കവികളോട് ഇത്ര വൈരാഗ്യമുള്ള വീട്ടുടമ ആരായിരിക്കുമെന്ന ചർച്ചയിലാണിപ്പോൾ ട്വിറ്ററാറ്റികളിൽ പലരും. ഹാരി ടർട്ൽഡോവ് എന്ന ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ച 'അപാർട്മെന്റ് വാടകക്ക്' എന്ന ഒരു പരസ്യമാണ് ഇതിന് കാരണം. ഫർണിഷ് ചെയ്യാത്ത അപാർട്മെന്റിലേക്ക് വാടകക്ക് ആളെ തേടിയുള്ള ആ പരസ്യത്തിലെ ഒരു വാചകമാണ് എല്ലാവരെയും ആകർഷിച്ചത്. 'കവികൾക്ക് നൽകില്ല'.
'ബുദ്ധിപൂർവമുള്ള മുൻകരുതൽ' എന്ന കാപ്ഷനോടെയാണ് പരസ്യം പങ്കുവെച്ചത്. 'ഒരു ബെഡ്റൂം അപാർട്മെന്റ്, എല്ലാ സൗകര്യങ്ങളുമുണ്ട്, കവികൾക്ക് നൽകില്ല, പുകവലിയും പാടില്ല' എന്നാണ് പരസ്യത്തിലെ വരികൾ. നിരവധി പേരാണ് കവികൾക്ക് വാടകക്ക് നൽകില്ല എന്നതിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഒരാളാകട്ടെ കവിത പോലെ തന്നെ കമന്‍റും എഴുതി-''ഞാൻ വീട് അന്വേഷിക്കുന്നൊരു സാധാരണക്കാരൻ, മഴയിൽനിന്ന് രക്ഷ നേടാൻ അഭയം തേടുന്നവൻ'; 'ഈ പണി അറിയില്ലെങ്കിലും നീ ഒരു കവിയെ പോലെ കാണപ്പെടുന്നു' സംശയത്തോടെ വീട്ടുടമ പറഞ്ഞു...'' എന്നാണ് അയാൾ എഴുതിയത്.
'കവികൾക്ക് ഒരിക്കലും കൊടുക്കരുത്. വാടകക്ക് പകരം ഈരടികളാകും തരിക', 'ആർക്കോ ഒരു കവിയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട്', 'ഇൗ തീരുമാനത്തിന് പിന്നിലുള്ള കഥ പറയൂ', 'ഇതുകൊണ്ടാണ് ഞാൻ തിരക്കഥാരചനയിലേക്ക് തിരിഞ്ഞത്' തുടങ്ങിയ കമന്‍റുകളാണ് ട്വീറ്റിന് കിട്ടിയത്.
എന്ന്, എവിടെ, ഏത് പത്രത്തിൽ പ്രസിദ്ധീകരിച്ച പരസ്യമാണെന്ന വിവരമൊന്നും ലഭ്യമല്ല. പരസ്യത്തിൽ നൽകിയ നമ്പർ ഡയൽ ചെയ്യുേമ്പാൾ ബംഗളൂരു എന്നാണ് കാണിക്കുന്നത്. ഒരുപക്ഷേ, വളർത്തുമൃഗങ്ങൾ പാടില്ല (no pets) എന്നായിരിക്കും വീട്ടുടമ ഉദ്ദേശിച്ചതെന്നും അച്ചടിപ്പിശക് മൂലം ഇങ്ങനെ ആയതാകാമെന്നും കരുതപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.