ന്യൂഡൽഹി: മഞ്ഞ് പെയ്യുന്ന മനോഹരമായ ഒരു താഴ്വരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ സ്വിറ്റ്സർലാൻഡോ കശ്മീരോ ആണെന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും ഈ പ്രദേശം അങ്ങ് അരുണാചൽ പ്രദേശിലാണ്. നാഗാലാന്‍റ് മന്ത്രിയായ ടെംജെൻ ഇമ്നയാണ് മഞ്ഞുപുതച്ചു കിടക്കുന്ന റിസോർട്ടിന്‍റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
'സ്വിറ്റ്സർലാൻഡോ കശ്മീരോ അല്ല, ഇത് അരുണാചൽ പ്രദേശിലെ അനിനിയിൽ പുതുതായി പൂർത്തിയാക്കിയ ചിഗു റിസോർട്ട് ആണ്' എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയെ മെൻഷൻ ചെയ്ത ടെംജെൻ ഇമ്ന നിങ്ങളെപ്പോഴാണ് അവിടേക്ക് എന്നെ ക്ഷണിക്കുന്നത് എന്നും ട്വീറ്റ് ചെയ്തു.
ട്വീറ്റിന് മറുപടിയായി അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും എത്തി. ഉദയ സൂര്യന്‍റെ നാട്ടിലേക്ക് നിങ്ങൾക്ക് സ്വാഗതം എന്നായിരുന്നു പേമ ഖണ്ഡുവിന്‍റെ ട്വീറ്റ്. ദിബാങ് വാലി ജില്ലയിലെ അനിനിയിലാണ് ചിഗു റിസോർട്ട് സ്ഥിതി ചെയ്യുന്നത്. അരുണാചലിന്‍റെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനായി നിരവധിപേരാണ് ഇവിടെ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.