കൊല്ലം: 'സമ്പന്നനായിട്ടൊന്നുമില്ല, പക്ഷേ ആ കടം ഉപ്പാക്ക് പരലോകത്ത് ഭാരമാകരുത്, ഇന്നത്തെ മൂല്യത്തിനനുസരിച്ച് എത്രയാണോ പറയുന്നത് അത് കൊടുക്കും...' 30 വർഷം മുമ്പ് ഉപ്പാക്ക് കടം നൽകിയ ആളെ കണ്ടെത്താനായി പരസ്യം നൽകിയ മകന്റെ വാക്കുകളാണിത്.
പെരുമാതുറ മാടൻവിള പുളിമൂട്ടിൽ അബ്ദുല്ലയുടെ (ഹബീബുല്ല) രണ്ടാമത്തെ മകൻ നാസറാണ് തിങ്കളാഴ്ച പത്രപരസ്യം നൽകിയത്. 'എന്റെ പിതാവ്, അബ്ദുല്ല 30 വർഷത്തിനു മുമ്പ് ഗൾഫിൽവെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ പക്കൽനിന്ന് കടമായി വാങ്ങിയ തുക തിരികെ നൽകാനുണ്ട്. അദ്ദേഹമോ അനുജൻ ബേബിയോ ഈ പരസ്യം ശ്രദ്ധയിൽപെട്ടാൽ ഉടൻ ബന്ധപ്പെടുക...' എന്നായിരുന്നു വാചകം.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യം വൈറലായതോടെ രാവിലെ മുതൽ നിരവധി കോളുകളാണ് നാസറിനെ തേടിയെത്തിയത്. വൈകുന്നേരത്തോടെ ലൂസസിന്റെ മകൾ വിളിച്ചതോടെ വർഷങ്ങളുടെ കാത്തിരിപ്പിന് പരിസമാപ്തിയായി.
കഥ ഇങ്ങനെ: 1978 ലാണ് അബ്ദുല്ല ജോലി തേടി ദുബൈയിൽ എത്തിയത്. ജോലി കിട്ടാതെ കഴിച്ചുകൂട്ടിയ ദിനങ്ങളിലാണ് ലൂസസ് സഹായിച്ചത്. പിന്നീട് എമിറേറ്റ്സിന്റെ വിവിധ ഭാഗങ്ങളിലേക്ക് അബ്ദുല്ല ജോലിക്കായി പോയി. 12 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി. നാട്ടിൽ ചെറിയ ജോലികൾ ചെയ്ത് ജീവിതം മുന്നോട്ട് നയിച്ചു. ഒന്നരവർഷം മുമ്പാണ് നാസറിനോട് ഗൾഫിൽവെച്ച് സാമ്പത്തിക സഹായം നൽകിയ ആളെക്കുറിച്ച് പറഞ്ഞത്.
അന്ന് ഗൾഫിൽ ഒപ്പമുണ്ടായിരുന്ന പെരുംകുഴി സ്വദേശി റഷീദിൽനിന്നാണ് ലൂസിസ് കൊല്ലം സ്വദേശിയാണെന്ന് അറിയുന്നത്. തുടർന്ന് പത്രപരസ്യം നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. ആറു മാസം മുമ്പ് സമൂഹമാധ്യമങ്ങൾ വഴി അന്വേഷണം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ജനുവരി 23 ന് അബ്ദുല്ല മരിച്ചു. അന്ന് അദ്ദേഹത്തിന്റെ ഏഴ് മക്കളും ചേർന്ന് തീരുമാനമെടുത്തു. ഉപ്പയുടെ ആഗ്രഹം സഫലമാക്കുക. ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വീണ്ടും പരസ്യം നൽകിയത്.
തിങ്കളാഴ്ച വൈകുന്നേരം കൊല്ലം പാരിപ്പള്ളിയിൽനിന്ന് ലൂസിസിന്റെ മകളെന്ന് പരിചയപ്പെടുത്തി വിളിവന്നു. പപ്പയുടെ ചിത്രം അയച്ചു തരണമെന്നും ഉറപ്പാക്കിയശേഷം കടം വീട്ടാമെന്നും നാസർ പറഞ്ഞു. സന്തോഷകരമായ നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് നാസർ. ഖദീജ ബീവിയാണ് അബ്ദുല്ലയുടെ ഭാര്യ. നിസാർ, നവാസ്, ഷാജഹാൻ, മുജീബ് റഹ്മാൻ, അംജദ്ഖാൻ, നുജുമുദീൻ എന്നിവരാണ് മറ്റ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.