തർക്കം, വാക്കേറ്റം; ബസ് കണ്ടക്ടർ യാത്രക്കാരനെ ചവിട്ടി താഴെയിട്ടു -ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ബസ് കണ്ടക്ടർ യാത്രക്കാരനെ വാഹനത്തിൽ നിന്ന് ചവിട്ടി താഴെയിട്ടു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെ.എസ്.ആർ.ടി.സി) ബസിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നട്ടെല്ലിന് പരിക്കേറ്റ യാത്രക്കാരന്‍റെ ചികിത്സാചെലവ് കര്‍ണാടക ആര്‍.ടി.സി ഏറ്റെടുത്തു.

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ ബസ് ഡിപ്പോയിലാണ് സംഭവം. വാക്കേറ്റമുണ്ടായതിന് പിന്നാലെ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു യാത്രക്കാരനെ ബസ്സിന് പുറത്തേക്ക് കണ്ടക്ടര്‍ ചവിട്ടി വീഴ്ത്തിയത്. മലർന്നുവീണ യാത്രക്കാരന്‍റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റു. റോഡിലേക്ക് തെറിച്ച് വീണ യാത്രക്കാരൻ അബോധാവസ്ഥയിലായെന്ന് കണ്ടതോടെ ബസ്സ് പുറപ്പെടാന്‍ കണ്ടക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണ കന്നഡ പുത്തൂര്‍ ഡിപ്പോയിലെ ബസ്സാണെന്നും അതേ ഡിപ്പോയിലെ കണ്ടക്ടര്‍ സുകുരാജ് റായ് ആണ് കണ്ടക്ടറെന്നും തിരിച്ചറിഞ്ഞത്.

യാത്രക്കാരൻ ബസിൽ കയറിയപ്പോൾ തന്നെ കണ്ടക്ടർ അരിശംപിടിയ്ക്കുകയും അയാളുടെ മുഖത്ത് അടിക്കുകയുമായിരുന്നു. അടുത്ത നിമിഷം അയാൾ യാത്രക്കാരനെ ചവിട്ടി താഴെയിട്ടു. താഴെവീണ യാത്രക്കാരനെ കണ്ടക്ടർ പരിശോധിക്കുന്നത് കാണാം. എന്നാൽ വൈറലായ ക്ലിപ്പിൽ ശബ്ദം ഇല്ലാത്തതിനാൽ ഇരുവരും തമ്മിലുള്ള സംഭാഷണം അവ്യക്തമാണ്.

കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് കര്‍ണാടക ആര്‍.ടി.സി എംഡിയും രംഗത്തെത്തി. ഇത്തരത്തിൽ മോശമായി പെരുമാറുന്ന ജീവനക്കാര്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കര്‍ണാടക ആര്‍.ടി.സി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ യാത്രക്കാരൻ അമിതമായി മദ്യപിച്ചിരുന്നെന്നും മോശം രീതിയില്‍ പെരുമാറിയെന്നും ഇതിന്‍റെ ദേഷ്യത്തിലായിരുന്നു സംഭവമെന്നും കണ്ടക്ടര്‍ സുകുരാജ് റായ് വിശദീകരിച്ചു.

Tags:    
News Summary - Shocking footage of bus conductor kicking passenger down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.