ബൈറൂത്തിൽ കണ്ണ് തകർന്ന പ്രാവിന് വെള്ളം നൽകുന്ന മനുഷ്യൻ; ഇനിയും വറ്റാത്ത പ്രതീക്ഷയുടെ ദൃശ്യം

ലോകത്തെ നടുക്കിയ വൻ സ്ഫോടനത്തിന് ശേഷം ബൈറൂതിൽ നിന്ന് വേദനയുടെയും നിസ്സഹായതയുടെയും ദൃശ്യങ്ങൾ മാത്രമാണ് പുറത്തുവന്നത്. എന്നാലിതാ, സഹജീവി സ്നേഹത്തിന്‍റെ ഇനിയും വറ്റാത്ത ഉറവ പോലെ ബൈറൂതിലെ കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ നിന്നൊരു ദൃശ്യം.

സ്ഫോടനത്തിൽ പരിക്കേറ്റ് ഒരു കണ്ണ് തകർന്ന പ്രാവിന് വെള്ളം കൊടുക്കുന്നയാളുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ന്യൂയോർക് ടൈംസിന്‍റെ മിഡിൽ ഈസ്റ്റ് പ്രതിനിധിയായ വിവിയൻ യീ ആണ് നാല് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

സ്ഫോടനത്തിൽ യീക്കും പരിക്കേറ്റിരുന്നു. രണ്ട് ദിവസത്തിന് ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഈ ദൃശ്യം കണ്ടത്. സിറിയൻ പൗരനായ അബ്ദൽ സലാം എന്നയാളാണ് കുപ്പിയുടെ അടപ്പിൽ വെള്ളം നിറച്ച് പ്രാവിന് നൽകിക്കൊണ്ടിരുന്നത്. 


നൂറുകണക്കിന് ജീവനുകളെ വിദ്വേഷം തകർക്കുന്ന കാലത്ത് പ്രതീക്ഷകളുടെ പുതിയ അടയാളമായി സമൂഹമാധ്യമങ്ങൾ വിഡിയോ ഏറ്റെടുക്കുകയായിരുന്നു. 

ലെബനൻ തലസ്ഥാനമായ ബൈറൂതിൽ ചൊവ്വാഴ്ചയുണ്ടായ വൻ സ്ഫോടനത്തിൽ 150ലേറെ പേരാണ് മരിച്ചത്. 4000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.