ആളൊഴിഞ്ഞ വിമാനത്തിൽ ഹിറ്റ് സിംഹള ഗാനത്തിനൊപ്പിച്ച് ചുവടുവെക്കുന്ന എയർ ഹോസ്റ്റസിന്‍റെ വീഡിയോ വൈറലാണിപ്പോൾ. മൂന്നുദിവസം കൊണ്ട് മൂന്നുകോടിയോളം പേർ ആണ് വീഡിയോ കണ്ടിരിക്കുന്നത്. ഇന്‍റിഗോ എയർലൈൻസിലെ എയർ ഹോസ്റ്റസ് ആയത്ത് ആണ് തകർപ്പൻ ഡാൻസ് കളിച്ച് വൈറലായത്. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായി ഓടുന്ന ശ്രീലങ്കൻ ഗായിക യോഹാനി ഡിലോക ഡിസിൽവയുടെ 'മണികെ മഗെഹിതെ' എന്ന കവർ സോങിനൊപ്പമാണ് ആയത്ത് ഡാൻസ് കളിച്ചത്.
യൂനിഫോമിൽ തന്നെ ചുവടുവച്ച ആയത്തിന്‍റെ വീഡിയോ സുഹൃത്തുക്കളാണ് പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ വീഡിയോക്ക് ലൈക്കിന്‍റെയും ഷെയറിന്‍റെയും പ്രളയം ആയിരുന്നു. ആയത്തിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാത്രം 26 ലക്ഷത്തിലേറെ പേർ ലൈക്ക് ചെയ്തു. വീഡിയോ വൈറലായതോടെ ആയത്തിന്‍റെ യുട്യൂബ് ചാനലായ 'ലൈഫ് ക്യാമറ ആഫ്രീൻ (Life camera Aafreeeen!), ഇന്‍റസ്റ്റഗ്രാം അക്കൗണ്ടും സൂപ്പർ ഹിറ്റായി. മുമ്പും ആയത്തിന്‍റെ ഇൻസ്റ്റഗ്രാമിലെ വീഡിയോകൾ ഹിറ്റായിട്ടുണ്ട്. 1.45 ലക്ഷം ഫോളോവേഴ്സാണ് ആയത്തിന് ഇൻസ്റ്റയിലുള്ളത്. ഡാൻസ് വീഡിയോകളും വിനോദയാത്രയിലെ ഫോട്ടോകളും ഒക്കെയാണ് ഇതിലുള്ളത്.
ഈ വർഷം മേയിലാണ് യോഹാനിയുടെ ഡിസിൽവയുടെ കവർ സോങ് 'മണികെ മഗെഹിതെ' ഹിറ്റായത്. 2020ൽ സതീശൻ രത്നായക ഇറക്കിയ പാട്ടിന്‍റെ കവർ സോങ് ആണിത്. ഇതുവരെ എട്ടുകോടിയോളം കാഴ്ചക്കാരെ കിട്ടിയ ഗാനം ആയിരക്കണക്കിന് ഷോർട്ട് വീഡിയോകളിലും റീലുകളിലുമാണ് ഉപയോഗിക്കപ്പെട്ടത്. അത്ര മികച്ചതാണ് ഈ പാട്ടിന്‍റെ ഇമ്പവും താളവും. കവർ സോങ് പാടിയ 28കാരിയായ യോഹാനി പാട്ടെഴുത്തുകാരി, റാപ്പർ, യുട്യൂബർ, ബിസിനസുകാരി, നീന്തൽതാരം, വാട്ടർപോളോ താരം എന്നീ നിലകളിലും പ്രശസ്തയാണ്. ഗിറ്റാർ വായനയിലൂടെ സംഗീതരംഗത്തെത്തിയ യോഹാനി യു.കെ, ആസ്ത്രേലിയ എന്നിവിടങ്ങളിലെ ഉപരിപഠനത്തിനുശേഷം 2019ൽ ശ്രീലങ്കയിൽ തിരികെയെത്തിയ ശേഷമാണ് പാട്ടിന്‍റെ വഴിയിൽ താരമായത്. ടിക്ടോക് വീഡിയോകളിലൂടെയും കവർ സോങുകളിലൂടെയും കേരളത്തിലടക്കം ലക്ഷക്കണക്കിന് ആരാധകരെയാണ് യോഹാനി സ്വന്തമാക്കിയിരിക്കുന്നത്. 'മണികെ മഗെഹിതെ'യുടെ മലയാളം വേർഷനും യോഹാനി കേരളത്തിലെ ആരാധകർക്കായി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.