ലണ്ടൻ: ബസ്സ്റ്റാൻഡിലെയും റെയിൽവേ സ്റ്റേഷനിലെയുമൊക്കെ തല്ല് നമുക്കത്ര പുത്തരിയല്ലല്ലോ. അപ്പോൾ പിന്നെ വിമാനത്താവളത്തിലെ കൂട്ടത്തല്ലിന് കൗതുകം കുടും. ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നടന്ന യാത്രക്കാരുടെ കൂട്ടത്തല്ലിന്‍റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകയാണ്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ നടന്ന സംഭവത്തിന്‍റെ വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. അടിപിടിയിൽ മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. 17 പേരെ ബെഡ്ഫോർഡ്ഷെയർ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ നിർഗമന ടെർമിനലിലെ ഡ്യൂട്ടി ഫ്രീ സ്ഥാപനങ്ങളുടെ മുന്നിലാണ് യാത്രക്കാർ തമ്മിലടിച്ചത്.
യാത്രക്കാരിൽ ചിലർ സംഘം ചേർന്ന് പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ചിലർ കൈയിലുണ്ടായിരുന്ന ബാഗുകളും പെട്ടികളും കൊണ്ട് എതിരാളികളെ അടിക്കുന്നതും എറിയുന്നതും കാണാമായിരുന്നു. പരസ്പരം ചവിട്ടുകയും അടിക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ അവിടെയുണ്ടായിരുന്ന മറ്റുയാത്രക്കാർ ഓടിമാറുന്നതും ചിലർ അക്രമം നിർത്താൻ ആവശ്യപ്പെടുന്നതും ചിലർ പേടിച്ച് നിലവിളിക്കുന്നതുമൊക്കെ ദൃശ്യങ്ങളിലുണ്ട്.
രണ്ടുപേർ അടിയേറ്റ് ബോധരഹിതരായി വീഴുന്നതും ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരി കട അടക്കുന്നതുമൊക്കെ കാണാം. അതേസമയം, എന്താണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന്ബെഡ്ഫോർഡ്ഷെയർ പൊലീസ് പ്രതികരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വിമാനത്താവളത്തിൽ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടിയത് അങ്ങേയറ്റം ഞെട്ടലുണ്ടാക്കിയ സംഭവമാണെന്നും ദുഃഖകരമാണെന്നും ലൂട്ടൺ വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷത്തിൽ വിഷമം അനുഭവിച്ച യാത്രക്കാരോട് മാപ്പ് ചോദിക്കുന്നു.ഇത്തരം സംഘർഷങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ല. പൊലീസിന്‍റെ അന്വേഷണവുമായി വിമാനത്താവള അധികൃതർ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.