ഭോപാൽ: പ്രിൻസിപ്പലിനെ ഓഫിസിൽവെച്ച് പ്രഫസർ മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പ്രഫസർക്കെതിരെ പൊലീസ് കേസെടുത്തു.
മധ്യപ്രദേശിലെ ഉജ്ജയിനിലെ ഘട്ടിയയിലുള്ള നാഗുലാൽ മാളവ്യ ഗവൺമെന്റ് കോളജിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പ്രഫസർ ബ്രഹ്മദീപ് അലുനെയാണ് പ്രിൻസിപ്പൽ ഡോ. ശേഖർ മെഡാംവറെ മർദിച്ചത്. ജനുവരി 15നായിരുന്നു ഇത്. പ്രഫസർ പ്രിൻസിപ്പലുമായി വാക്കുതർക്കത്തിലേർപ്പെടുന്നതും തുടർന്ന് അക്രമാസക്തനായി മർദിക്കുന്നതും സി.സി.ടി.വി ദൃശ്യത്തിലുണ്ട്.
ഭോപാലിൽ നിന്ന് ഉജ്ജയിനിലേക്ക് സ്ഥലംമാറി വന്നതാണ് പ്രഫസർ ബ്രഹ്മദീപ്. കോളജിൽ ഹാജരായ ശേഷം പ്രഫസർ ദിവസവും അഞ്ച് കിലോമീറ്റർ നടക്കാൻ പോകുമായിരുന്നെന്ന് പ്രിൻസിപ്പൽ പറയുന്നു. 'അധ്യാപകരുടെ കുറവ് ഉള്ളതിനാൽ ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ജനുവരി 15ന് കോളജ് വാക്സിനേഷൻ സെന്ററാക്കിയിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കാൻ ഞാൻ അദ്ദേഹത്തെ ഓഫിസിൽ വിളിച്ചുവരുത്തി. സംസാരത്തിനിടെ അദ്ദേഹം ക്ഷുഭിതനാകുകയും അസഭ്യം പറഞ്ഞശേഷം എന്നെ മർദിക്കുകയുമായിരുന്നു' -പ്രിൻസിപ്പൽ പറയുന്നു.
അതേസമയം, പ്രിൻസിപ്പൽ എല്ലാ ജീവനക്കാരോടും മോശമായിട്ടാണ് പെരുമാറുന്നതെന്നാണ് ബ്രഹ്മദീപിന്റെ ആരോപണം. 'പ്രിൻസിപ്പലിന്റെ മോശം പെരുമാറ്റം മൂലം മൂന്ന് ജീവനക്കാരാണ് കാലാവധി തികയും മുമ്പ് വിരമിക്കൽ വാങ്ങി പോയത്. എന്നെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ശേഷം അസഭ്യം പറഞ്ഞതാണ് വഴക്കിലേക്ക് നയിച്ചത്' -ബ്രഹ്മദീപ് പറയുന്നു.
\പ്രിൻസിപ്പലിന്റെ മുറിയിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ഇരുവരും തമ്മിൽ വഴക്കിടുന്നത് കാണാം. സംസാരത്തിനിടെ ക്ഷുഭിതനായി എഴുക്കേൽക്കുന്ന ബ്രഹ്മദീപ് പ്രിൻസിപ്പലിനെ അടിക്കുന്നതും മേശയിലിരിക്കുന്ന എന്തോ ഒന്ന് വലിച്ചെറിയുന്നതും പ്രിൻസിപ്പലിനെ ഭിത്തിയിൽ ചേർത്തുനിർത്തി മർദിക്കുന്നതും ബഹളം കേട്ട് പുറത്തുനിന്ന് എത്തുന്നവർ ഇരുവരെയും പിടിച്ചുമാറ്റുന്നതുമൊക്കെ വീഡിയോയിൽ കാണാം. പിന്നീട് മുറിയിൽനിന്ന് പുറത്തുപോകാൻ പ്രിൻസിപ്പൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതുകൂട്ടാക്കാതെ ബ്രഹ്മദീപ് തർക്കും തുടരുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.