സ്വന്തമായി ട്രെഡ്മിൽ നിർമിച്ച് വൈറലായിരിക്കുകയാണ് തെലങ്കാനയിലെ യുവാവ്. ട്രെഡ്മിലിന്‍റെ പ്രത‍്യേകത എന്താണെന്നല്ലേ!? ഈ ട്രെഡ്മിൽ വൈദ്യുതി ഇല്ലാതെയും ഓടും.
തെലങ്കാന സ്വദേശിയായ യുവാവാണ് ഈ നൂതന കണ്ടുപിടുത്തത്തിന് പിന്നിൽ. അരുൺ ഭഗവതുല എന്നയാളാണ് 45 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വാട്സ്ആപ്പിലൂടെയാണ് ദൃശ്യങ്ങൾ ലഭിച്ചത്. വീഡിയോയിലുള്ള വ്യക്തിയെ സംബന്ധിച്ച് അറിയില്ലെന്നും ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് അരുൺ പറഞ്ഞു. ഏതായാലും സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായി. നിരവധി പേരാണ് വീഡിയോക്ക് പ്രശംസകളുമായി രംഗത്തെത്തിയത്. വീഡിയോയിലുള്ള വ്യക്തിയെ കണ്ടെത്താനായിട്ടില്ല.
പൂർണമായും മരം കൊണ്ടാണ് ട്രെഡ്മിൽ നിർമിച്ചിരിക്കുന്നത്. മാർച്ച് 17ന് പങ്കുവെച്ച ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. മുറിച്ചു വെച്ച തടി കഷണങ്ങൾ കൂട്ടിച്ചേർത്ത് ട്രെഡ്മിൽ നിർമിക്കുന്നതും വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നൂതനമായ കണ്ടുപിടുത്തമാണിതെന്നും ഇത്തരം പ്രതിഭാ ശാലികളെ പ്രോത്സാഹിപ്പിക്കണമെന്നും പലരും കുറിച്ചു. അതേസമയം ഓടുക എന്നതാണ് ട്രെഡ്മിൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, ഈ ട്രെഡ്മില്ലിൽ അത് നടക്കില്ലെന്നും ചിലർ കമന്‍റ് ചെയ്തിട്ടുണ്ട്.
ഹൈദരാബാദിലെ ജിമ്മുകളിൽ ഇതിനോടകം വൈദ്യുതി രഹിത ട്രെഡ്മിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങൾ ഉയർന്നു. ഒരു ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.