കുടിവെള്ളം നിറച്ച കുടങ്ങൾ തലയിൽ ഒന്നിനുമേൽ ഒന്നായി അട്ടിവെച്ച്, ഒറ്റവരി മുളപ്പാലത്തിലൂടെ സർക്കസിനെ വെല്ലുന്ന തരത്തിൽ യാത്ര ചെയ്താണ് ശെന്ദ്രിപ്പദ കോളനിവാസികൾ ദാഹമകറ്റിയിരുന്നത്. മഹാരാഷ്ട്ര നാസിക്കിലെ ഉൾഗ്രാമമായ ശെന്ദ്രിപ്പദയിലെ ഈ ദുരിത യാത്ര ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായി. അതോടെ മുഖ്യമന്ത്രിയുടെ മകനും മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയുമായ ആദിത്യ താക്കറെ ഇടപെട്ടു. കോളനിയിലേക്ക് നിർമിച്ച പുതിയ ഇരുമ്പ് പാലത്തിന്‍റെയും കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം കഴിഞ്ഞ ദിവസം അദ്ദേഹം നിർവഹിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രം കണ്ടാണ് ഈ കുടുംബങ്ങളുടെ ദുരിതം അറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ പ്രദേശത്തെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കുമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
തലയിൽ വെള്ളം നിറച്ച ലോഹ പാത്രങ്ങൾ ചുമന്ന സ്ത്രീകൾ മുളങ്കാൽ ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക പാലത്തിലൂടെ നടന്ന് അരുവി മുറിച്ചുകടക്കുന്നതിന്റെ ചിത്രങ്ങളാണ് മുമ്പ് പ്രചരിച്ചിരുന്നത്. ഈ ചിത്രവും പുതിയ ഇരുമ്പ് പാലത്തിന്റെ ചിത്രവും മന്ത്രി ട്വിറ്ററിൽ പങ്കുവച്ചു.
കോളനിയിൽ ജലസ്രോതസ്സ് ഉണ്ടെങ്കിലും മലിനമാണ്. ഇതിനാലാണ് ശുദ്ധജലത്തിനായി പ്രദേശവാസികൾക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നത്. നാസിക്കിലെ ത്രയംബകേശ്വറിൽ ഖർഷേത്-ശേന്ദ്രിപദ മലനിരകൾക്കിടയിൽ പാലം നിർമ്മിക്കുമെന്നും മൂന്ന് മാസത്തിനുളളിൽ എല്ലാ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കുമെന്നും ആദിത്യ താക്കറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.