പൊന്നോണത്തിന് പ്രജകളെ കാണാനെത്തിയ മഹാബലിക്ക് മുട്ടൻപണി കിട്ടിയത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കൈകൾ കഴുകി, സാനിറ്റൈസർ തേച്ച്, മാസ്ക് ധരിച്ച്, സമൂഹിക അകലം പാലിച്ച് ഒാണം ആഘോഷിക്കാൻ മലയാളികൾ തയാറെടുക്കുന്ന വിവരം അറിയാതെയാണ് മാവേലി എത്തിയത്. ഭൂമിയിൽ എത്തിയതിന്‍റെ സന്തോഷത്തിൽ നൃത്തം ചവിട്ടിയ മാവേലി ഇടക്ക് ശക്തമായി തുമ്മിപ്പോയി.
പിന്നെ വൈകിയില്ല, ആംബുലൻസ് വരുന്നു... പി.പി.ഇ കിറ്റ് ധരിച്ചവർ ഇറങ്ങുന്നു... മാവേലിയെ ഒാലക്കുട സഹിതം ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നു... അങ്ങനെ പ്രജാക്ഷേമം നേരിട്ടറിയാനെത്തിയ മാവേലി ക്വാറന്‍റീനിലായി.
കോവിഡ് മഹാമാരിയിൽ കഴിയുന്ന കേരളത്തിന്‍റെ നിലവിലെ സ്ഥിതി തമാശയിൽ പൊതിഞ്ഞ് 'ഹാപ്പി കോറോണം' (Happy coronam) എന്ന ആനിമേഷൻ വീഡിയോയിലൂടെ വിവരിക്കുകയാണ് ആനിമേറ്ററായ സുവി വിജയ്. കോവിഡ് കാലത്ത് മാസ്ക് ധരിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് വിഡിയോയിലുള്ളത്. ഡി.എ. വസന്ത് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
അഞ്ച് വർഷം മുമ്പ് 'റൺ മാവേലി റൺ' എന്ന പേരിൽ സുവി വിജയ് തയാറാക്കിയ ആനിമേഷൻ വീഡിയോക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. കേരളത്തിലെത്തിയ മാവേലിയെ തെരുവുപട്ടികൾ വരവേൽക്കുന്നതിനെ കുറിച്ചായിരുന്നു വിഡിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.