ബംഗളൂരു: ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ കീഴടക്കി കയറുപയോഗിച്ച് ബൈക്കിൽ കെട്ടി വനംവകുപ്പ് ഓഫിസിലെത്തി കർഷകൻ. കർണാടക ഹാസൻ ജില്ലയിലെ ബഗിവാലു ഗ്രാമത്തിലാണ് സംഭവം. ബൈക്കിന് പിന്നിൽ പുലിയെയും കെട്ടി ഓടിച്ചുപോകുന്ന കർഷകന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മുത്തു എന്ന കർഷകന് നേരെയാണ് കൃഷിയിടത്തിൽ വെച്ച് പുലി ചീറിയടുത്തത്. പുലിയെ മൽപ്പിടുത്തത്തിലൂടെ കീഴടക്കിയ മുത്തു കൈകാലുകൾ കൂട്ടിക്കെട്ടി. തുടർന്ന് ബൈക്കിന് പിന്നിൽ പുലിയെയും കെട്ടി ഫോറസ്റ്റ് ഓഫിസിലേക്ക് ബൈക്കോടിച്ച് പോകുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ച പുലിയെ അധികൃതർ ചികിത്സക്കായി മാറ്റി. ഒമ്പത് മാസം മാത്രമാണ് പുലിക്ക് പ്രായം. പുലിയെ ദ്രോഹിക്കണമെന്ന ഉദ്ദേശ്യം മുത്തുവിന് ഉണ്ടായിരുന്നില്ലെന്നും സ്വയരക്ഷക്ക് വേണ്ടി ചെയ്തതാണെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു. വന്യമൃഗങ്ങളെ കൈകാര്യം ചെയ്യേണ്ട രീതി അറിയാത്തതു കൊണ്ടാണ് ബൈക്കിൽ കെട്ടി കൊണ്ടുവന്നതെന്നും ഇവർ വ്യക്തമാക്കി.
പുലിയുമായുള്ള മൽപ്പിടുത്തത്തിൽ മുത്തുവിന് ചെറിയ പരിക്കുകൾ മാത്രമാണുള്ളത്. മുത്തുവിനെ വനംവകുപ്പ് കൗൺസലിങ്ങിനയച്ചു. ചികിത്സക്കായി മൃഗാശുപത്രിയിലേക്ക് മാറ്റിയ പുലി നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.