ഓസ്കാർ പ്രഖ്യാപന വേളയിൽ ഹോളിവുഡ് താരം വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്ക്സിനെ അടിച്ച സംഭവത്തിന്റെ അലയൊലികൾ അവസാനിച്ച മട്ടില്ല. ഓസ്കർ വേദിയിൽ ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരിഹാസം വില്‍ സ്മിത്തിനെ ചൊടിപ്പിക്കുകയും അടിയിൽ കലാശിക്കുകയുമായിരുന്നു.
മികച്ച നടനുള്ള പുരസ്കാരം നേടിയ വിൽ സ്മിത്ത് തന്റെ പ്രവർത്തിയിൽ ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ ഇതേസമയം തന്നെ വിൽ സ്മിത്തിന്റെ പഴയ ഒരു വിഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയാണ്. 'മെൻ ഇൻ ബ്ലാക്ക് 3' എന്ന ചിത്രത്തിന്റെ മോസ്കോ പ്രീമിയറിന്റെ സമയത്ത് തന്നെ ചുംബിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെയാണ് വിൽ സ്മിത്ത് അടിക്കുന്നത്.
യുക്രെയ്ൻ മാധ്യമപ്രവർത്തകനായ വിറ്റാലി സെഡ്യൂകിനാണ് വിൽ സ്മിത്തിന്റെ അടികൊണ്ടത്. റെഡ്കാർപറ്റിൽ വിൽ സ്മിത്തിനെ കണ്ട വിറ്റാലി സെഡ്യൂക് ആലിംഗനം ചെയ്യുകയും ഇരുകവിളുകളിലും ചുംബിക്കുകയുമായിരുന്നു. സംഗതി ഇഷ്ടപ്പെടാതിരുന്ന വിൽ സ്മിത്ത് അയാളെ തള്ളി മാറ്റുകയും ഇടംകൈ കൊണ്ട് കവിളിൽ അടിക്കുകയുമായിരുന്നു.
'ക്ഷമിക്കണം, അവൻ എന്റെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചു'-ഇങ്ങനെ പറഞ്ഞുകൊണ്ട് നടന്നു നീങ്ങിയ വിൽ സ്മിത്തിന്റെ രംഗങ്ങൾ ക്യാമറയിൽ പതിയുന്നുണ്ടായിരുനു. അവന് നല്ല ഇടി കിട്ടാത്തത് ഭാഗ്യമെന്നും വിൽ സ്മിത്ത് പറയുന്നുണ്ടായിരുന്നു.
ഈ വർഷത്തെ ഓസ്കർ പുരസ്കാരദാന വേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് ജെയ്ഡയെ കുറിച്ച് പറഞ്ഞ തമാശയാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. നടിയും അവതാരകയും സാമൂഹിക പ്രവര്‍ത്തകയുമായ ജെയ്ഡ വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്.
1997ലെ 'ജി.ഐ ജെയിന്‍' എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. 'ജി.ഐ ജെയിന്‍ 2' ല്‍ ജെയ്ഡയെ കാണാമെന്നാണ് ക്രിസ് റോക്ക് പറഞ്ഞത്. ഇതിൽ ക്ഷുഭിതനായ സ്മിത്ത് വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിക്കുകയായിരുന്നു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായ താക്കീതും നൽകി. സംഭവത്തില്‍ വില്‍ സ്മിത്ത് ക്രിസിനോടും അക്കാദമിയോടും മാപ്പ് പറഞ്ഞു. തന്റെ തമാശ അതിരുകടന്നതിൽ ക്രിസ് റോക്കും മാപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.