തലകുത്തി മറിയുന്നതും ജിംനാസ്റ്റിക് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും പ്രഫഷനലുകളുടെയും മേഖലയാണ്. അതിനായി പ്രത്യേക വസ്ത്രങ്ങളും കാണും. എന്നാൽ വിശേഷ അവസരങ്ങളിൽ മാത്രം മിക്ക സ്ത്രീകളും അണിയാൻ താൽപര്യപ്പെടുന്നതും, ചിലർക്ക് അണിയാനും ഉടുത്തു നടക്കാനും അത്ര ആയാസകരവുമല്ലാത്ത സാരിയണിഞ്ഞ് ഒരാൾ അഭ്യാസ പ്രകടനം നടത്തിയാലോ. ഉടയാതെയും ഉലയാതെയും സാരി ചുറ്റി നടക്കുന്നതിനെ പറ്റി വേവലാതിപ്പെടുന്നവർ പരുൾ അറോറയുടെ ഈ വിഡിയോ ഒന്ന് കാണണം.
പ്രമുഖ ഫിറ്റ്നസ് മോഡലും ജിംനാസ്റ്റുമായ പരുൾ അറോറയുടെ സാരിയുടുത്തുള്ള ജിംനാസ്റ്റിക് പ്രകടനം കണ്ടാണ് സമൂഹമാധ്യമങ്ങൾ ഞെട്ടിയത്. സാരിയണിഞ്ഞ് ബാക്ക് ഫ്ലിപ്പും കാർട്ട്വീൽസും ചെയ്യുന്ന പരുളിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എഴുത്തുകാരിയായ അപർണ ജെയിൻ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് വിഡിയോ വൈറലായത്.
സാരി പോലുള്ള പരമ്പരാഗത വസ്ത്രമണിഞ്ഞ് ഇത്തരം കായിക അഭ്യാസങ്ങൾ ചെയ്യുന്നത് ശ്രമകരമാണെന്ന അവസ്ഥ തിരുത്തിക്കുറിക്കുന്ന അവരുടെ ഇടപെടലുകൾക്ക് കൈയ്യടിക്കുകയാണ് നെറ്റിസൺസ്. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.
ഡിസംബർ 27ന് പരുളിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
എട്ട് ലക്ഷത്തിലധികം ആളുകൾ വിഡിയോക്ക് ലൈക്കടിച്ചു. ഇത് ആദ്യമായിട്ടല്ല പരുളിന്‍റെ സാരിയുടുത്ത ജിംനാസ്റ്റിക് വിഡിയോ വൈറലായി മാറുന്നത്. സെപ്റ്റംബറിൽ ടെറസിൽ വെച്ച് സ്യൂട്ടണിഞ്ഞ യുവാവിനൊപ്പം സാരിയുടുത്ത് തലകുത്തി മറിഞ്ഞ പരുളിന്‍റെ വിഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.