ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപ്പാർട്ട്മെന്റിലെ ലിഫ്റ്റിൽവച്ച് കുട്ടിയെ വളർത്തുനായ് കടിച്ച് പരിക്കേൽപ്പിച്ച സംഭവം നടന്നത് കഴിഞ്ഞദിവസമാണ്. ഇതിന്റെ ഞെട്ടൽ മാറുംമുമ്പേ മറ്റൊരു സംഭവം പൻവേലിൽ നിന്ന് റിപ്പോർട്ട് ചെയ്തു. ഫുഡ് ഡെലിവറി എക്സിക്യൂട്ടീവാണ് ഇത്തവണ നായുടെ ആക്രമണത്തിന് ഇരയായത്. ലിഫ്റ്റിൽ നിന്ന് ഇറങ്ങുന്നതിനിടക്ക് സൊമാറ്റോ ഡെലിവറി ബോയിയുടെ സ്വകാര്യഭാഗം ജർമ്മൻ ഷെപ്പേർഡ് നായ് കടിച്ചുപറിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
പൻവേലിലെ ഇന്ത്യാബുൾസ് ഗ്രീൻസ് മാരിഗോൾഡ് സിഎച്ച്എസിൽ ഓഗസ്റ്റ് 29 നാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡെലിവറി എക്‌സിക്യൂട്ടീവായ നരേന്ദ്ര പെരിയാറിനാണ് കടിയേറ്റത്. ഇദ്ദേഹം ഇപ്പോൾ നവി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലിഫ്റ്റിലെ സി.സി.ടി.വിയിൽ നിന്നുള്ള ദൃശ്യങ്ങളും രക്തം വാർന്നൊഴുകുന്ന നരേന്ദ്ര പെരിയാറിന്റെ ദൃശ്യവും പ്രചരിക്കുന്ന വിഡിയോയിലുണ്ട്.
ദൃശ്യങ്ങളിൽ സൊമാറ്റോ ഡെലിവറി എക്‌സിക്യുട്ടീവ് എലിവേറ്ററിൽ നിന്ന് പുറത്തിറങ്ങുന്നതായാണുള്ളത്. ഈ സമയം ഒരാൾ നായുമായി ലിഫ്റ്റിൽ കയറാനെത്തുന്നു. നായ് ആദ്യം നരേന്ദ്രയെ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉടമ പുറകോട്ട് വലിക്കുന്നു. തുടർന്ന് ധൈര്യത്തോടെ മുന്നോട്ടുവരുന്ന നരേന്ദ്രയെ നായ് പെെട്ടന്ന് ആക്രമിക്കുകയായിരുന്നു. നായ് നരേന്ദ്രയുടെ സ്വകാര്യ ഭാഗത്താണ് കടിച്ചത്. പിന്നീട്, ഡെലിവറി എക്സിക്യൂട്ടീവ് രക്തം വാർന്ന് വേദന കൊണ്ട് കരയുന്നതും വിഡിയോയിൽ കാണാം.
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയുന്നതിന് മുമ്പ്, തന്നെ പട്ടി കടിച്ചെന്നും മാരകമായി പരിക്കേറ്റതായും പെരിയാർ മാധ്യമങ്ങളോട് പറഞ്ഞു. സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയിട്ടും വേദന മാറാത്തതിനെ തുടർന്നാണ് തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ പോയതെന്ന് അദ്ദേഹം പറഞ്ഞു.
അപ്പാർട്ട്മെന്റിലെ ലിഫ്റ്റിൽവച്ച് കുട്ടിയെ വളർത്തുനായ് കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന്റെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. ഗാസിയാബാദിലെ ചാംസ് കാസിൽ തിങ്കളാഴ്ചയാണ് സംഭവം. ഉടമയായ സ്ത്രീ നോക്കിനിൽക്കെ വളർത്തുനായ ആൺകുട്ടിയുടെ കാലിൽ കടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നായയുടെ കടിയേറ്റ് വേദനകൊണ്ട് പുളയുന്ന കുട്ടിയെ ഗൗനിക്കാൻ സ്ത്രീ തയാറായില്ല.
കുട്ടി നിൽക്കുകയായിരുന്ന ലിഫ്റ്റിലേക്ക് സ്ത്രീ വളർത്തുനായയെയും കൊണ്ട് കയറുകയായിരുന്നു. കുട്ടി ലിഫ്റ്റിന്റെ മുൻവശത്തേക്ക് നീങ്ങിയപ്പോൾ നായ കുട്ടിയുടെ കാലിൽ കടിച്ചു. സ്ത്രീ കുട്ടിയെ നോക്കികൊണ്ടുനിൽക്കുന്നതല്ലാതെ ഒന്നും പ്രതികരിക്കുന്നില്ല. പിന്നീട് സ്ത്രീ നായയെ കൊണ്ട് ലിഫ്റ്റിൽനിന്നിറങ്ങി. പുറത്തിറങ്ങുന്നതിനിടെയും നായ കുട്ടിയെ കടിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി ഗാസിയാബാദ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.