'മുടി'ഞ്ഞ ശക്തിയാ- ആശ റാണി ഡബ്​ൾ ഡക്കർ ബസ്​ മുടിയിൽ കെട്ടിവലിക്കുന്ന വീഡിയോ വീണ്ടും വൈറൽ

'അവന്​ മുടിഞ്ഞ ശക്തിയാ'- ശക്​തിയുള്ളവരെ കുറിച്ച്​ നാട്ടിൻപുറങ്ങളിൽ സാധാരണ പറയാറുള്ള പ്രയോഗമാണിത്​. പ​ക്ഷേ, പഞ്ചാബുകാരിയായ ആശ റാണിയെ കുറിച്ചാകുമ്പോൾ 'മുടിക്ക് മുടിഞ്ഞ ശക്തിയാ' എന്ന്​ പറയേണ്ടിവരും. കാരണം, ആശ റാണിയുടേത്​ മുടിയാണോ വടമാണോയെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നു. 12,216 കിലോ ഭാരമുള്ള ഡബ്​ൾ ഡെക്കർ ബസ്​ മുടിയിൽ കെട്ടി വലിച്ചതിന്‍റെ ഗിന്നസ്​ ലോക റെക്കോർഡ്​ ആശയുടെ പേരിലാണ്​.

ആശയുടെ റെക്കോർഡ്​ നേട്ടത്തിന്‍റെ വീഡിയോ ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്​. ഗിന്നസ് വേൾഡ് റെക്കോർഡിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ വീണ്ടും പോസ്​റ്റ്​ ചെയ്ത ആശ റാണിയുടെ പ്രകടനത്തിന്‍റെ വീഡിയോയാണ്​ നെറ്റിസൺസ്​ ഏറ്റെടുത്തിരിക്കുന്നത്​.

ഇന്ത്യയുടെ 'ഇരുമ്പ്​ റാണി' എന്ന്​ അറിയപ്പെടുന്ന ആശ റാണി 2016ൽ ഗിന്നസ്​ വേൾഡ്​ റെക്കോർഡ്​സ്​ ഇറ്റാലിയൻ ഷോയിലാണ്​ ആശ്​ചര്യപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചത്​. 32 പേർ ഇരിക്കുന്ന ലണ്ടൻ ഡബ്​ൾ ഡക്കർ ബസ്​ ആണ്​ ആശ മുടിയിൽ കെട്ടിവലിച്ചത്​. അതോടെ ഏറ്റവും ഭാരമേറിയ വണ്ടി മുടിയിൽ കെട്ടിവലിച്ച വനിത എന്ന ലോക റെക്കോർഡ്​ ആശയുടെ പേരിലായി.

Full View

ഗിന്നസ്​ ബുക്കിന്‍റെ ഇൻസ്റ്റ പേജിൽ പോസ്റ്റ്​ ചെയ്തിരിക്കുന്ന വീഡിയോ ഇതോടകം മൂന്നര ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്​. 46000ത്തിലധികം ലൈക്കുകളും ധാരാളം കമന്‍റുകളുമാണ്​ വീഡിയോക്ക്​ ലഭിച്ചിരിക്കുന്നത്​. ആശ റാണിയുടെ അതുല്യമായ കഴിവിൽ അമ്പരന്നും ലോക റെക്കോർഡിന് അഭിനന്ദനമർപ്പിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'മുടിക്ക്​ ശക്​തിയുണ്ടെന്ന്​ സമ്മതിക്കുന്നു, അതിനേക്കാൾ ശക്​തിയുടെ അവരുടെ കാലുകൾക്ക്​', 'ഷാമ്പൂ പരസ്യത്തിന്​ പറ്റിയ സാധനം' തുടങ്ങിയ കമന്‍റുകളാണ്​ വീഡിയോക്ക്​ ലഭിച്ചിരിക്കുന്നത്​.


ഭാരം വലിക്കുന്നതിന്‍റെയും ഉയർത്തുന്നതിന്‍റെയും പേരിൽ ഏഴ്​ ഗിന്നസ്​ റെക്കോർഡുകൾ ആശ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്​. 2014ൽ യു.കെയിലെ ലീസസ്റ്ററിൽ വെച്ച്​ കൺതടങ്ങൾ ഉപയോഗിച്ച്​ ഭാരമുയർത്തിയും 2013ൽ 1,700 കിലോ ഭാരമുള്ള വാൻ ചെവികൾ ഉപയോഗിച്ച്​ കെട്ടിവലിച്ചും ആശ റാണി ലോകത്തെ അത്​ഭുതപ്പെടുത്തിയിട്ടുണ്ട്​. ഒരു വാഹനം പല്ല്​ ഉപയോഗിച്ച്​ 25 മീറ്റർ കെട്ടിവലിച്ചും ആശ റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്​. പഞ്ചാബിലെ മഹിൽപുരിൽ വെച്ചായിരുന്നു ഈ പ്രകടനം. 

Tags:    
News Summary - India's Asha Rani pulls 12,216 kg bus by hair, Guinness World Record video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.