ബംഗളൂർ സ്വദേശിയുടെ മഴക്കൊയ്ത്താണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം തീർക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 25,000 ലിറ്റർ മഴവെള്ളമാണ് ഇദ്ദേഹം സംഭരിച്ചത്. അതും അരമണിക്കൂർ കൊണ്ട്. ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച കാപ്റ്റൻ സന്തോഷ് കെ.സിയാണ് തന്റെ മഴക്കൊയ്ത്തിന്റെ വിഡിയോ സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചത്.
''ബംഗളൂരുവിലെ മഴ. സുസ്ഥിര പ്ലാനിങ്ങിന്റെ ശക്തി. വൈകുന്നേരം പെയ്ത മഴയുടെ വെള്ളമാണിത്. 30 മിനിറ്റിനകം ഞങ്ങൾ ഏതാണ്ട് 25,000 ലിറ്റർ വെള്ളം സംഭരിച്ചു. അതിൽ 15,000 ലിറ്റർ വീട്ടാവശ്യത്തിനും 10,000 ലിറ്റർ കാർഷികാവശ്യത്തിനും ഉപയോഗിച്ചു''- എന്നു പറഞ്ഞാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.
പൈപ്പുകൾ വഴിയാണ് സ്റ്റോറേജ് ടാങ്കിലേക്ക് ഇദ്ദേഹം മഴവെള്ളം സംഭരിച്ചത്. അതിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. നെറ്റിസൺസ് കരഘോഷങ്ങളോടെയാണ് ഈ ഉദ്യമത്തെ സ്വീകരിച്ചത്.
തുടർന്ന് മഴവെള്ള സംഭരണത്തെ കുറിച്ച് നിരവധി ചോദ്യങ്ങളും പലരും ഇദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. വെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് വീട്ടാവശ്യത്തിന് ഉപയോഗിച്ചതെന്നും എന്നാൽ കാർഷികാവശ്യത്തിന് ശുദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മറുപടി നൽകി.
വീട്ടാവശ്യത്തിന് മഴ വെള്ളം സംഭരിക്കുന്നതിനുള്ള പരിപാടിയിലാണെന്നും കൂട്ടിച്ചേർത്തു. രണ്ടു ടാങ്കുകളിലായാണ് കാപ്റ്റൻ വെള്ളം സംഭരിച്ചത്. ബംഗളൂരുവിൽ ശനിയാഴ്ച പെയ്ത ശക്തമായ മഴ പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന് ഇടയാക്കിയിട്ടുണ്ട്. രാവിലെ 8.30 മുതൽ വൈകീട്ട് 8.30 വരെ 3.6 മില്ലീമീറ്റർ മഴയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.