നാഗ്പൂരിലെ ഒരു ബേക്കറിയിൽ നിന്ന് സ്വിഗ്ഗിയിൽ കേക്ക് ഓർഡർചെയ്ത യുവാവിന്‍റെ അനുഭവക്കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. കേക്ക് ഓർഡർ ചെയ്യുന്ന സമയത്ത് 'കേക്കിൽ മുട്ടയുണ്ടെങ്കിൽ ദയവായി സൂചിപ്പിക്കണമെന്ന്' സ്വിഗ്ഗിയിൽ യുവാവ് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഓർഡർ വന്ന് പെട്ടി തുറന്നുനോക്കിയപ്പോൾ കണ്ടത് വാക്കുകൾക്ക് അതീതമായ കാര്യമായിരുന്നു എന്നാണ് യുവാവ് ട്വിറ്ററിൽ കുറിച്ചത്. കേക്കിന്‍റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഓർഡർ വിശദാംശങ്ങളിൽ കേക്കിനെകുറിച്ച് പരാമർശിക്കുന്നതിന് പകരം "മുട്ട അടങ്ങിയിട്ടുണ്ട്" എന്ന് വൃത്തിയിൽ കേക്കിൽ തന്നെ എഴുതിയാണ് ഇവർ നൽകിയത്. ശരിയായ ആശയവിനിമയം നടക്കാത്തത് മൂലം നടന്ന സംഭവത്തെ ആഘോഷിക്കുകയാണ് സമൂഹമാധ്യമങ്ങൾ. വിഷയത്തിൽ ബേക്കറിയെയോ, സ്വിഗിയെയോ കുറ്റം പറയാന്‍ കഴിയില്ലെന്നും ഉപഭോക്താവ് പറഞ്ഞ കാര്യങ്ങൾ അതേപടി അനുസരിക്കുകയാണ് ഇരുവരും ചെയ്തതെന്നും നെറ്റിസൺസ് പരിഹസിച്ചു.
സമൂഹമാധ്യമങ്ങളിൽ സംഭവം വൈറലായതോടെ ക്ഷമാപണവുമായി സ്വിഗി റീട്വിറ്റ് ചെയ്തിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിന് ഓർഡർ ഐഡി പങ്കിടാന്‍ അവർ ആവശ്യപ്പെട്ടു. സമാനമായി കേക്കുകൾ ലഭിച്ച നിരവധി പേർ ചിത്രങ്ങളും അനുഭവങ്ങളും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.