സിനിമയെ വെല്ലുന്ന രീതിയിലാണ് ഇപ്പോൾ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകൾ. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി പുതുമയുള്ള രീതിയിൽ ഇവ അവതരിപ്പിക്കുകയാണ് ഓരോ വധൂവരൻമാരുടെയും ലക്ഷ്യം. ചില ഫോട്ടോഷൂട്ടുകൾ കനത്ത വിമർശനങ്ങൾക്കും എതിർപ്പുകൾക്കും വിധേയമാകാറുമുണ്ട്. എന്നാൽ, പ്രകൃതിയിൽനിന്ന് പകർത്തിയ ഒരു 'പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്' ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. രണ്ടു മൂങ്ങകൾ കൊക്കുരുമ്മി മരച്ചില്ലയിൽ ഇരിക്കുന്നതാണ് ചിത്രങ്ങൾ.
കാമറയിലേക്ക് നോക്കിയാണ് ഇരുവരും ഇരിക്കുന്നതെന്നാണ് ഏറ്റവും കൗതുകം. ചിലത് കാൻഡിഡ് ഷോട്ടുകളായും കാണാം. ഐ.എഫ്.എസ് ഓഫിസറായ മധുമിതയാണ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. 'വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടാണെന്ന് കരുതുന്നു' -എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ ബന്ദാരയിൽനിന്ന് പകർത്തിയവയാണ് ചിത്രങ്ങൾ. അശ്വിൻ കെൻകാരെ എന്ന ഫോട്ടോഗ്രാഫർ പകർത്തിയവയാണ് ഇവ. ചിത്രങ്ങൾ ആദ്യം ഫേസ്ബുക് പേജിൽ പങ്കുവെക്കുകയും പിന്നീട് വൈറലാകുകയുമായിരുന്നു. ഐ.എഫ്.എസ് ഓഫിസർ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചതിന് പിന്നാലെ രസകരമായ കമന്റുകളുമായി നിരവധി പേരെത്തി. ഈ മൂങ്ങകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകൾ നടത്തുന്നവർ ചിത്രങ്ങളെടുക്കണമെന്നായിരുന്നു ഒരു ഉപദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.