കടയിൽ സാധനങ്ങൾ വാങ്ങാനും പരിപാടികൾ കാണാനും വരി നിന്ന് വരി നിന്ന് വയ്യാണ്ടായോ? എങ്കിൽ നിങ്ങൾക്ക് വേണ്ടി നിൽക്കാൻ ഫ്രെഡി ബെക്കിറ്റ് റെഡിയാണ്. കക്ഷി ചുമ്മാതങ്ങ് നിൽക്കില്ല, മണിക്കൂറിന് പണം കൊടുക്കണം. ഒരു ദിവസം വരിനിന്ന് ഈ ലണ്ടൻ സ്വദേശി സമ്പാദിക്കുന്ന തുക കേട്ടാൽ ഞെട്ടും.. 16,000 രൂപയാണ് എട്ടുമണിക്കൂർ ജോലി 'വരി നിൽക്കൽ' ജോലി ചെയ്ത് പ്രതിദിനം ഫ്രെഡി കീശയിലാക്കുന്നത്.
മ്യൂസിയങ്ങൾ, സ്റ്റേഡിയങ്ങൾ, തിയറ്ററുകൾ, മാളുകൾ, ഗാലറികൾ, കടകൾ, മദ്യവിൽപ്പനശാലകൾ തുടങ്ങി പലയിടത്തും വരിയോട് വരിയാണ്. വരിനിന്നാൽ 'അഭിമാനം ഇടിഞ്ഞുവീഴുമോ' എന്ന് ആശങ്കപ്പെടുന്ന സമ്പന്നരും ഏറെ നേരം നിൽക്കാൻ ആരോഗ്യമില്ലാത്ത വയോധികരുമാണ് വെസ്റ്റ് ലണ്ടനിലെ ഫുൾഹാം നിവാസിയായ ഫ്രെഡിയുടെ കസ്റ്റമേഴ്സ്. ദിവസത്തിന്റെ ഏറിയ പങ്കും ക്യൂ നിന്ന് കളയാനില്ലാത്തവരും ഫ്രെഡിയെ പോലുള്ള പ്രഫഷനൽ വരിനിൽക്കൽ തൊഴിലാളികളെ ആശ്രയിക്കുന്നു. തങ്ങൾക്കാവശ്യമുള്ളത് ലഭിക്കാൻ കൊടും തണുപ്പും കത്തുന്ന വെയിലും വകവെക്കാതെ കുത്തനെ കാത്തുനിൽക്കുന്നതിനേക്കാൾ ഭേദം കാശ് കൊടുത്ത് സേവനം തേടുന്നതാണെന്ന് ഇവർ പറയുന്നു.
ക്യൂ നിൽക്കാൻ ആളുകളിൽനിന്ന് മണിക്കൂറിന് 20 പൗണ്ടാണ് (2,034 ഇന്ത്യൻ രൂപ) ഫ്രെഡി പ്രതിഫലം കൈപ്പറ്റുന്നത്. എട്ടുമണിക്കൂറിന് 160 പൗണ്ട് അഥവാ 16,276 ഇന്ത്യൻ രൂപ ലഭിക്കും. ലണ്ടൻ സ്വദേശിയായതിനാൽ മണിക്കൂറുകളോളം വരിയിൽ നിൽക്കുന്നത് തനിക്ക് ഒരു പ്രശ്‌നമല്ലെന്ന് ഈ 31 കാരൻ പറയുന്നു. 'പക്ഷേ, ഈ ജോലിക്ക് ഒരു സന്യാസിയുടെ ക്ഷമയും ശാന്തതയും ആവശ്യമാണ്. ജനപ്രിയ പരിപാടികളിലേക്കുള്ള ടിക്കറ്റുകൾക്ക് വരി നിൽക്കുന്നതാണ് ഏറ്റവും നല്ല ജോലി. 60 പിന്നിട്ടവർക്കായി ക്രിസ്റ്റ്യൻ ഡിയർ എക്‌സിബിഷൻ ടിക്കറ്റിനുവേണ്ടി ഞാൻ എട്ട് മണിക്കൂർ ജോലി ചെയ്തിട്ടുണ്ട്. ഏകദേശം മൂന്ന് മണിക്കൂറായിരുന്നു വരി നിന്നത്. പക്ഷേ അവരുടെ ടിക്കറ്റുകൾ ശേഖരിക്കാനും അവർ വരുന്നതുവരെ കാത്തുനിൽക്കാനും കൂടുതൽ സമയമെടുത്തു. അതിനാൽ മണിക്കൂറിന് 20 പൗണ്ട് വെച്ച് പ്രതിഫലം ലഭിച്ചു' - ഫ്രെഡി 'ദി സണി'ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'തിരക്കുള്ള യുവകുടുംബങ്ങൾ മുതൽ പ്രായമായ പെൻഷൻകാർ വരെ തന്റെ ക്ലയന്റുകളിലുണ്ട്. ചിലപ്പോൾ മഞ്ഞുകാലത്ത് കൊടുംതണുപ്പിലും ഞാൻ കാത്തിരിക്കാറുണ്ട്. എന്നാൽ, വലിയ പരിപാടികളും എക്സിബിഷനുകളും നടക്കുന്ന വേനൽക്കാലമാണ് ഏറ്റവും കൂടുതൽ തിരക്കുള്ള സമയം" - അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.