ഭോപാൽ: വീട്ടുമുറ്റത്തെ ഒരു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യും? എന്തായാലും കാവൽക്കാരെ നിയോഗിക്കില്ല. എന്നാൽ, മധ്യപ്രദേശിലെ ദമ്പതികൾ തങ്ങളുടെ പൂന്തോട്ടത്തിലെ രണ്ടു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ നിയോഗിച്ചത് നാലു കാവൽക്കാരെയും ആറു നായ്ക്കളെയും.
കാരണം മറ്റൊന്നല്ല, ഇവരുടെ പൂന്തോട്ടത്തിലുണ്ടായത് ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളായതാണ് അതിന്‍റെ കാരണം. ലോകത്തിലെ ഏറ്റവും വില കൂടിയതാണ് ജപ്പാനിലെ മിയാസക്കി മാങ്ങകൾ. ഇന്ത്യയിൽ അപൂർവമായി മാത്രം ലഭ്യമാകുന്ന ഈ മാങ്ങകൾക്ക് ലക്ഷങ്ങൾ വരെ വിലവരും.
ജബൽപുർ സ്വദേശിയായ സങ്കൽപ്പ് പരിഹാസിന് ചെന്നൈയിലെ ഒരു ട്രെയിൻ യാത്രക്കിടെ ഒരാൾ നൽകിയതാണ് ഈ മാവിൻ തൈകൾ. അദ്ദേഹവും ഭാര്യ റാണിയും ചേർന്ന് വീട്ടുമുറ്റത്തെ പൂേന്താട്ടത്തിൽ മാവിൻ തൈകൾ നട്ട് സംരക്ഷിച്ചുപോന്നു. സാധാരണ മാങ്ങകളാണെന്നായിരുന്നു ഇവരുടെ വിചാരം. എന്നാൽ, മരം വളർന്നതോടെ സാധാരണപോലെയായിരുന്നില്ല ഇലകൾ. അതിലുണ്ടായ മാങ്ങകളാകട്ടെ പല പ്രത്യേകതകൾ നിറഞ്ഞതും. തുടർന്ന് ദമ്പതികൾ ഈ മാങ്ങയെക്കുറിച്ച് ഗവേഷണം ആരംഭിച്ചു. എന്നാൽ, ഗവേഷണത്തിന് ശേഷം മധുരമുള്ള സമ്മാനമാണ് ലഭിച്ചിരിക്കുന്നതെന്ന് ദമ്പതികൾ തിരിച്ചറിയുകയായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാങ്ങകളിലൊന്നാണ് മിയാസക്കി മാങ്ങകൾ. അന്താരാഷ്ട്ര വിപണിയിലാണ് ഇവക്ക് ആവശ്യക്കാരേറെ. കഴിഞ്ഞവർഷം അന്താരാഷ്ട്ര വിപണിയിൽ 2.70 ലക്ഷം രൂപക്കാണ് ഇവർ മാങ്ങകൾ വിറ്റത്.
മുൻ വർഷം നിരവധി മാങ്ങകൾ ഇവിടെ മോഷണം പോയിരുന്നു. അത്യപൂർവമായ മാങ്ങയാണെന്ന വിവരം പ്രദേശത്ത് പരന്നതോടെയായിരുന്നു സംഭവം.
മാങ്ങകൾ മോഷണം പോകുന്നത് പതിവായതോടെയാണ് മാങ്ങകളുടെ സംരക്ഷണത്തിനായി നാലു കാവൽക്കാരെയും ആറു നായ്ക്കളെയും ദമ്പതികൾ നിയോഗിച്ചത്.
ഇൗ സീസണിൽ മാവുകൾ പൂവിട്ടു തുടങ്ങിയതോടെ തന്നെ ദമ്പതികൾക്ക് ഓർഡറുകളും ലഭിച്ചിരുന്നു. ഗുജറാത്ത് ആസ്ഥാനമായ ബിസനിസുകാരൻ ഒരു മാങ്ങക്ക് 21,000 രൂപ വീതം നൽകാമെന്ന് ദമ്പതികൾക്ക് വാഗ്ദാനം ചെയ്തതായി 'ദ മിന്‍റ്' റിപ്പോർട്ട് ചെയ്യുന്നു.
ഉയർന്നതോതിൽ ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ്, ആന്‍റി ഓക്സിഡന്റുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്ന മാമ്പഴമാണ് മിയാസക്കി. കാഴ്ചശക്തി വർധിപ്പിക്കാൻ ഉത്തമമാണെന്നാണ് നിഗമനം. ജപ്പാനിലെ മിയാസക്കി നഗരത്തിലാണ് ആദ്യം ഈ മാങ്ങകളുണ്ടായത്. അതിനാലാണ് മിയാസക്കി എന്ന് മാമ്പഴത്തിന് പേരിട്ടതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.