ചാണ്ഡിഗഡ്: പലതരത്തിലുള്ള കൗതുകം വിവാഹ ക്ഷണക്കത്തുകളിൽ പരീക്ഷിക്കുന്നവരുണ്ട്. അവയിൽ ചിലത് വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്. എന്നാൽ, ഹരിയാനയിൽ നിന്നുള്ള ഈ ക്ഷണക്കത്ത് തികച്ചും വ്യത്യസ്തമാണ്. തന്‍റെ മകളുടെ കല്യാണത്തിന് ബി.െജ.പി, ആർ.എസ്.എസ്, ജെ.ജെ.പി നേതാക്കൾ വരേണ്ടതില്ലെന്ന് തീർത്ത് പറഞ്ഞിരിക്കുകയാണ് ഈ പിതാവ്. ഹരിയാന സ്വദേശിയായ കര്‍ഷക നേതാവ് രാജേഷ് ധങ്കാർ ആണ് മോദി സർക്കാറിന്‍റെ കർഷക ദ്രോഹ നിയമങ്ങൾക്കും നടപടികൾക്കുമെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ വീര്യമുള്ള വിവാഹ ക്ഷണക്കത്ത്. വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമാണ് രാജേഷ് ധങ്കാർ. വരുന്ന ഡിസംബർ ഒന്നിന് നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ നിന്ന് ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ വിട്ടുനിൽക്കണമെന്നാണ് ക്ഷണക്കത്തിൽ അച്ചടിച്ചത്.
കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ബി.ജെ.പി-ജെ.ജെ.പി സഖ്യ സർക്കാരിനെതിരെ ഒരു വർഷമായി കർഷകർ പ്രതിഷേധിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക നിയമങ്ങള്‍ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും നിയമം പിന്‍വലിക്കണമെന്നും രാജേഷ് ധങ്കാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.