ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ നാലുവയസുകാരിയെ ക്രൂരമായി ആക്രമിച്ച് തെരുവ്നായ്ക്കൾ. നായ്ക്കൾ കൂട്ടംചേർന്ന് കുട്ടിയെ ഓടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ഭോപാലിലെ ബാഗ് സേവാനിയ പ്രദേശത്താണ് സംഭവം. റോഡിലൂടെ കുട്ടിയെ നായ്ക്കൾ ഓടിച്ച് വീഴ്ത്തുന്നതും ചുറ്റും കൂടിനിന്ന് കടിച്ച് വലിച്ചിഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശത്തെ ഒരു തൊഴിലാളിയുടെ മകളാണ് നാലുവയസുകാരി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കേയാണ് തെരുവ്നായ്ക്കളുടെ ആക്രമണം. കുട്ടിയുടെ ചുറ്റും നായ്ക്കൾ വട്ടംകൂടുകയായിരുന്നു. തുടർന്ന് റോഡിലൂടെ കുട്ടി ഓടി. എന്നാൽ നായ്ക്കൾ പിന്തുടരുകയും ഓടിച്ച് വീഴ്ത്തുകയും ചെയ്തു. ശേഷം ഉപദ്രവിക്കുകയായിരുന്നു. മിനിറ്റുകളോളം ആക്രമണം നീണ്ടുനിന്നു. ഇതോടെ പ്രദേശവാസികളിലൊരാൾ ഓടിയെത്തി നായ്ക്കളെ ഓടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഭോപാലിൽ തെരുവ്നായ്ക്കളുടെ ആക്രമണം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞവർഷം അമ്മക്കൊപ്പം നടന്നുപോയ ഏഴുവയസുകാരിയെ തെരുവ്നായ്ക്കൾ ക്രൂരമായി ആക്രമിച്ചിരുന്നു. 2019ൽ തന്നെ തെരുവ്നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ച് ആറുവയസുകാരൻ മരിച്ചിരുന്നു. അമ്മയുടെ മുമ്പിൽ വെച്ചായിരുന്നു ആക്രമണം. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മക്കും നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.