അടുത്തിടെ യൂട്യുബിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. തെലുങ്ക് സിനിമയിലെ സൂപ്പർതാരം അല്ലു അർജുൻ നായകനായ 'റോമിയോ ആൻഡ് ജൂലിയറ്റ്' സിനിമയിലെ സംഘട്ടനരംഗത്തിന്‍റെ പുനരാവിഷ്കാരം. മലപ്പുറം മേൽമുറിയിലെ യുവാക്കൾ തയാറാക്കിയ ഈ 'റീമേക്കിങ്' വീഡിയോയിൽ സിനിമയിലെ വളരെ ചെറിയ കാര്യങ്ങൾ പോലും സൂക്ഷ്മമായി ഉൾപ്പെടുത്തിയതു കൊണ്ടാണ് ശ്രദ്ധേയമായത്. അല്ലുഅർജുനുമായി രൂപസാദൃശ്യമുള്ളയാൾ തന്നെ നായകനായി എത്തിയതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും ഇവരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
സിനിമയിൽ ഉപയോഗിച്ച അതേ എഫക്ടുകളും കാമറ ആംഗിളുകളും കോസ്റ്റ്യൂമുകളും തന്നെയാണ് വീഡിയോയിലും ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം മൂന്ന് കാമറകൾ ഉപയോഗിച്ചായിരുന്നു സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണം. എഡിറ്റിങ് ആകട്ടെ പൂർണമായും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് നിർവഹിച്ചത്. സിനിമയിലെ രംഗത്തിന് സമാനമായ സെറ്റും ഇവർ മേൽമുറിയിൽ ഒരുക്കി. സൽമാൻ മേൽമുറിയാണ് ഈ പുനരാവിഷ്കാരത്തിന്റെ സംവിധായകൻ.
പത്താം ക്ലാസുകാരനായ ജാസിർ മേൽമുറി, പി.സി. രജീഷ്, ദിലീപ് മേൽമുറി എന്നിവർ ക്യാമറ കൈകാര്യം ചെയ്തു. ജാസിർ മേൽമുറി തന്നെയാണ് എഡിറ്റിങ്ങും ചെയ്തിരിക്കുന്നത്. തൃശൂർ സ്വദേശിയായ ഷാേന്റാ കെ. ആൻറണി അല്ലു അർജുന്‍റെ കഥാപാത്രമായ സഞ്ജു ആയി വേഷമിട്ടു. സ്നേഹ പെരിന്തൽമണ്ണ, ഹാഷിം മാടമ്പി എന്നിവരാണ് മറ്റു പ്രധാന കഥാപ്രത്രങ്ങളായി എത്തിയത്. മൂന്നു ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. 12,000 രൂപയാണ് ചെലവായത്.
നേരത്തെ ഇവർ പുനർ നിർമിച്ച ടോവിനോ തോമസ് നായകനായ 'കള' സിനിമയിലെ സംഘട്ടന രംഗവും ഹിറ്റായിരുന്നു. അടുത്തതായി ഒരു ഷോർട്ട് ഫിലിം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് സൽമാൻ മേൽമുറി പറഞ്ഞു. ചിത്രീകരണം പൂർത്തിയായ ഷോർട്ട് ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീരുന്നതോടെ PLUS POINT MEDIA എന്ന യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.