ന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അതിർത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യക്കാർക്കൊരു സമ്മാനവുമായി പാകിസ്താൻ കലാകാരൻ. സിയാൽ ഖാൻ തന്‍റെ 'റബാബ്' ഉപയോഗിച്ച് ഇന്ത്യൻ ദേശീയഗാനം വായിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.
അതിർത്തിക്കപ്പുറത്തുള്ള തന്‍റെ ആരാധകർക്കൊരു സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. പച്ചപരവതാനി വിരിച്ച മലമുകളിലിരുന്ന് സിയാൽ ദേശീയഗാനം വായിക്കുന്നത് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. വീണക്ക് സമാനമായ ഒരു വാദ്യോപകരണമാണ് റബാബ്. പാകിസ്താൻ, അഫ്ഗാനിസ്താൻ, കശ്മീർ എന്നിവിടങ്ങളിൽ ഈ ഉപകരണം വളരെ ജനപ്രിയമാണ്.
'എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ. ഞങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും, സൗഹൃദത്തിന്‍റെയും സൂചകമായി ഇന്ത്യയുടെ ദേശീയ ഗാനം വായിക്കാൻ ശ്രമിച്ച് നോക്കി'- സിയാൽ ഖാൻ ട്വീറ്റ് ചെയ്തു.
വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനോടകം 790,000-ൽ അധികം ആളുകളാണ് വിഡിയോ കണ്ടത്. ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും നിരവധി ആളുകളാണ് സിയാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.