മദ്യം തൊടാത്ത ആറു വർഷങ്ങൾ; കുടി നിർത്തിയതിനെ കുറിച്ച് വിജയ് മല്യയുടെ മകൻ സിദ്ധാർഥ്

മദ്യപാനം ഉ​പേക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ് പലർക്കും. ഓരോ പുതുവർഷം വരുമ്പോഴും മദ്യപാനം ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവരാണ് പലരും. എന്നാൽ അവരിൽ പലർക്കും മദ്യപാനം ഒഴിവാക്കാൻ പറ്റാറില്ല എന്നതാണ് യാഥാർഥ്യം. അതിനിടയിലാണ് മദ്യപാന ശീലത്തെ പടികടത്തിയതിനെ കുറിച്ച് വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർഥ് മല്യ ഒരു കുറിച്ച് പങ്കുവെച്ചത്. ആറുവർഷമായി താൻ മദ്യം തൊടാറില്ലെന്നും സിദ്ധാർഥ് ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നുണ്ട്. നിമിഷ നേരം കൊണ്ടാണ് ആളുകൾ പോസ്റ്റ് ഏറ്റെടുത്തത്.

''മദ്യം തൊടാതായിട്ട് ആറ് വർഷം തികയുന്നു. മദ്യപാന ശീലം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓർമപ്പെടുത്തലാണീ കുറിപ്പ്. നിങ്ങൾക്ക് ഏറ്റവും നല്ലത് ഏതാണ് എന്നത് അറിയാവുന്നത് നിങ്ങൾക്ക് മാത്രമാണ്. നിങ്ങളോട് മാത്രമാണ് നിങ്ങൾ മറുപടി നൽകേണ്ടതും. അതുപോലെ നിങ്ങളിൽ മാറ്റം വരുത്താൻ സാധിക്കുന്നതും നിങ്ങൾക്ക് മാ​ത്രമാണ്.''-എന്നാണ് സിദ്ധാർഥ് മല്യ കുറിച്ചത്. സ്വന്തം ഫോട്ടോ സഹിതമാണ് സിദ്ധാർഥ് കുടി നിർത്തിയ കാര്യം ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറഞ്ഞത്.

സിദ്ധാര്‍ഥ് മല്യയുടെ ഭാര്യ ജാസ്മിന്‍ സാന്റിയാഗോ ഉള്‍പ്പെടെ നിരവധി പേര്‍ പോസ്റ്റിനോട് പ്രതികരിച്ചു. ഈ വർഷം ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്. യു.കെയിലെ വിജയ് മല്യയുടെ ബംഗ്ലാവിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പ​ങ്കെടുത്തു. നടനും മോഡലുമാണ് സിദ്ധാർഥ്. കുറിപ്പ് ഏറെ പ്രചോദനം നൽകുന്നതാണെന്നാണ് പലരും പ്രതികരിച്ചത്. ഇതേ മാറ്റം ജീവിതത്തിൽ ​നടപ്പാക്കാൻ ആഗ്രഹിക്കുന്നതായും പലരും കുറിച്ചു. ചിലർ സിദ്ധാർഥിനെ അഭിനന്ദിക്കുകയും ചെയ്തു. മനോഹരമായ ആറുവർഷങ്ങൾ എന്നും ചിലർ കുറിച്ചു.

2020ൽ മദ്യപാനം ഉപേക്ഷിക്കുകയാണെന്ന് സൂചിപ്പ് സിദ്ധാർഥ് ഫേസ്ബുക്ക് വിഡിയോ പങ്കുവെച്ചിരുന്നു. തന്റെ മാനസികാരോഗ്യം കൂടി കണക്കിലെടുത്താണ് മദ്യപാനം ഉപേക്ഷിക്കുന്നതെന്നും സിദ്ധാർഥ് വ്യക്തമാക്കുകയുണ്ടായി. എന്നാൽ മദ്യം വ്യവസായമാക്കിയ ഒരു കുടുംബത്തിൽ നിന്നുള്ളയാൾക്ക് അത് സാധിക്കുമോ എന്നായിരുന്നു പലരുടെയും സംശയം.

Tags:    
News Summary - Liquor baron Vijay Mallya’s son Siddharth Mallya marks 6 years of alcohol free life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.