേയും അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.