സമൂഹമാധ്യമങ്ങളിൽ വൈറലായ പാകിസ്താനിൽ നിന്നുള്ള മീം ലേലത്തിൽ പോയത് 38 ലക്ഷം രൂപക്ക്. 'മുദാസിറുമായുള്ള സൗഹൃദം അവസാനിച്ചു' എന്ന അടിക്കുറിപ്പോടെ ആറ് വർഷം മുമ്പ് മുഹമ്മദ് ആസിഫ് റാസ റാണ എന്നയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പോസ്റ്ററാണ് പിന്നീട് തരംഗമായി മാറിയത്. ആയിരക്കണക്കിന് ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. ഇതോടെ, റാണയുടെ പോസ്റ്റ് മീം ആയി മാറുകയായിരുന്നു. ഇന്‍റർനെറ്റിലൂടെ പ്രചരിക്കുന്ന തമാശകളാണ്, പ്രധാനമായും ചിത്രങ്ങൾ, മീം എന്നറിയപ്പെടുന്നത്.
ഇത് ഓൺലൈൻ ലേലത്തിൽ 51,776 യു.എസ് ഡോളർ (ഏകദേശം 38 ലക്ഷം രൂപ) മൂല്യം വരുന്ന പുതുതലമുറ ക്രിപ്റ്റോകറൻസിയായ എതേറിയം ടോക്കണിനാണ് വിറ്റുപോയത്. ലഹോറിലും ലണ്ടനിലുമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ലേലത്തിന് പിന്നിൽ.
പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റൻവാല സ്വദേശിയാണ് മുഹമ്മദ് ആസിഫ് റാസ റാണ. ഇയാളുടെ അടുത്ത സുഹൃത്തായിരുന്നു മുദാസിർ ഇസ്മായിൽ അഹമ്മദ്. 2015ൽ പല കാരണങ്ങളാൽ ഇവർ പിണങ്ങി. അങ്ങനെ, മുദാസിറുമായുള്ള സൗഹൃദം അവസാനിപ്പിച്ചെന്ന് കാട്ടി റാണ ഫേസ്ബുക്കിൽ ഒരു ഫോട്ടോഷോപ്പ് പോസ്റ്റർ പങ്കുവെച്ചു. 'മുദാസിറുമായുള്ള സൗഹൃദം അവസാനിപ്പിച്ചു. ഇനി സൽമാനാണ് എന്‍റെ ഏറ്റവുമടുത്ത സുഹൃത്ത്' എന്നായിരുന്നു കാപ്ഷൻ. സൽമാനും റാണയും കൈപിടിച്ചു നിൽക്കുന്ന ഫോട്ടോയോടൊപ്പം മുദാസിറിന്‍റെ ചിത്രവും കൊടുത്തിരുന്നു. മുദാസിർ സ്വാർഥനും ദുരഭിമാനിയും ഒക്കെയാണെന്നായിരുന്നു വിശദീകരണം. ഇത് എല്ലാവരുടെ അറിവിലേക്കുമായി പങ്കുവെക്കുന്നുവെന്നും പോസ്റ്റിൽ പറഞ്ഞു.
ദിവസങ്ങൾ പിന്നിട്ടതോടെ റാണയുടെ പോസ്റ്റ് വൈറലായി. 56K ഷെയറാണ് ഇതിന് ഫേസ്ബുക്കിൽ ലഭിച്ചത്. മറ്റ് പല രൂപത്തിലും ഈ മീം പ്രചരിച്ചതോടെ പാകിസ്താനിലെ വൈറൽ മീമായി ഇത് മാറുകയായിരുന്നു. റാണയും മുദാസിറും ഇസ്മായിലുമെല്ലാം പ്രശസ്തരാവുകയും ചെയ്തു.
സെലബ്രിറ്റി സ്ഥാനത്തെത്തിയ യുവാക്കളുടെ നൂറുകണക്കിന് അഭിമുഖങ്ങളാണ് മാധ്യമങ്ങൾ നൽകിയത്. പോളണ്ടിൽ നിന്ന് ഇവർക്ക് വിസ ഓഫർ വരെ ലഭിച്ചിരുന്നു. ഇവരെ കഥാപാത്രങ്ങളാക്കി കാർട്ടൂണുകളും വന്നു.
കൗതുകമായ മറ്റൊരു കാര്യം, പോസ്റ്റ് വൈറലായതിന് പിന്നാലെ റാണയും ഇസ്മായിലും വീണ്ടും സുഹൃത്തുക്കളായി. 'ഇസ്മായിലും മുദാസിറും എന്‍റെ അടുത്ത സുഹൃത്തുക്കളാണ്' എന്ന് കാട്ടി റാണ വീണ്ടും പോസ്റ്റ് ഇട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.