2019 ആഗസ്റ്റ് എട്ടിന് രാത്രിയിലാണ് നിരവധി ജീവനുകൾ കവർന്ന കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ നിലമ്പൂർ പോത്തുകൽ കവളപ്പാറയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണിനടിയിലായ 59 പേരിൽ 48 പേരുടെ മൃതദേഹങ്ങളാണ് നാട്ടുകാരും സന്നദ്ധപ്രവർത്തകരും അഗ്നിശമനസേനയും ചേർന്ന് പുറത്തെടുത്തത്. പതിനൊന്ന് പേരെ കണ്ടെത്താനായില്ല. പ്രദേശവാസികൾ ഇപ്പോഴും ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമയിൽ നിന്ന് മോചിതരായിട്ടില്ല. ഉറ്റവരെ തേടി നിരവധി കുടുംബങ്ങളാണ് കണ്ണീർ ഓർമകളുമായി അവിടെ ജീവിക്കുന്നത്. ദുരന്തത്തിന്‍റെ നാലാം വാർഷികദിനത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട മലപ്പുറം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ഇ.കെ അബ്ദുൽ സലീം തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മ പുതുക്കുകയാണ്.
മരണം മഴയായ് പെയ്തിറങ്ങിയ ആ ആഗസ്റ്റ് എട്ടിന്‍റെ ഓർമ്മയിൽ...
വിനോബഭാവെയുടെ നേതൃത്വത്തിൽ ഭൂമിയില്ലാത്തവർക്ക് ഭൂമി ദാനം ചെയ്യാനുള്ള ഭൂദാൻ പ്രസ്ഥാനത്തിൽ രാജ്യം മുഴുവൻ ആകൃഷ്ടരായ കാലം. നിലമ്പൂർ കോവിലകം ആയിരം ഏക്കർ ഭൂമിയാണ് ദാനം ചെയ്യാൻ തയ്യാറായത്. ഈ ചരിത്ര സംഭവത്തിന് സാക്ഷിയാവാൻ സാക്ഷാൽ ജവഹർലാൽ നെഹ്രു തന്നെ നിലമ്പൂരിലെത്തി. 1955 ഡിസംബർ 27 ന് നിലമ്പൂരിലെ ആദിവാസി വിഭാഗത്തിൽ പെട്ടവരുടെ പ്രതിനിധിയായ ചൈരൻ മുത്തന് ഭൂമി കൈമാറി അന്നത്തെ പ്രധാനമന്ത്രിയാണ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. നൂറ്റി നാൽപ്പത് കുടുംബങ്ങൾക്കാണ് അന്ന് ഭൂമി കിട്ടിയത്. ഈ പ്രദേശമാണ് കഴിഞ്ഞ വർഷം കവളപ്പാറയിൽ ഒരൊറ്റ രാത്രി കൊണ്ട് കേരളത്തിന്‍റെ കണ്ണീരായ ഭൂദാനം കോളനി.
നിലമ്പൂരിൽ ദുരിതം വിതച്ച് 2018 ൽ പെയ്തിറങ്ങിയ പെരുമഴയിൽ നിന്ന് നിന്ന് പാഠങ്ങളുൾക്കൊണ്ട് മുന്നൊരുക്കങ്ങൾ നടത്തി നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും കമ്യൂണിറ്റി റസ്ക്യു വളണ്ടിയർമാരുടെയും സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി 1630 ഓളം പേരെ സുരക്ഷിത സ്ഥലങ്ങളിലെത്തിച്ച് പ്രളയത്തിൽ ഒരു ജീവൻ പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് പോത്തുകൽ പഞ്ചായത്തിലെ കവളപ്പാറയിൽ ഭൂദാനം കോളനി പ്രദേശത്ത് ഉരുൾപൊട്ടി മുപ്പതിലധികം വീടുകൾ തകർന്ന് അറുപതോളം പേരെ കാണാതായി എന്ന വിവരം നിലമ്പൂർ ഫയർ സ്റ്റേഷനിലറിയുന്നത്.
വാർത്താവിനിമയ സംവിധാനങ്ങൾ പാടെ തകർന്നതിനാലും റോഡുകൾ പ്രളയജലത്തിൽ മുങ്ങിഈ പ്രദേശം പുറംലോകവുമായി തീർത്തും ഒറ്റപ്പെട്ടതിനാലും ദുരന്തത്തിന്റെ ശരിയായ ചിത്രംപുറത്തറിയുന്നത് 9. 8.2019 ന് രാവിലെയാണ്. സംഭവമറിഞ്ഞയുടനെ തന്നെ പ്രളയ രക്ഷാപ്രവവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി നിലമ്പൂർ നിലയത്തിൽ തലേദിവസം തന്നെ എത്തിച്ചേർന്ന പാലക്കാട് റീജ്യണൽ ഫയർ ഓഫീസർ ശ്രീ.വി. സിദ്ദകുമാർ മലപ്പുറം ജില്ലാ ഫയർ ഓഫീസർ ശ്രീ. മൂസാ വടക്കേതിൽ എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം പേരടങ്ങുന്ന ആദ്യ സംഘം വിവിധ വാഹനങ്ങളിലായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
ദുരന്തം സംഭവിച്ച സ്ഥലത്തേറോഡുകൾ മിക്കതും അപ്പോഴും പ്രളയജലത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു.കൂടാതെ ചിലയിടങ്ങളിൽ പാലങ്ങൾ പോലും തകർന്ന സ്ഥിതിയും നിലമ്പൂരിൽ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ ദൂരമാണ് കവളപ്പാറയിലേക്കുള്ളത്. കരുളായി വഴി അമ്പത് കിലോമീറ്ററോളം ദൂരം ചുറ്റി സഞ്ചരിച്ചാണ് സേന ദുരന്തഭൂമിയിലേക്ക് യാത്ര തുടർന്നത്. വഴിയിൽ പനങ്കയം പാലം കവിഞ്ഞൊഴുകി മരങ്ങളും മണ്ണും പാലത്തിൽ വന്നടിഞ്ഞ് യാത്ര തടസ്സപ്പെട്ടു.ചെയിൻ സോ ഉപയോഗിച്ച് മരങ്ങൾ മുറിച്ച് മാറ്റി മണ്ണുമാന്തിയന്ത്രങ്ങൾ ലഭ്യമാക്കി മരങ്ങൾ നീക്കം ചെയ്ത് ഏറെ ശ്രമകരമായ പ്രവർത്തനങ്ങളോടെയാണ് യാത്ര തുടരാനായത്. വഴിയിൽ മിക്ക ഇടങ്ങളും മരങ്ങൾ വീണ് തടസപ്പെട്ട് കിടക്കുകയായിരുന്നു. ഉച്ചയോടെയാണ് സംഭവസ്ഥലത്ത് ആദ്യ രക്ഷാപ്രവർത്തക സംഘത്തിന് എത്താനായത്!
അവിശ്വസനീയമായിരുന്നു ആദ്യ കാഴ്ച.....
മുത്തപ്പൻ കുന്നിന്റെ ഏതാണ്ട് അമ്പത് ഏക്കറോളം പ്രദേശം മൂന്ന് ഭാഗങ്ങളായി ഇടിഞ്ഞ് പതിനഞ്ച് ഏക്കറോളം വരുന്ന ഒരു സമതല പ്രദേശം രൂപപ്പെട്ടിരിക്കുന്നു. അങ്ങിങ്ങായി മരങ്ങൾ വീണു കിടക്കുന്നു. ചിലയിടങ്ങിൽ വീടുകളുടെ അവശിഷ്ടങ്ങൾ കാണാം......
രണ്ടിടങ്ങളിലായി മണ്ണ് അടർന്ന് വീഴാതെ പച്ചത്തുരുകൾ പോലെ പ്രദേശവും അവിടെ ചില വീടുകളും കാണുന്നു. അറുപതോളം മനുഷ്യ ജീവനുകൾ ഒന്ന് നിലവിളിക്കാൻ പോലുമാകാതെ മണ്ണിലമർന്ന് പോയയാഥാർത്ഥ്യത്തോട്പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തു.
ഒരിറ്റു കണ്ണുനീർ വാർക്കാൻ പോലും ഒരാളുമവശേഷിക്കാത്ത വിധം കുടുംബങ്ങൾ ഒന്നടങ്കം മണ്ണിനടിയിൽ അകപ്പെട്ട വിവരം ഞെട്ടലോടെയാണ് കേട്ടത്. എങ്ങും പ്രതീക്ഷയോടെ രക്ഷാപ്രവർത്തകരുടെ ഓരോ നീക്കങ്ങൾക്കും സഹായവുമായി നാട്ടുകാരും മരണപ്പെട്ടവരുടെ ബന്ധുക്കളും..
മഴ അപ്പോഴും ശക്തമായി തുടരുന്നുണ്ടായിരുന്നു. ഏത് സമയത്തും തുടർന്നും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലും സാധ്യതയുള്ളതായി നാട്ടുകാർ ഓർമ്മിപ്പിച്ച് കൊണ്ടിരുന്നു. പരിക്കേറ്റവരേയും തകർന്ന കെട്ടിടങ്ങങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടവരേയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.അത് കൊണ്ട് തന്നെ ജീവനോടെ ആരും അവശിഷ്ടങ്ങൾക്കിടയിൽ ഇല്ലെന്ന ധാരണയിൽ എത്താനായി...
പല റോഡുകളും ശക്തമായ മലവെള്ളപ്പാച്ചിലിനെഅതിജീവിച്ചതാണ്, മണ്ണ് ഒഴുകിപ്പോയി അപകടസ്ഥിതിയിലുമാണ് . കൂടാതെ പനങ്കയം പാലം കൈവരികൾ തകർന്ന് ബലക്ഷയം സംഭവിച്ച് ഗതാഗതം നിയന്ത്രിച്ച് നിർത്തിയ അവസ്ഥയും, കൂടുതൽ മണ്ണുമാന്തിയന്ത്രങ്ങൾ എത്തിക്കുക അസാധ്യം. പ്രദേശം മുഴുവൻ മണ്ണിടിഞ്ഞ് വീണ് ചതുപ്പായി മാറിയതിനാൽ പ്രൊക്ലൈനർ കൊണ്ട് മാത്രമേ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുമായിരുന്നുള്ളൂ. ലോറിയിൽ ഇവ കയറ്റി പനങ്കയം പാലത്തിലൂടെ മറുകര എത്തിക്കാനാവുമെന്ന് ഉറപ്പില്ല.
പിക്കാക്സും മൺവെട്ടിയും ഷവലുമൊക്കെ ഉപയോഗിച്ച് മണ്ണ് നീക്കി റോസിനോട് ചേർന്ന ഭാഗത്ത് പുറത്ത് കാണുന്ന കെട്ടിടങ്ങൾക്കിടയിൽ ആരെയെങ്കിലും പുറത്തെടുക്കാനായിരുന്നു ആദ്യ ശ്രമം!. എന്നാൽ, ഈ ശ്രമം വിജയം കണ്ടില്ല. തുടർന്ന് പരിസരത്ത് ലഭ്യമായ ഒരു മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ച് നാട്ടുകാർ ആളുകളെ രക്ഷിച്ച വീടിന്റെ തകർന്ന് വീണ സ്ലാബുകൾ നീക്കിയപ്പോൾ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്താനായി... തുടർന്ന് ശക്തമായ മഴയെ തുടർന്ന് തിരച്ചിൽ തുടരാനായില്ല.
രണ്ടാം ദിവസമായ 10.8.19ന് രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ തന്നെ ശക്തമായ മഴ തുടരുന്നുണ്ടായിരുന്നു. വീടിന്റെ അവശിഷ്ടങ്ങൾ കാണുന്ന റോഡിനോട് ചേർന്ന പ്രദേശങ്ങളിൽ നേരത്തേ മൃതദേഹങ്ങൾ കിട്ടിയ പ്രദേശത്തായിരുന്നു തിരച്ചിൽ മറ്റിടങ്ങളിൽ മുപ്പതടിയോളം മണ്ണ് വന്ന് നിറഞ്ഞ് ചതുപ്പ് നിലങ്ങളായി മാറിയിരുന്നു. ആളുകൾക്കോ മണ്ണുമാന്തിയന്ത്രങ്ങൾക്കോ പ്രവേശിക്കാൻ പറ്റാത്ത അപകടകരമായ അവസ്ഥ. അതിനിടയിൽ കുന്നിടിഞ്ഞ് വീണ് ഒരു തുരുത്തായി ഒറ്റപ്പെട്ട സ്ഥലത്ത് വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു കുഞ്ഞ് ജീവനോടെയിരിക്കുന്നു എന്ന് ആരോ സംശയം പ്രകടിപ്പിച്ചു.
ശക്തമായ മഴ വീണ്ടും മണ്ണ് അടർന്ന് വീഴാനുള്ള സാധ്യത നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുമുണ്ട്. എങ്കിലും മലപ്പുറം ജില്ലാ ഫയർ ഓഫീസർ മൂസാ വടക്കേ തിലിന്റെ നേതൃത്വത്തിൽ പതിനഞ്ച് പേരടങ്ങുന്ന ഒരു സംഘം കോൺഗ്രീറ്റ് കട്ടർ ചെയിൻ സോഡി മോളിഷിംഗ് ഹാമർ തുടങ്ങിയ ഉപകരണങ്ങളുമായി വളരെ അപകടകരമായ രീതിയിൽ ചതുപ്പ് നിലങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ കൈകോർത്ത് പിടിച്ച് മറികടന്ന് നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ മരങ്ങൾ മുറിച്ചിട്ട് ഉരുൾപ്പൊട്ടൽ മൂലംഒഴുകിയെത്തിയ ജലം മൂലം രൂപപ്പെട്ട അരുവിയിൽ ശക്തമായ ഒഴുക്കിനെ മറികടന്ന് സാഹസികമായി സംഭവസ്ഥലത്ത് എത്തിച്ചേർന്നു. പരിശോധന നടത്തി ജീവനോടെ ആരുമില്ലെന്ന് ഉറപ്പ് വരുത്തി.
പെട്ടൊന്ന് ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് വീണ്ടും മലയിടിഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും പോലീസ് അപായ സൂചന നൽകുകയും ചെയ്തു.മലപ്പുറം ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ജീവൻ തന്നെ അപകടത്തിലാവുന്ന അവസ്ഥ!കടന്ന് വരേണ്ടത് വലിയ ആഴത്തിലുള്ള ചതുപ്പ് നിലങ്ങൾ ശക്തമായ മഴ അരുവിയിലെ നീരൊഴുക്ക് കൂടി ക്കൊണ്ടിരിക്കുന്നു. ആകെ പ്രാണഭയത്താലുള്ള വെപ്രാളം !എന്തും സംഭവിക്കാം! മാധ്യമ പ്രവർത്തക്കും നാട്ടു കാരും പോലീസും ഓടി മറയുന്നു.
എന്തോ ദൈവാധീനം പോലെ മഴയൊന്ന് കുറഞ്ഞു മണ്ണിടിഞ്ഞ ഭാഗം പിന്നീട് ഇടിഞ്ഞ് താഴ്ന്നില്ല. രക്ഷാ സേനാംഗങ്ങൾ സുരക്ഷിത സ്ഥാനത്തെത്തി. മണിക്കൂറുകളോളം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. പിന്നീട് പടിഞ്ഞാറ് വശത്ത് മുതദേഹങ്ങൾ നേരത്തേ കണ്ടെടുത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചായി രക്ഷാപ്രവർത്തനം ! വെള്ളം കൊണ്ടുന്ന മണ്ണ് വെള്ളം കൊണ്ട് തന്നെ നീക്കം ചെയ്യുന്നതിനുള്ള പുതിയ പരീക്ഷണവും നടത്തി സേനയുടെ ഫ്ലോട്ട് പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മണ്ണ് ഒഴുക്കിക്കളഞ്ഞ് കെട്ടിടാവശിഷ്ടങ്ങൾ പുറത്തെടുക്കാനായി ശ്രമം .ഇത് വൻ വിജയമായി.തകർന്ന കെട്ടിടങ്ങളിലെ സ്ലാബുകളും ബീമുകളും പുറത്ത് വന്നതോടെ മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോെടെ അത് ഉയർത്തി തിരച്ചിൽ നടത്താൻ എളുപ്പമായി. വൈകുന്നേരത്തോടെ ആറ് മൃതദേഹങ്ങൾ ഒന്നിച്ച് ഒരു വീട്ടിൽ നിന്ന് ഇങ്ങനെ കണ്ടെത്താനായി.മഴ ശക്തമായതോടെ അന്ന് തിരച്ചിൽ അവസാനിപ്പിച്ചു.
പ്രളയഭീതിയൊഴിഞ്ഞ്റോഡ് ഗതാഗതം സുഗമമായി പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ബോധ്യപ്പെട്ടതോടെ കൂടുതൽ മണ്ണുമാന്തിയന്ത്രങ്ങളേയും ജീവനക്കാരേയും സംഭവസ്ഥലത്തേക്ക് എത്തിച്ച് തിരച്ചിൽ തുടരാനായി പിന്നീടുള്ള ശ്രമം ബഹു.ഡയറക്ടർ ജനറലുടെ നിർദ്ദേശപ്രകാരം കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ഓഫീസർമാരേയും ജീവനക്കാരേയും സംഭവസ്ഥലത്തെത്തിച്ച് ഇൻസിഡൻറ് കമാന്റ് സിസ്റ്റത്തിന് രൂപം നൽകി. പിന്നീട് നടന്നത് കേരളാ ഫയർ &റസ്ക്യു സർവ്വീസസിന്റെ ചരിത്രത്തിലെ തങ്കലിപികളിൽ എഴുതപ്പെടേണ്ട ചരിതം!
നിലമ്പൂർ ഫയർ സ്റ്റേഷൻ ബേസ് ക്യാമ്പ് ആയി സൗകര്യങ്ങളൊരുക്കി.പാലക്കാട് റീജിയണൽ ഫയർ ഓഫീസർ ശ്രീ.വി. സിദ്ധകുമാർ ഇൻസിഡന്റ് കമാണ്ടറായും മലപ്പുറം ജില്ലാ ഫയർ ഓഫീസർ ശ്രീ.മൂസാ വടക്കേതിൽ പാലക്കാട് ജില്ലാ ഫയർ ഓഫീസർ ശ്രീ.അരുൺ ഭാസ്കർ എന്നിവരെ സെക്റ്റർ കമാണ്ടർമാരായും നിയോഗിച്ചു. ആറ് സ്റ്റേഷൻ ഓഫീസർമാരെ സെർച്ച് പോയിന്റ് സോണൽ ഓഫീസർമാരായി നിയമിച്ച് പതിനഞ്ച് പേരടങ്ങുന്ന സേനാംഗങ്ങളെ വർക്കിംഗ് ഗ്രൂപ്പായി വിന്യസിച്ചു.
ഓരോ സ്റ്റേഷൻ ഓഫീസർമാർക്ക് തന്നെ കൺട്രോൾ റും ഡിസ്ട്രിബ്യൂഷൻ, ഫ്യൂവൽ ഡിസ്ട്രിബ്യൂഷൻ, ഫുഡ് സപ്ലൈ എന്നിങ്ങനെ പ്രത്യേക ചുമതലകൾ നൽകി.അവർക്ക് കീഴിലും പതിനഞ്ച് വർക്കിംഗ് ഗ്രൂപ്പിനെ നൽകി.ഓരോ ഗ്രൂപ്പിലും പ്രദേശത്തെ ഭൂമി ശാസ്ത്രമായ പ്രത്യേകതകൾ അറിയുന്ന നിലമ്പൂർ നിലയത്തിലെ ജീവനക്കാരേയും മുൻ ദിവസങ്ങളിൽ സെർച്ച് ചെയ്യുന്നതിൽ പങ്കാളിയായ ജീവനക്കാരേയും ഉൾപ്പെടുത്തി.രാവിലെ ബേസ് ക്യാമ്പിൽ നിന്ന് തന്നെ ഓരോരുത്തർക്കും ചുമതലകൾ വീതിച്ച് നൽകി.വൈകീട്ട് തിരിച്ചെത്തിയ ശേഷം വിലയിരുത്തലുകൾ നടത്തി പുതിയ പദ്ധതികൾക്കായി ചർച്ച ചെയ്ത് തീരുമാനമെടുത്തു, അതോടെ എണ്ണയിട്ട യന്ത്രം പോലെ രക്ഷാപ്രവർത്തനം മുഴുവൻ കരുത്തുമായി പ്രവർത്തിച്ച് തുടങ്ങി.
അത്യാവശ്യ സാധനങ്ങളും മണ്ണുമാന്തിയന്ത്രങ്ങൾക്കുള്ള ഇന്ധനങ്ങളും ഓരോ സെർച്ച് പോയിന്റുകളിലും എത്തിക്കുക എന്നത് വൻ വെല്ലുവിളിയായിരുന്നു. നാൽപ്പത് അടി വരേ താഴ്ചയുള്ള ചതുപ്പു പ്രദേശങ്ങൾ രൂപപ്പെട്ടതിന് പുറമേ ശക്തമായ മായ മഴയും മണ്ണുമാന്തിയന്ത്രങ്ങൾ തിരഞ്ഞ് മാറ്റിയിടുന്നു മൺകൂമ്പാരങ്ങൾ വേറെയും. മരങ്ങൾ ചെയിൻ സോ ഉപയോഗിച്ച് മുറിച്ച് ചതുപ്പ് നിലങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പാകിയാണ് മണ്ണുമാന്തിയന്ത്രങ്ങൾക്ക് പാതയൊരുക്കിത് എങ്കിലും പല തവണ യന്ത്രങ്ങൾ ചളിയിൽ പുതഞ്ഞ് മണിക്കൂറുകൾ തിരച്ചിൽ മുടങ്ങി. മറ്റു യാന്ത്രങ്ങളുടെ സഹായത്തോടെ വലിച്ചുയർത്തിയാണ് ജോലി തുടരാനായത്.
അലീനയെന്ന പെൺപെൺകുട്ടി കുരുങ്ങിക്കിടക്കുന്നതായി ഉരുൾപൊട്ടലിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട പിതാവ് വിക്ടർ ചൂണ്ടിക്കാട്ടിയ വീടിന് അടിയിൽ പരിശോധന നടത്തുന്നതായിരു ഒരു ദൗത്യം! കോൺഗ്രീറ്റ് കട്ടറുപയോഗിച്ച് സ്ളാബുകൾ മുറിച്ച് ഷിയേർസിന്റെ സഹായത്തോടെ കമ്പികൾ അറുത്ത് മാറ്റി അലീന കിടക്കുന്ന സ്ഥലത്തി. കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. രക്ഷപ്പെട്ട പിതാവ് വിക്റ്ററിന്റെ വിരൽതുമ്പിൽ നിന്നാണ് അലീനയെന്ന ആറ് വയസ്സ് കാരിയുടെ ദേഹത്തേക്ക് കെട്ടിടത്തിന്റെ ബീം തകർന്ന് വീണത് ! രക്ഷക്കായ് നീട്ടിയ കരങ്ങളുമായി ആ പിഞ്ചു കുഞ്ഞിന്റെ കിടപ്പ് കണ്ട് പിതാവ് വാവിട്ട് കരഞ്ഞപ്പോൾ രക്ഷാ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും കണ്ണു തുടക്കുന്നത് കണ്ടു. ഒപ്പം അലീനയുടെ പേരെഴുതി ഒരു പാവക്കുട്ടി ആ മണ്ണിൽ പുതഞ്ഞ് കിടക്കുന്നു...
വീണ്ടും മഴ ശക്തിയായി മണ്ണുമാന്തിയന്ത്രങ്ങളും സേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരും പലപ്പോഴും ചേറിൽ പുതഞ്ഞു പോയി. സുരക്ഷ മുൻനിർത്തിബഡ്ഡി രീതിയിൽ രണ്ട് പേർ ചേർന്ന് മാത്രം പ്രവർക്കാൻ നിർദ്ദേശം നൽകിയത് കൊണ്ട് മാത്രമാണ് പലരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
പിന്നീട് ഓരോ ദിവസങ്ങളും അഞ്ചും ആറും മൃതദേഹങ്ങൾ പല പോയിന്റുകളിൽ നിന്ന് ലഭിച്ച് തുടങ്ങി... കണ്ടെത്തിയ മൃതദേഹങ്ങൾ പലതും അഴുകി തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു. ദുർഗന്ധം കാരണംബന്ധുക്കൾ വരേ മാറി നിൽക്കുന്ന സ്ഥിതിയായിരുന്നു പലപ്പോഴും.കണ്ടെത്തിയ മൃതദേഹങ്ങൾ ചിലപ്പോൾ മൃതദേഹത്തിന്റെ ഭാഗങ്ങൾ പൊതിഞ്ഞ് കെട്ടി സ്ട്രെക്ചറിൽ എടുത്ത് വഴുവഴുപ്പുള്ള പ്രദേശങ്ങളും ചതുപ്പുനിലങ്ങളും കടന്ന് ആമ്പുലൻസിലേക്ക് എത്തിക്കുന്നത് ഏറെ ദുഷ്കരമായിരുന്നു. സന്നദ്ധ പ്രവർത്തകർപ്പൊപ്പം പത്തിരുപത് പേർ
കൈകൾ ചേർത്തു പിടിച്ച് ആമ്പുലൻസിൽ എത്തിക്കുന്ന കാഴ്ചശ്വാസമടക്കിപ്പിടിച്ചാണ് പലരും നോക്കിയിരുന്നത്. പോസ്റ്റ്‌മോർട്ടവും ശവസംസ്കാരച്ചടങ്ങുകളുംകഴിഞ്ഞ് ശ്മശാനം വരേ സേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരും മൃതദേഹങ്ങളെത്തിച്ചു. ഇടക്ക് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ സിസ്റ്റവുമായി ഹൈദരാബാദിൽ നിന്ന് വിദഗ്ധർ എത്തിയെങ്കിലും നനഞ്ഞു കുതിർന്ന മണ്ണിൽ ഈ സാങ്കേതിക വിദ്യ ഫലപ്രദമല്ല എന്ന് മനസ്സിലാക്കി അവർ മടങ്ങി.
തുടർച്ചയായി പത്തു ദിവസങ്ങൾ മൃതദേഹങ്ങൾ കണ്ടെത്താനായി.പിന്നീട് ഒരു ദിവസം മൃതദേഹമൊന്നും കണ്ടെത്തിയില്ല. പിറ്റേ ദിവസം രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത് ആശ്വാസമായി. മൃതദേഹങ്ങൾ കാണാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞ സ്ഥലങ്ങളും വെള്ളം ഒഴുകിയ പ്രദേശവുമുൾപ്പെടെ 95% സ്ഥലങ്ങളും ഈ സമയം കൊണ്ട് പരിശോധന നടത്തിയിരുന്നു. മരണപ്പെട്ടെന്ന് കരുതുന്ന 59 പേരിൽ 48 പേരുടെ മൃതദേഹങ്ങൾ അപ്പോഴേക്കും കണ്ടെത്തിക്കഴിഞ്ഞിരുന്നു.
ദുരന്തത്തിൽ മരിച്ച സൈനികൻ വിഷ്ണുവിന്റെ മൃതദേഹത്തിനായി ഇന്ത്യൻ ആർമിയിൽ നിന്നും സേനാംഗങ്ങൾ എത്തി തിരച്ചിലിൽ പങ്ക് ചേർന്നിരുന്നു. ലക്ഷ്യം കാണാതെ അന്നു തന്നെ അവർ മടങ്ങി .പിന്നീട് നടന്ന തിരച്ചിലിൽ വിഷ്ണുവിന്റ മൃതദേഹവും കണ്ടെത്തി.
ഉരുൾപൊട്ടൽ മൂലം വെള്ളം ഒഴുകി പഴയ അരുവിഗതി മാറിയ ഒഴുകിയ സ്ഥലത്ത് രൂപപ്പെട്ട നാൽപ്പത് അടിയോളം ആഴമുള്ള ചതുപ്പ് പ്രദേശമായിരുന്നു പിന്നീട് തിരച്ചിൽ നടത്താൻ ബാക്കിയുണ്ടായിരുന്നത് അവിടെയും വളരെയേറെ ശ്രമിച്ചെങ്കിലും പിന്നീട് ഏഴ് ദിവസത്തോളം ഒരു മൃതദേഹവും കണ്ടെത്താനായില്ല. പതുക്കെ ആ യാഥാർത്ഥ്യത്തോടു പൊരുത്തപ്പെട്ട ബന്ധുക്കൾ രക്ഷാ പ്രവർത്തകർക്കൊപ്പമെത്തി അവർക്ക് സംശയമുള്ള പ്രദേശങ്ങൾ പരിശോധിക്കാൻ നിർദേശിച്ചു.
ആദ്യ ദിനങ്ങളിൽ നൊമ്പരമായ അലീനയുടെ പാo പുസ്തകങ്ങളുടെ കാഴ്ച വീണ്ടും രക്ഷാപ്രവർത്തകരുടെ മനസ്സിൽ തേങ്ങലായി അവസാന ദിനത്തിൽ! മണ്ണുമാന്തിയന്ത്രങ്ങളുടെ ഓരോ ബക്കറ്റ് മണ്ണിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെശരീരത്തിലേക്കാണോ എന്ന ആധിയോടെ നിൽക്കുന്ന ഓരോ ബക്കറ്റിലും തങ്ങളുടെ ഉറ്റവരുടെ ശരീര ഭാഗങ്ങളുണ്ടോ എന്നന്വേഷിക്കുന്ന കരഞ്ഞ് കലങ്ങിയ കുറെ കണ്ണുകളുടെ കാഴ്ച വല്ലാതെ നൊമ്പരപ്പെടുത്തി.അവസാനം അവരുടെ കൂടി സമ്മതത്തോടെ അവസാന ദിവസം 27.8.19 ന് ഒരു ശ്രമം കൂടി നടത്തി തിരച്ചിൽ അവസാനിപ്പിക്കാനുള്ള തീരുമാനം ജില്ലാ ഭരണകൂട മെടുത്തു.
പ്രകൃതിയുടെ താണ്ഡവത്തിൽ 59 പേരുടെ സ്വപ്നങ്ങൾ ഒരു നിമിഷാർദ്ധം കൊണ്ട് തകർന്ന് പോയ കവളപ്പാറയിൽ ഒരു നിമിഷം ഒരു നെടുവീർപ്പോടെ മൗനമാചരിച്ച് അശ്രുപൂക്കളർപ്പിച്ച് സേന തിരികെ പോന്നു. യുദ്ധം കഴിഞ്ഞ് വരുന്ന യോദ്ധാക്കളെയാത്രയാക്കും പോലെയാണ് കവളപ്പാറയിലെ ജനങ്ങൾ രക്ഷാ പ്രവർത്തകരെ യാത്രയാക്കിയത് പക്ഷേ ഇനിയും കണ്ടെത്താനാവാത്ത ആ പതിനൊന്ന് പേർ ഒരു നെരിപ്പോടായി ഓരോ സേനാംഗത്തിന്റെ മനസ്സിലുമുണ്ട്. പ്രകൃതിയെ നമിക്കുന്നു. ആ തീരുമാനങ്ങൾ തിരുത്താനാവാത്ത കേവലം മനുഷ്യരാണ് ഞങ്ങളും. ഉറ്റവർ നഷ്ടപ്പെട്ട ആ കുടുംബങ്ങളുടെ ഒരോരുത്തരുടെ വേദനയും ഞങ്ങളുടെ മനസ്സിലേക്കാവാഹിക്കുന്നു.
ജീവിതത്തിന്റെ നിസ്സഹായാവസ്ഥയുടെ ഒരിക്കൽ കൂടിയുള്ള ഓർമ്മപ്പെടുത്തലാണ് കവളപ്പാറ....
ഒപ്പം സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയും....
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പേര് പോലും കേൾക്കാത്ത മനുഷ്യരുടെ മൃതദേഹങ്ങൾ തിരയാൻ ദിവസങ്ങൾ കഴിഞ്ഞിട്ടും ആ മൃതദേഹങ്ങൾ മനുഷ്യ ജന്മം അർഹിക്കുന്ന ആദരവോടെ അന്ത്യോപചാരത്തിനുള്ള അവസരമൊരുക്കാൻ പ്രയത്നിച്ച നൂറു കണക്കിന് മനുഷ്യരുണ്ടായിരുന്നു കവളപ്പാറയിൽ അവരെക്കുറിച്ച് പറയാതെ ഈ കുറിപ്പ് പൂർണ്ണമാവില്ല. പത്ത് തവണയെങ്കിലും ദിവസവും അവരെത്തി അവരന്വേഷിക്കും ഭക്ഷണം കഴിച്ചോ, വെള്ളം കുടിച്ചോ എന്നൊക്കെ.മനസ്സ് നിറയുന്നു കണ്ണുകൾ നിറയുന്നു നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ...
കേരളത്തിന്റെ നാനാഭാഗത്ത് നിന്നെത്തി പരിസര പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് സേനക്കൊപ്പംരക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ സന്നദ്ധ പ്രവർത്തകർ. ജാതിയും മതവും സംഘടനയുടെ ചിഹ്നങ്ങളുമൊക്കെ അവരുടെ വസ്ത്രങ്ങളിൽ മാത്രമേ കണ്ടുള്ളൂ.
പ്രവർത്തികളിൽ അവർ ഏകോദര സോദരായിരുന്നു. മനുഷ്യനന്മ മാത്രം പുറം ലോകത്തെയറിയിച്ച് ചേറിൽ പുതഞ്ഞു പോയ ആ മനുഷ്യർക്കായി പ്രാർത്ഥിച്ച് അവസാന ദിവസം വരെ ഞങ്ങൾക്കു താങ്ങായി നിന്ന മാധ്യമ പ്രവർത്തരും ഒരു വേറിട്ട കാഴ്ചയായി. ഏതൊരു ഭാരതീയനുംആഗ്രഹിക്കുന്ന സാഹോദര്യം, അടിസ്ഥാനപരമായി മനുഷ്യന് നന്മ മാത്രമേയുള്ളൂ. ബാക്കിയെല്ലാം അഭിനയങ്ങൾ മാത്രമെന്നാണ് കവളപ്പാറയിലെ രക്ഷാപ്രവർത്തനത്തിൽ പത്തൊമ്പത് ദിവസവുംപങ്കെടുത്ത ആളെന്ന നിലയിൽ മനസ്സിലുറപ്പിക്കാനായത്.
മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുന്നിൽ ഒരുപിടികണ്ണീർപൂക്കൾ
അബ്ദുൽ സലിം. ഇ.കെ
സ്റ്റേഷൻ ഓഫീസർ,
ഫയർ & റസ്ക്യു സ്റ്റേഷൻ,
മലപ്പുറം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.