കൈയിൽ കാശില്ലാതിരിക്കുേമ്പാൾ മലയാളികൾക്ക് ഒരു പാട്ടുണ്ട്-'നയാപൈസയില്ലാ കയ്യിലൊരു നയാപൈസയില്ലാ' എന്ന പാട്ട്. അതുപോലെ പാകിസ്താനിൽ പ്രചാരത്തിലുള്ള ഒരുപാട്ടാണ് സാദ് അലവിയുടെ 'ആപ് നെ ഖബ്രാനാ നഹി ഹെ' (നിങ്ങൾ പരിഭ്രാന്തരാകാതിരിക്കൂ). 'നിങ്ങൾ പരിഭ്രാന്തരാകാതിരിക്കൂ' എന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞതിനെ കളിയാക്കി പണമില്ലാത്തതിന്‍റെ വിഷമങ്ങൾ ഓരോന്നായി വിവരിച്ച് തയാറാക്കിയിരിക്കുന്ന പാട്ടാണ് ഇത്.
ഇപ്പോൾ ഇമ്രാൻ ഖാനെ കളിയാക്കുന്നതിന് ഈ പാട്ട് ഉപയോഗിച്ചിരിക്കുകയാണ് സെർബിയയിലെ പാകിസ്താൻ എംബസി. ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിയെ കളിയാക്കുന്ന ഗാനം ഔദ്യോഗിക ട്വിറ്റർ പേജിൽ സെബിയയിലെ പാക് എംബസി പങ്കുവെച്ചത്. വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയും ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ എംബസി ട്വീറ്റ് നീക്കം ചെയ്തു. 'പ്രധാനമന്ത്രി ഞങ്ങളോടു ക്ഷമിക്കണം. മറ്റു വഴികൾ ഇല്ലാത്തതുകൊണ്ട് ചെയ്തതാണ്' എന്ന ട്വീറ്റും എംബസി പോസ്റ്റ് ചെയ്തിരുന്നു.
'പണപ്പെരുപ്പം മുൻകാല റെക്കോഡുകളെല്ലാം ഭേദിച്ചിരിക്കുന്ന അവസ്ഥയിൽ, ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ എത്ര കാലം ഒന്നും മിണ്ടാതെ നിങ്ങൾക്കുവേണ്ടി പണിയെടുക്കുമെന്നാണ് ഇമ്രാൻ ഖാൻ താങ്കൾ പ്രതീക്ഷിക്കുന്നത്? ശമ്പളം ലഭിച്ചിട്ട് മൂന്ന് മാസമായി. ഫീസ് അടച്ചില്ലെങ്കിൽ ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ നിന്നും പുറത്താക്കും. ഇതാണോ പുതിയ പാകിസ്താൻ?' എന്ന കുറിപ്പോടു കൂടിയായിരുന്നു എംബസി മ്യൂസിക് വീഡിയോ പങ്കുവെച്ചത്.
ഔദ്യോഗിക പേജിൽ നിന്ന് നീക്കിയെങ്കിലും മറ്റു ചില ട്വിറ്റർ പേജുകളിൽ ഇപ്പോഴും വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ, ട്വീറ്റ് സംബന്ധിച്ച് പാക് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021 മാർച്ചിലാണ് 'ആപ് നെ ഖബ്രാനാ നഹി ഹെ' സാദ് അലവി പുറത്തിറക്കിയത്. 'സോപ്പിന് വില കൂടുകയാണെങ്കിൽ തേക്കേണ്ടതില്ല, ആട്ടക്ക് വില കൂടുകയാണെങ്കിൽ കഴിക്കേണ്ടതില്ല, മരുന്ന് വേണ്ടന്നുവെച്ച് ചികിത്സിക്കാതിരിക്കൂ, കുട്ടികളുടെ പഠനം എന്തുമായിക്കൊള്ളട്ടെ ഫീസ് അടക്കാതിരിക്കൂ' എന്നൊക്കെയാണ് പാട്ടിലെ വരികൾ. ഇതിനെല്ലാം ഇടക്ക് 'നിങ്ങൾ പരിഭ്രാന്തരാകാതിരിക്കൂ' എന്ന് ഇമ്രാൻ ഖാൻ പറയുന്നതും കാണിക്കുന്നുണ്ട്.
Ideally made in honour of @ImranKhanPTI . He must be real proud hearing this. After all this is his daily advice to all Pak folks pic.twitter.com/pvsfQiGuPA
— Maj Gen Harsha Kakar (@kakar_harsha) December 3, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.