ഗൂഗ്ളിൽ ജോലിക്കായി അപേക്ഷ അയച്ചു; 39 തവണയും അപേക്ഷ തള്ളി; 40ൽ യുവാവിന്റെ ഭാഗ്യം തെളിഞ്ഞു

ഗൂഗ്ളിൽ ജോലി കിട്ടാനായി പലവട്ടം ശ്രമിച്ച് പരാജയപ്പെട്ടിട്ടും നിരാശനാകാതെ ഒടുവിൽ ലക്ഷ്യം നേടിയ യുവാവിന്റെ കഥയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം തീർക്കുന്നത്. ജോലിക്കായി ഒന്നും രണ്ടുമല്ല 39 തവണയാണ് യുവാവ് ഗൂഗ്ളിന്റെ വാതിലിൽ മുട്ടിയത്. ഓരോ തവണയും അപേക്ഷ നിരസിക്കപ്പെട്ടെങ്കിലും യുവാവ് നിരാശനായില്ല. ടൈലർ കോഹൻ എന്നാണ് ഈ സ്ഥിരോൽസാഹിയുടെ പേര്. ടൈലറുടെ സ്ഥാനത്ത് നമ്മളെ തന്നെ ഒന്ന് സങ്കൽപിച്ചു നോക്കൂ...പലപ്പോഴും ജോലിക്കായി ഒന്നോ രണ്ടോ കമ്പനികളെ സമീപിക്കുമ്പോൾ നിരാശയാണ് ഫലമെങ്കിൽ തകർന്നു പോകും നാം. അവിടെയാണ് തളരാത്ത മനസുമായി ടൈലർ വിസ്മയം തീർക്കുന്നത്.

ഗൂഗ്ളുമായി നിരന്തരം നടത്തിയ ഇ-മെയിൽ ഇടപാടുകളുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് ടൈലർ തന്റെ കഥ പങ്കുവെച്ചത്. ജൂലൈ 19നാണ് ടൈലറിന് ഗൂഗ്ൾ ജോലി നൽകിയത്.

ഗൂഗ്ളി​ലെത്തും മുമ്പ് സാൻ ഫ്രാൻസിസ്കോയിൽ ഒരു കമ്പനിയിൽ അസോസിയേറ്റ് മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു യുവാവ്. 39 തവണയാണ് തന്റെ അപേക്ഷ ഗൂഗ്ൾ തള്ളിയത്. 40 ാം തവണ അപേക്ഷ അയച്ചപ്പോൾ ജോലി ലഭിക്കുകയും ചെയ്തു.-യുവാവ് പറയുന്നു. നിമിഷനേരം കൊണ്ടാണ് യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിൽ പാട്ടായത്. 35,000 ആളുകൾ ലൈക് ചെയ്തു. 800 ലേറെ ആളുകൾ പോസ്റ്റിന് പ്രതികരണവുമായെത്തി.

2019 ആഗസ്ത് 25നാണ് ഗൂഗ്ളിൽ ജോലിക്കായി ആദ്യം അപേക്ഷ അയച്ചത്. എന്നാൽ അപേക്ഷ നിരസിക്കപ്പെട്ടു. നിരാശനാകാതെ അതേ വർഷം സെപ്റ്റംബറിൽ രണ്ടു തവണ വീണ്ടും ശ്രമം നടത്തി. അപ്പോഴും നിരാശ തന്നെയായിരുന്നു ഫലം.

ഗൂഗ്ൾ തന്നെ ജോലിക്കെടുക്കും വരെ അപേക്ഷ അയക്കുന്നത് തുടരുമെന്ന് ടൈലർ മനസിൽ ഉറപ്പിച്ചു. 39 അപേക്ഷകൾക്കൊടുവിൽ 2022 ജൂലൈ 19 ലാണ് ഗൂഗ്ൾ കണ്ണുതുറന്നത്.


''നിരന്തരപരിശ്രമത്തിനും ബുദ്ധിഭ്രമത്തിനും ഇടയില്‍ ഒരു നേര്‍ത്ത രേഖയുണ്ട്. ഇതിലേതാണ് എനിക്കുള്ളതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാന്‍. 39 തവണത്തെ തിരസ്‌കരണം, ഒരു പ്രാവശ്യത്തെ അംഗീകാരം"-ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ കോഹന്‍ കുറിച്ചു. കുറിപ്പിനു താഴെ ആമസോൺ 120 ലേറെ തവണ തന്റെ ജോലി അപേക്ഷ തള്ളിയ കാര്യം ഒരാൾ പങ്കുവെച്ചു.

Tags:    
News Summary - Man Gets Hired By Google After 39 Attempts. His Story Is Now Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.